മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് ചില്ലിൽ അടിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെതിരെ വധശ്രമക്കുറ്റം ചുമത്തി; കാറിന് മുന്നിൽ കരിങ്കൊടിയുമായി ചാടിയത് അൺ ഓർഗനൈസ്ഡ് എംപ്ളോയിസ് കോൺഗ്രസ് എറണാകുളം ബ്ലോക്ക് സെക്രട്ടറി രവിപുരം പനന്താനംവീട്ടിൽ സോണി ജോർജ്, കീഴ്പെടുത്താനുള്ള ശ്രമത്തിനിടെ പൊലീസുകാരനായ അരുൺകുമാറിന്റെ വലതുകൈയിലെ വിരലൊടിഞ്ഞു

കാക്കനാട് കമ്മ്യൂണിറ്റി ഹാളിന് സമീപത്തുവച്ച് മുഖ്യമന്ത്രിയുടെ കാർ തടഞ്ഞ് ചില്ലിൽ അടിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനെ വധശ്രമക്കുറ്റം ചുമത്തി റിമാൻഡ് ചെയ്തതായി റിപ്പോർട്ട്. അൺ ഓർഗനൈസ്ഡ് എംപ്ളോയിസ് കോൺഗ്രസ് എറണാകുളം ബ്ലോക്ക് സെക്രട്ടറി രവിപുരം പനന്താനംവീട്ടിൽ സോണി ജോർജാണ് (25) മുഖ്യമന്ത്രിയുടെ കാറിന് മുന്നിൽ കരിങ്കൊടി കാട്ടി ചാടിയത്. ലുങ്കിയും കളർഷർട്ടും ധരിച്ചെത്തി കാത്തുനിന്നാണ് പൊലീസുകാരെ കബളിപ്പിച്ചിരുന്നത്. ഇയ്യാളെ കീഴ്പെടുത്താനുള്ള ശ്രമത്തിനിടെ തൃപ്പുണിത്തുറ എ.ആർ. ക്യാമ്പിലെ പൊലീസുകാരനായ അരുൺകുമാറിന്റെ വലതുകൈയിലെ വിരലൊടിയുകയുണ്ടായി.
ജില്ലാ ഗവ.പ്രസിലെ പുതിയ സി.ടി.പി യൂണിറ്റ് ഉദ്ഘാടനം ചെയ്ത് മടങ്ങവേ ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് സംഭവം നടന്നത്. കിയ കാർണിവൽ കാറിൽ മുഖ്യമന്ത്രി ഇരുന്ന ഭാഗത്തെ ചില്ലിലാണ് ഇവർ അടിച്ചത്. സ്വർണക്കടത്ത് കേസിൽ ആരോപണ വിധേയനായ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം നടത്തിയത്. ഇതടക്കം, ജില്ലയിൽ വിവിധ ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിക്കെതിരെ മൂന്നിടത്ത് യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. മൊത്തം ഇരുപതോളം പേർ അറസ്റ്റിലായിരുന്നു. സോണി ഒഴികെ ബാക്കിയെല്ലാവരെയും വിട്ടയയ്ക്കുകയുണ്ടായി.
അതേസമയം രാവിലെ 10.30 ഓടെ ദേശീയപാതയിൽ ആലുവ കമ്പനിപ്പടി ഭാഗത്തായിരുന്നു ആദ്യപ്രതിഷേധം നടന്നത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി. ആന്റുവിന്റെ നേതൃത്വത്തിൽ നാല് പേരാണ് കരിങ്കൊടി വീശിയതെങ്കിലും ജില്ലാ സെക്രട്ടറി രാജേഷ് പുത്തനങ്ങാടി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സിറാജ് ചേനക്കര എന്നിവരെ മാത്രമാണ് അറസ്റ്റ് ചെയ്യാൻ കഴിഞ്ഞത്. കാക്കനാട് ഗവ. പ്രസിലെ പരിപാടി കഴിഞ്ഞ് മടങ്ങവേ നോർത്ത് കളമശേരിയിൽ ഉച്ചയ്ക്ക് ഒരു മണിയോടെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗമുൾപ്പെടെയുള്ളവരെയാണ് അറസ്റ്റുചെയ്തു നീക്കിയത്.
https://www.facebook.com/Malayalivartha