പന്തളത്ത് വൻ ലഹരിവേട്ട; യുവതി അടങ്ങുന്ന സംഘം പിടിയിൽ: മുറിയിൽ നിന്ന് കണ്ടെടുത്തത് ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന എംഡിഎംഎയും, മുളക് സ്പ്രേ, കഞ്ചാവ്, ഗർഭനിരോധന ഉറകൾ എന്നിവ...

തെക്കൻ കേരളത്തിലെ ഏറ്റവും വലിയ ലഹരിവേട്ട പന്തളത്ത്. കഴിഞ്ഞ ദിവസമാണ് എംഡിഎംഎ കച്ചവടം നടത്തുന്നതിനിടെ യുവതി അടക്കം അഞ്ചംഗ സംഘം പോലീസ് പിടിയിലായത്. അടൂര്‍ പറക്കോട് സ്വദേശി രാഹുൽ (29), കൊല്ലം കുന്നിക്കോട് സ്വദേശിനി ഷാഹിന (23), പള്ളിക്കല്‍ പെരിങ്ങനാട് സ്വദേശി ആര്യൻ (21), പന്തളം കുടശനാട് സ്വദേശി വിധു കൃഷ്ണന്‍(20), കൊടുമണ്‍ സ്വദേശി സജിന്‍ (20) എന്നിവരാണ് പിടിയിലായത്. നഗരത്തിലെ ഹോട്ടലിൽ നിന്നാണ് ഇവരെ പിടികൂടിയത്. പ്രതികൾ വിൽപന നടത്തുന്ന വില കണക്കാക്കിയാൽ ഒന്നരക്കോടിയോളം രൂപ വിലമതിക്കുമെന്നാണ് പോലീസ് പറയുന്നത്.
ഇവർ ഉപയോഗിച്ചിരുന്ന 9 മൊബൈൽ ഫോണുകളും 2 കാറുകളും ബൈക്കും പെൻ ഡ്രൈവും പൊലീസ് കസ്റ്റഡിയിൽ എടുത്തു. മണികണ്ഠന്‍ ആല്‍ത്തറയ്ക്ക് സമീപമുള്ള ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച് വരികയായിരുന്ന രാഹുല്‍, ഷാഹിന, ആര്യന്‍ എന്നിവരാണ് ആദ്യം പിടിയിലായത്. ഇവിടെ നിന്ന് നാല് ഗ്രാം എം.ഡി.എം.എ. മാത്രമാണ് പോലീസിന് ലഭിച്ചത്. ഒപ്പം തന്നെ 50 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ഇവരുടെ ഫോണില്‍ നിന്ന് സംഘാംഗങ്ങളായ മറ്റു രണ്ട് പേരെ ഹോട്ടല്‍മുറിയിലേക്ക് പോലീസ് തന്ത്രപൂര്‍വം വിളിച്ചുവരുത്തുകയായിരുന്നു. എം.ഡി.എം.എയുമായി വരണമെന്ന് ഇവര്‍ക്ക് നിർദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്ന് വിധു കൃഷ്ണന്‍, സജിന്‍ എന്നിവര്‍ മയക്കുമരുന്നുമായി ഹോട്ടല്‍ മുറിയിലെത്തുകയായിരുന്നു. ഇവരുടെ കൈവശം 150 ഗ്രാം എം.ഡി.എം.എ. ഉണ്ടായിരുന്നു. തുടർന്ന് ഇവരെയും പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുളക് സ്പ്രേ, കഞ്ചാവ്, ഗർഭനിരോധന ഉറകൾ എന്നിവയും ഇവരിൽ നിന്നു കണ്ടെടുത്തു.പ്രതികളിൽ ഷാഹിനയും രാഹുലും വെള്ളിയാഴ്ച രാവിലെയാണ് ഹോട്ടലിൽ മുറിയെടുത്തത്. പിന്നീട് വിധുവും മറ്റുള്ളവരും ഇവിടെയെത്തി. ഇതു സംബന്ധിച്ചു പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ, ഡിസ്ട്രിക്ട് ആന്റി നർകോട്ടിക്സ് സ്പെഷൽ ആക്‌ഷൻ ഫോഴ്സ് സംഘം ഹോട്ടൽ വളഞ്ഞ് പ്രതികളെ പിടികൂടുകയുമായിരുന്നു.
ജില്ലാ പൊലീസ് മേധാവിയുടെ ഡാന്‍സാഫ് ടീമിന്റെ നേത്യത്വത്തിൽ നടത്തിയ റെയിഡിലാണ് സംഘം പിടിയിലായത്. ജില്ലാ നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.എ.വിദ്യാധരൻ, അടൂർ ഡിവൈഎസ്പി ആർ.ബിനു എന്നിവർ നേതൃത്വം നൽകി. ഡാൻസാഫ് സംഘത്തിലെ എസ്‌ഐ അജി സാമുവൽ, എഎസ്ഐ അജികുമാർ, സിപിഒമാരായ മിഥുൻ ജോസ്, ശ്രീരാജ്, അഖിൽ, ബിനു, സുജിത്, വനിതാ പൊലീസ് ഇൻസ്പെക്ടർ ലീലാമ്മ, പന്തളം പൊലീസിലെ എസ്ഐമാരായ ബി.എസ്.ശ്രീജിത്ത്, എച്ച്.നജീബ്, സിപിഒമാരായ എസ്.അൻവർഷ, രാജേഷ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
പിടിയിലായവരെല്ലാം മയക്കുമരുന്നിന്റെ കാരിയര്‍മാരാണ്. ബംഗളൂരുവില്‍ നിന്നാണ് എംഡിഎംഎ എത്തിച്ചതെന്ന് പിടിയിലായവർ പറഞ്ഞു. എസ്എച്ച്ഒ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിൽ തുടർ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി നിർദ്ദേശം.
https://www.facebook.com/Malayalivartha



























