വാക്ക് പറഞ്ഞാല്‍ വാക്ക്... പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും, ആവേശത്തോടെ ബിജെപി

പറഞ്ഞ വാക്ക് പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തലസ്ഥാനത്ത് എത്തും. ബിജെപിയുടെ തിരുവനന്തപുരം കോർപ്പറേഷൻ വിജയത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്. വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ നടക്കും. വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യത.
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തലസ്ഥാനത്ത് എത്തുമ്പോൾ വിവിധ പദ്ധതികൾ നാടിന് സമർപ്പിക്കാൻ സാധ്യത. പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന പരിപാടിയിൽ വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനവും തിരുവനന്തപുരം നഗരത്തിന്റെ വികസന രേഖയും പ്രഖ്യാപിക്കും. രാവിലെ വിമാനത്താവളത്തിൽ നിന്നും പുത്തരിക്കണ്ടം മൈതാനത്തേക്കുള്ള മോദിയുടെ യാത്ര വൻ റോഡ് ഷോ ആക്കി മാറ്റാനാണ് പാർട്ടി തീരുമാനം. ഔദ്യോഗിക വേദിയിൽ അമൃത് ഭാരത് ട്രെയിനുകളുടെ ഫ്ലാഗ് ഓഫും ഇന്നവേഷൻ ടെക്നോളജി ആൻഡ് ഓൻട്രണർഷിപ്പ് ഹബ്ബിൻ്റെ തറക്കല്ലിടിലും പ്രധാനമന്ത്രി നിർവഹിക്കും. കേരളത്തിനുള്ള അതിവേഗ റെയിൽ പാതയും പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്. സിൽവർലൈനിന് ബദലായുള്ള ഇ ശ്രീധരൻ്റെ പദ്ധതിയാണ് പ്രഖ്യാപിക്കുന്നതെന്നാണ് സൂചന. ഡിപിആർ തയ്യാറാക്കുന്ന ഡിഎംആർസിക്ക് തന്നെയായിരിക്കും നിർമ്മാണച്ചുമതല.
ഔദ്യോഗിക ചടങ്ങിന് ശേഷം കോർപ്പറേഷന്റെ വികസന ബ്ലൂ പ്രിന്റ് പ്രകാശനത്തിനായി സമീപത്തെ പാർട്ടി വേദിയിൽ പ്രധാനമന്ത്രി എത്തും. 25,000ത്തിലധികം പ്രവർത്തകരെ പങ്കെടുപ്പിച്ചുള്ള പൊതുസമ്മേളനമാണ് ബിജെപി സംഘടിപ്പിക്കുന്നത്. കോർപ്പറേഷനിൽ അധികാരത്തിലേറിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രിയെ തലസ്ഥാനത്ത് കൊണ്ടുവരുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ശംഖുംമുഖം- എയർപോർട്ട് ഭാഗവും പുത്തരിക്കണ്ടം- കിഴക്കേകോട്ട ഭാഗവും നാളെയും താൽക്കാലിക റെഡ് സോണായി തുടരും. ഇന്ന് ശംഖുംമുഖം - എയർപോർട്ട് ഭാഗത്തും പുത്തരിക്കണ്ടം -കിഴക്കേകോട്ട ഭാഗത്തുമുള്ള രണ്ടു കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ/ ഡ്രോൺ ക്യാമറകൾ ഉപയോഗിക്കുന്നതും പട്ടം, ബലൂണുകൾ എന്നിവ പറത്തുന്നതും ലേസർ ബീം ലൈറ്റുകൾ എന്നിവ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്. തിരുവനന്തപുരം നഗരത്തിലേക്ക് കടന്നുവരുന്ന എല്ലാ വാഹനങ്ങളും നഗരാതിർത്തിയിൽ കർശന സുരക്ഷ പരിശോധനക്ക് വിധേയമാക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ അറിയിച്ചു.
നഗരത്തിൽ വെള്ളി രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 7 മുതൽ ഉച്ചയ്ക്ക് 2 വരെ ഡൊമസ്‌റ്റിക് എയർപോർട്ട് - ശംഖുമുഖം -ആൾസെയിന്റ്സ് - ചാക്ക – പേട്ട - പള്ളിമുക്ക് - പാറ്റൂർ - ജനറൽ ആശുപത്രി - ആശാൻ സ്ക്വയർ- രക്തസാക്ഷി മണ്ഡപം- വി ജെ ടി- മെയിൻഗേറ്റ്- സ്റ്റാച്യു- പുളിമൂട് - ആയുർവേദ കോളേജ്- ഓവർ ബ്രിഡ്ജ്- മേലെ പഴവങ്ങാടി- പവർഹൗസ് ജംഗ്ഷൻ- ചൂരക്കാട്ട്പാളയം വരെ റോഡിന്റെ ഇരുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യാൻ പാടില്ല. ശംഖുംമുഖം - ഡൊമസ്റ്റിക് എയർ പോർട്ട് -വലിയതുറ – പൊന്നറപ്പാലം -കല്ലുംമ്മൂട് - അനന്തപുരി ഹോസ്പിറ്റൽ - ഈഞ്ചയ്ക്കൽ - മിത്രാനന്ദപുരം - എസ് പി ഫോർട്ട് - ശ്രീകണ്ഠേശ്വരം പാർക്ക് - തകരപ്പറമ്പ് മേൽപ്പാലം - പവർഹൗസ് ജംഗ്ക്ഷൻ വരെയുളള റോഡിലും ചാക്ക- അനന്തപുരി ഹോസ്പിറ്റൽ റോഡിന്റെയും ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവാദമില്ല.
