ഇത്രയും പ്രതീക്ഷിച്ചില്ല... മനോരമന്യൂസ് കോണ്‍ക്ലേവില്‍ എന്തും പറയാമോ ചര്‍ച്ചയില്‍ ചാനലുകാര്‍ക്കെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍; ചാനല്‍ ചര്‍ച്ചകള്‍ നിര്‍ത്തിയാല്‍ പകുതി സമാധാനം; മൂന്നു ചാനലുകള്‍ എനിക്കെതിരെ ചര്‍ച്ച നടത്തി; അവസാനം ലൈവ് മതിയാക്കി

മനോരമ വേദിയില്‍ ഉള്ളത് തുറന്ന് പറഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കോണ്‍ക്ലേവില്‍ നടന്ന രാഷ്ട്രീയ സംവാദത്തിലാണ് മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്. ചാനല്‍ ചര്‍ച്ചകള്‍ നടത്തിയാല്‍ പകുതി ആശ്വാസമെന്നാണ് കാനം പറഞ്ഞത്. അവിടെയിരുന്ന മനോരമ വിളിച്ചു വരുത്തിയ പ്രേക്ഷകര്‍ കൈയ്യടിച്ചതോടെ കാനം ആവേശത്തിലായി. മനോരമന്യൂസ് കോണ്‍ക്ലേവ് 2022 ലെ 'എന്തും പറയാമോ' സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.കെ.രമയ്‌ക്കെതിരായ എം.എം.മണിയുടെ പരാമര്‍ശത്തില്‍ മാധ്യമങ്ങള്‍ ചര്‍ച്ച നടത്തിയതിനെയാണ് കാനം വിമര്‍ശിച്ചത്. സ്പീക്കറാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് താന്‍ പറഞ്ഞു. ഇതിന്റെ പേരില്‍ മൂന്നു ചാനലുകള്‍ തനിക്കെതിരെ ചര്‍ച്ച നടത്തി. ഒടുവില്‍ താന്‍ പറഞ്ഞത് ശരിയായെന്നും കാനം കൂട്ടിച്ചേര്‍ത്തു.
ഭരണകക്ഷിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ വിയോജിപ്പുകള്‍ ഉണ്ടായാല്‍ മുന്നണിക്കുള്ളിലാണ് പ്രകടിപ്പിക്കുക. പ്രതിപക്ഷം പറയുന്നതിനെല്ലാം അവര്‍ക്കൊപ്പം നിന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുക സിപിഐയുടെ നയമല്ല. എല്‍ഡിഎഫിലെ പ്രധാന ഘടകകക്ഷിയെന്ന നിലയില്‍ തിരുത്തേണ്ട കാര്യങ്ങള്‍ സിപിഐ മുന്നണിക്കുള്ളിലാണ് സംസാരിക്കുക. അത് നടത്താന്‍ സാധിക്കാതെ വന്നാല്‍ പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും കാനം പറഞ്ഞു.
സൃഷ്ടിപരമായ വിമര്‍ശനം നടത്തേണ്ടതിന് പകരം സര്‍ക്കാര്‍ ചെയ്യുന്നതിനെയെല്ലാം എതിര്‍ക്കുക എന്ന ഒറ്റനയമാണ് പ്രതിപക്ഷം നിലവില്‍ ചെയ്യുന്നത്. ഇത് ശരിയായ സ്ഥിതിയല്ലെന്നും ഇതിലൂടെ നെഗറ്റീവായ രാഷ്ട്രീയമാണ് പുറത്തേക്ക് പ്രകടമാകുന്നതെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കാനവും പ്രതിപക്ഷ നേതാവ് വിഡി സതീശനും കേന്ദ്രമന്ത്രി വി മുരളീധരനും ചാനലുകള്‍ക്കെതിരെ കത്തി കയിറിയപ്പോള്‍ മനോരമ ന്യൂസ് ലൈവ് നിര്‍ത്തി പരസ്യത്തിലേക്ക് പോയി.
അതേസമയം രാജ്യത്തെ വിവിധ സംസ്‌കാരങ്ങളെയും കാഴ്ചപ്പാടുകളെയും തള്ളിക്കളഞ്ഞ് ഏകശിലാ സംസ്‌കാരം അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും കോണ്‍ക്ലേവില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു.
മതമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പൗരത്വം അനുവദിക്കപ്പെട്ടത് വൈവിധ്യങ്ങളെ ഉള്‍ക്കൊള്ളുകയെന്ന വിശാല കാഴ്ചപ്പാടിലാണെന്നു പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഇന്നു വൈവിധ്യങ്ങളെ തള്ളിക്കളയുകയെന്ന പ്രതിലോമകരമായ നിലപാടിലേക്കു രാജ്യം എത്തിപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ നിലനില്‍പിനു ഭീഷണിയുള്ള സാഹചര്യമാണിത്.
മതനിരപേക്ഷമല്ലാത്ത രാജ്യങ്ങള്‍ വംശീയതയാലും വര്‍ഗീയതയാലും ഭിന്നിച്ചു ചേരിതിരിഞ്ഞു നശിക്കും. ഭരണഘടനയും ഫെഡറലിസവും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. നിലവിലെ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഭരണഘടനയില്ലാതെ സ്വാതന്ത്ര്യമില്ല. ജനാധിപത്യവും ഫെഡറലിസവും മതനിരപേക്ഷതയുമില്ലാതെ രാജ്യത്തിനു മുന്നോട്ടുപോകാനാവില്ലെന്നും അദ്ദേഹം പറഞ്ഞു
ഏക മതം, ഏക ഭാഷ, ഏക സംസ്‌കാരം അടിച്ചേല്‍പിക്കുന്നവര്‍ നമ്മുടെ ഒരുമ തകര്‍ക്കാനാണു നോക്കുന്നതെന്നും അവര്‍ ഇന്ത്യയുടെ ശത്രുക്കളാണെന്നും എം.കെ.സ്റ്റാലിന്‍ പറഞ്ഞു. ഇന്ത്യ ഒട്ടേറെ ഭാഷകളുടെ നാടാണ്; പൊതുഭാഷ സാധ്യമല്ല. ഒരു ഭാഷ അധികാരത്തിന്റെ ഭാഷയാകുമ്പോള്‍ പ്രാദേശിക ഭാഷകള്‍ ദുര്‍ബലമാകും. ഒരു സംസ്‌കാരമല്ല ഇന്ത്യയില്‍. ഓരോ സംസ്ഥാനവും വ്യത്യസ്തമാണെന്നും സ്റ്റാലിന്‍ പറഞ്ഞു.
"
https://www.facebook.com/Malayalivartha



























