ഒന്നര വർഷം മുമ്പ് പ്രണയ വിവാഹം, സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച ഇരുപത്തിയൊന്നുകാരി മരിച്ചു, ഭർത്താവ് റിമാൻഡിൽ

തൃശ്ശൂരിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്‌സാന (21) ആണ് മരിച്ചത്. കരൂപടന്ന സ്വദേശി കളാംപുരക്കൽ റഹീമിന്റെ മകൾ ആണ് അഫ്‌സാന. സംഭവവുമായി ബന്ധപ്പെട്ട് അഫ്‌സാനയുടെ ഭര്‍ത്താവ് കൊറ്റംകുളം സ്വദേശി അമലിനെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
അഫ്‌സാനയുടെ മരണത്തില്‍ ബന്ധുക്കളുടെ പരാതിയിലാണ് അമലിനെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ സ്ത്രീധന പീഡന നിരോധന നിയമപ്രകാരമാണ് ഇയാള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇയാള്‍ റിമാന്‍ഡിലാണ്.ഓഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിൽ ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ വെച്ച് അഫ്‌സാന അത്മഹത്യക്ക് ശ്രമിച്ചത്.
ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സ്ത്രീധനം ആവശ്യപ്പെട്ട് അമല്‍ അഫ്‌സാനയെ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് ബന്ധുക്കളുടെ പരാതി. ഇത്തേതുടര്‍ന്നാണ് അഫ്‌സാന ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
ഒന്നര വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. മൂന്നുമാസത്തോളം അമലിന്റെ വീട്ടില്‍ താമസിച്ചിരുന്ന ഇരുവരും പിന്നീട് വീട്ടുകാരുമായി അകന്ന് മൂന്നുപീടികയിലെ ഒരു ഫ്‌ളാറ്റിലായിരുന്നു താമസിച്ചിരുന്നത്. ഫ്‌ളാറ്റില്‍ താമസിക്കുന്നതിനിടെ അമല്‍ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി സമീപവാസികളടക്കം ആരോപിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha






















