പ്രതീക്ഷ വിഫലമായി; തിരുവനന്തപുരത്തു കാണാതായ മക്കാവോ പക്ഷി ഉടമയുടെ കൈപ്പാടകലെ നിന്നും പറന്നകന്നു

തിരുവനന്തപുരത്തു നിന്നും കാണാതായ ‘ഓമന പക്ഷിയെ തേടി പത്തനംതിട്ടയിൽ എത്തിയ മലയിൽകീഴ് സ്വദേശി ശബരിനാഥിന്റെയും സംഘത്തിന്റെയും പരിശ്രമങ്ങൾ ഒരു കൈപ്പാടകലെ പറന്നുപോയി. ഒരു ദിവസം മുഴുവൻ നഗരത്തിന്റെ പലഭാഗത്തും തിരഞ്ഞെങ്കിലും മക്കാവോയെപ്പറ്റി കാര്യമായ സൂചനകൾ ലഭിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം പത്രത്തിൽ ഇതു സംബന്ധിച്ച വാർത്ത ശ്രദ്ധയിൽപെട്ട മലയാലപ്പുഴ സ്വദേശി പക്ഷി മലയാലപ്പുഴ ഹൈസ്കൂളിന് സമീപം ഉണ്ടെന്ന് അറിയിക്കുകയായിരുന്നു. ശബരിനാഥും സംഘവും മലയാലപ്പുഴയിൽ എത്തുകയും മക്കാവോയെ നേരിൽ കാണുകയും ചെയ്തു. എങ്കിലും മരത്തിനു മുകളിൽ ഇരുന്ന പക്ഷിയെ പിടിക്കാനായി അതിന്റെ തൊട്ടടുത്തുവരെ എത്തിയപ്പോഴേക്കും പക്ഷി സമീപത്തെ റബർ തോട്ടത്തിലേക്ക് പറന്നുപോകുകയായിരുന്നു.
ഇതോടെ രാത്രി വൈകിയതിനാലും റബർതോട്ടം വിശാലമായതിനാലും പക്ഷിക്കുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന് നാളെ വീണ്ടും തിരച്ചിൽ നടത്താമെന്നും പക്ഷിയെ കണ്ടെത്തിയാൽ വിവരം അറിയിക്കാമെന്നുമുള്ള സ്ഥലവാസികളുടെ ഉറപ്പിനെ തുടർന്നാണ് ഇന്നലെ രാത്രി ശബരിനാഥും സംഘവും തിരുവനന്തപുരത്തേക്ക് മടങ്ങിയത്.
20ന് കാണാതായ മക്കാവോ പക്ഷിയെ തിരഞ്ഞാണ് തിരുവനന്തപുരം സ്വദേശികൾ നഗരത്തിൽ എത്തിയത്. തന്റെ വീട്ടിലെ കൂട് തുറന്ന് പക്ഷിയെ കാണാതായ വിവരം പത്രത്തിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ശബരിനാഥ് പങ്കുവെച്ചത് വലിയ വാർത്തയായിരുന്നു. പിന്നാലെ ഈ അറിയിപ്പ് കാണാനിടയായ പത്തനംതിട്ട സ്വദേശി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സെന്റ് പീറ്റേഴ്സ് ജംക്‌ഷന് സമീപത്തെ വീട്ടിൽ ഇവർ എത്തുകയായിരുന്നു.
https://www.facebook.com/Malayalivartha