എരുമേലിയിൽ ഉരുള്‍പൊട്ടല്‍; 1500 കോഴികള്‍ ഒലിച്ചുപോയി; വ്യാപക നാശനഷ്ടംസംഭവിച്ചതായി റിപ്പോർട്ട്; ജാഗ്രത നിർദ്ദേശം

കോട്ടയം ജില്ലയിലെ എരുമേലിയിൽ കനത്ത മഴ തുടരുന്നു. ഇതിനിടയിൽ എരുമേലി തുമരംപാറയിലെ ഉരുള്‍പൊട്ടലിൽ വന്‍നാശനഷ്ടം സംഭവിച്ചതായി റിപ്പോർട്ട്. ഇവിടത്തെ ഒന്‍പതും പത്തും വാര്‍ഡുകളിലെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. തുമരംപാറ മേഖലയില്‍ മലവെള്ളപ്പാച്ചിലാണ്. തുമരംപുഴയില്‍ ജലനിരപ്പ് ഉയരുകയും, സമീപത്തെ റോഡുകളില്‍ വെള്ളം കയറുകയും ചെയ്യ്തു.
കൊപ്പം തോട് കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് സമീപത്തെ വീടുകളിലും കിണറുകളിലും വെള്ളം കയറി. മാത്രമല്ല കൃഷിയും വ്യാപകമായി നശിച്ചു. കൊപ്പം തുമരംപാറ റോഡില്‍ പലസ്ഥലത്തും റോഡിന്റെയും തോടിന്റെയും സംരക്ഷണ ഭിത്തി തകര്‍ന്നു.
അതേസമയം മുട്ടപ്പള്ളി 35 മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. കനത്ത മഴയെ തുടർന്ന് മണിമലയാറ്റിലും, പമ്പ നദിയിലും, അഴുത നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പറപ്പള്ളില്‍ ദീപുവിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമില്‍ വെള്ളം കയറി. ഇതോടെ 1500 കോഴികളും കാലിത്തീറ്റകളും ഒഴുകിപ്പോയി. ഇവരുടെ സമീപ വീടിന്റെ ഭിത്തി തകര്‍ന്നു. റോഡുകളില്‍ മുഴുവന്‍ വെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും അടിഞ്ഞിരിക്കുകയാണ്.
ഇതേതുടർന്ന് തീരപ്രദേശത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം പുറപ്പെടുവിച്ചു. കൂടാതെ എരുമേലി മുണ്ടക്കയം സംസ്ഥാനപാത വെള്ളത്തിനടിയിലായി ഗതാഗതം തടസ്സപ്പെടുകയും, ഇവിടെയുള്ള പലരുടെയും വീട്ടുപകരണങ്ങള്‍ തോട്ടിലൂടെ ഒഴുകി പോകുകയും ചെയ്യ്തു. വിലങ്ങുപാറ റോട്ടറി ക്ലബ് ഭാഗത്ത് റോഡ് വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് തോടിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് റോഡില്‍ വെള്ളം രണ്ടടിയോളം ഉയര്‍ന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha