യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: സ്വർണക്കടത്ത് സംഘാംഗത്തിനെതിരെ സ്ത്രീപീഡനത്തിന് കേസെടുത്ത് പോലീസ്

കോഴിക്കോട് പന്തിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിനെതിരെ പുതിയ കേസ്. സ്വർണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് പീഡന കേസാണ് എടുത്തത്. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് പെരുവണ്ണാമൂഴി പൊലിസ് കേസെടുത്തത്.
ഇന്നലെ കസ്റ്റഡിയിൽ എടുത്ത പത്തനംതിട്ട സ്വദേശിയായ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ ഈ നടപടി. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ ചോദ്യം ചെയ്തതിൽ നിന്ന് നിർണായകമായ വിവരങ്ങൾ ലഭിച്ചെന്നാണ് സൂചന. മാത്രമല്ല വിദേശത്തുള്ള ഇവരുടെ ഭർത്താവാണ് സ്വർണക്കടത്ത് സംഘത്തിന്, തട്ടിക്കൊണ്ടു പോയ ഇർഷാദിനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്.
അതേസമയം കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിൽ ഉൾപ്പെട്ട പലരും വിദേശത്തായതാണ് അന്വേഷണത്തിൽ നേരിടുന്ന പ്രതിസന്ധി. കേസിൽ പന്തിരിക്കരയിൽ തന്നെയുള്ള ചിലരെ പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. പേരാമ്പ്ര എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നത്. ഇതേസമയം ഇർഷാദിന്റെ കുടുംബം നാളെ ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകും.
https://www.facebook.com/Malayalivartha