തുടരെ..തുടരെ അഴിച്ചുപണി... പുതിയ കസേരയും ഉറച്ചില്ല; ഇരിക്കും മുമ്പേ ഖോസ തെറിച്ചു; പഞ്ചാബിലേക്കു മടങ്ങുന്നു, നടക്കുന്ന അഴിച്ചുപണിയില്‍ സിവില്‍സര്‍വീസുകാര്‍ അസ്വസ്‌ഥര്‍... ഐ.എ.എസ്, ഐ.പി.എസ്. ഉദ്യോഗസ്‌ഥര്‍ കേന്ദ്രത്തിലേക്കും ഇതരസംസ്‌ഥാനങ്ങളിലേക്കും ഡെപ്യൂട്ടേഷന് അനുമതി തേടി..

തിരുവനന്തപുരം മുന്‍ ജില്ലാ കലക്‌ടര്‍ നവജോത് ഖോസയ്‌ക്കു വീണ്ടും അപ്രതീക്ഷിത സ്‌ഥാനചലനം. സംസ്‌ഥാന മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്‌ടറും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായി നിയമിതയായ അവരെ പുതിയ കസേരയില്‍ ഇരിപ്പുറയ്‌ക്കും മുമ്പേ മാറ്റി. തൊഴില്‍വകുപ്പ് കമ്മിഷണറായാണു പുതിയ നിയമനം.
കോവിഡ് കാലത്ത് പി.പി.ഇ. കിറ്റുകള്‍ ഉള്‍പ്പെടെ വാങ്ങിയതുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷനെതിരേ നിരവധി ആരോപണങ്ങളുയര്‍ന്നിരുന്നു. കടലാസ് കമ്പനികള്‍ക്കു കരാര്‍ നല്‍കിയെന്നാണു പ്രധാന ആരോപണം. തൊഴില്‍വകുപ്പ് കമ്മിഷണറായിരുന്ന ഡോ. എസ്. ചിത്രയെയാണു ഖോസയ്‌ക്കു പകരം മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്‌ടറും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയുമായി നിയമിച്ചത്.
തീവ്രവാദവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഐ.ജി: അനൂപ് കുരുവിള ജോണ്‍, സുരക്ഷാവിഭാഗം ഐ.ജി: അശോക് യാദവ്, തൃശൂര്‍ കമ്മിഷണര്‍ ആര്‍. ആദിത്യ എന്നിവരും കേന്ദ്ര ഡെപ്യൂട്ടേഷനില്‍ പോകും. അനൂപ് കുരുവിള സി.ബി.ഐയിലോ റോയിലോ ആകും നിയോഗിക്കപ്പെടുക. അശോക് യാദവിനു യു.എന്നിലും ആദിത്യയ്‌ക്കു ടെക്‌നിക്കല്‍ ഇന്റലിജന്‍സ് വിഭാഗമായ എന്‍.ഡി.ആര്‍.ഒയിലും നിയമനം ലഭിച്ചേക്കും.
കേന്ദ്ര സര്‍വീസില്‍നിന്നു മടങ്ങിയെത്തിയ ഡി.ഐ.ജി: അജിതാ ബീഗം ഉപരിപഠനത്തിനു പോകുകയാണ്. പി.ആര്‍.ഡി. ഡയറക്‌ടര്‍ ജാഫര്‍ മാലിക്കിനു കുടുംബശ്രീ ഡയറക്‌ടറുടെ അധികച്ചുമതല നല്‍കി. എന്‍. ദേവീദാസാണു മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പിന്റെ പുതിയ ഡയറക്‌ടര്‍.
അന്തര്‍ സംസ്‌ഥാന ഡെപ്യൂട്ടേഷന്‍ വ്യവസ്‌ഥയില്‍ കേരളത്തില്‍ വിവിധ തസ്‌തികകളില്‍ പ്രവര്‍ത്തിക്കുന്ന ഐ.ജി, ഡി.ഐ.ജി, എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്‌ഥരെ കേന്ദ്ര സര്‍വീസിലേക്കു മടക്കിവിളിക്കും. കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് മാനേജിങ് ഡയറക്‌ടര്‍ സൂര്യാ തങ്കപ്പന്‍, ക്രൈംബ്രാഞ്ച് ഡി.ഐ.ജി: ശ്യാം സുന്ദര്‍, തിരുവനന്തപുരം റൂറല്‍ എസ്.പി: ദിവ്യ എസ്. ഗോപിനാഥ് എന്നിവര്‍ക്കാകും മാറ്റം. സൂര്യ ഒഡീഷയിലേക്കും ശ്യാം ആന്ധ്രാപ്രദേശിലേക്കും ദിവ്യ കര്‍ണാടകയിലേക്കും പോകും. ഇതനുസരിച്ച് ഐ.പി.എസ്. തലത്തിലും അഴിച്ചുപണിയുണ്ടാകും. പുതുതായി ഐ.പി.എസ്. ലഭിച്ച 28 എസ്.പിമാരുടെ നിയമനവിജ്‌ഞാപനം ഉടനുണ്ടാകും.
https://www.facebook.com/Malayalivartha