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള റോഡുകളിൽ പാർക്ക് പാർക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യുന്നതുൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വിവിഐപി റൂട്ട് സമയത്ത് പ്രധാന റോഡിൽ വന്നു ചേരുന്ന ഇടറോഡുകളിലെ വാഹന ഗതാഗതത്തിനും നിയന്ത്രണമേർപ്പെടുത്തും. രാവിലെ 10 മുതൽ 11 വരെയും ഉച്ചയ്ക്ക് 12 മുതൽ 1 വരെയും ഗതാഗതം വഴിതിരിച്ചുവിടും. ഡൊമസ്റ്റിക് എയർപോർട്ട് ഭാഗത്ത് നിന്നും ശംഖുമുഖം വഴി പോകുന്ന വാഹനങ്ങൾ വലിയതുറ പൊന്നറ പാലം കല്ല് മൂട് ഭാഗം വഴിയും വെട്ടുകാട്, വേളി ഭാഗങ്ങളിൽ നിന്നും ആൾസെയിന്റ്സ് വഴി പോകുന്ന വാഹനങ്ങൾ മാധവപുരം, വെൺപാലവട്ടം വഴിയും പോകണം. കഴക്കൂട്ടം ഭാഗത്ത് നിന്നും ചാക്ക വഴി തിരുവനന്തപുരം സിറ്റിയിലേക്ക് പോകുന്ന വാഹനങ്ങൾ വെൺപാലവട്ടം -കുമാരപുരം- പട്ടം -കവടിയാർ വഴി പോകേണ്ടതാണ്.
അതേസമയം ട്വന്റി 20 എൻ ഡി എയിലേക്ക് എത്തുന്നുവെന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ അണിയറ നീക്കങ്ങളുടെ കൂടുതൽ വിവരങ്ങളും പുറത്ത്. ബി ജെ പി മുന്നണിയിലേക്ക് ട്വന്റി 20 യെ എത്തിക്കാനുള്ള നിർണായക നീക്കം നടത്തിയത് ആഭ്യന്തര മന്ത്രി അമിത് ഷായാണ്. തിരുവനന്തപുരം നഗരസഭയിലെ ചരിത്ര വിജയം ആഘോഷിക്കാൻ ഷാ, അടുത്തിടെ കേരളത്തിൽ എത്തിയപ്പോൾ സാബു ജേക്കബുമായി നിർണായക കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും സാബു ജേക്കബുമായി നിരന്തരം ചർച്ച നടത്തിയിരുന്നു. ഒടുവിൽ ഇന്ന് കൊച്ചിയിൽ ഇരുവരും തമ്മിൽ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് അന്തിര തീരുമാനമുണ്ടായത്. ഇതിന് പിന്നാലെ രാജീവ് ചന്ദ്രശേഖറിനൊപ്പം വാർത്താ സമ്മേളനത്തിനെത്തിയാണ് എൻ ഡി എ മുന്നണിയിലെത്തുമെന്ന് സാബു ജേക്കബ് വ്യക്തമാക്കിയത്. ഇന്ന് തിരുവനന്തപുരത്ത് പ്രധാനമന്ത്രി എത്തുമ്പോൾ വേദിയിൽ സാബു ജേക്കബുമുണ്ടാകും. മോദിയുടെ സാന്നിധ്യത്തിലാകും ട്വന്‍റി 20 ഔദ്യോഗികമായി എൻ ഡി എ മുന്നണിയുടെ ഭാഗമാകുക.
കിഴക്കമ്പലം ആസ്ഥാനമായുള്ള ട്വന്റി 20 പാർട്ടി എൻ ഡി എയുടെ ഭാഗമാകുന്നത് എറണാകുളത്ത് ബി ജെ പിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. നിലവിൽ എറണാകുളം ജില്ലയിലെ നാല് പഞ്ചായത്തുകൾ ആണ് ട്വന്റി 20 ഭരിക്കുന്നത്. കിഴക്കമ്പലം, പൂതൃക്ക, ഐക്കരനാട്, തിരുവാണിയൂർ പഞ്ചായത്തുകളിലാണ് ട്വന്റി 20 ഭരണം നടത്തുന്നത്. കഴിഞ്ഞതവണ ഭരണം ഉണ്ടായിരുന്ന രണ്ട് പഞ്ചായത്തുകൾ ഇക്കുറി നഷ്ടമായിരുന്നു. കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകൾ ഇത്തവണ യു ഡി എഫ് പിടിച്ചെടുത്തത് ട്വന്‍റി 20 ക്ക് വലിയ ക്ഷീണമായിരുന്നു. 2020 നെ അപേക്ഷിച്ച് 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വൻ്റി 20 ക്ക് വലിയ നഷ്ടമുണ്ടായിരുന്നു. കുന്നത്തുനാട്ടിലടക്കം ചില പഞ്ചായത്തുകളിൽ യു ഡി എഫും എൽ ഡി എഫും ട്വൻ്റി 20 ക്കെതിരെ ഒന്നിച്ച് മൽസരിച്ചിരുന്നു. ഈ നീക്കത്തെ പ്രതിരോധിക്കാനാണ് ബി ജെ പി പാളയത്തിലേക്ക് പാർട്ടി എത്തുന്നതെന്നാണ് വ്യക്തമാകുന്നത്. ബി ജെ പിയാകട്ടെ കേരളത്തിൽ ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം ലക്ഷ്യമിട്ടുള്ള നീക്കത്തിലാണ്.
ബി ജെ പിക്കൊപ്പം നിന്നുള്ള പരീക്ഷണം പാളിയാൽ ട്വന്‍റി 20 എന്ന രാഷ്ട്രീയ പാർട്ടി തന്നെ അപ്രസക്തമാകും. എറണാകുളം ജില്ലയിലെ 4 പഞ്ചായത്തുകളിൽ മാത്രം ഭരണമുള്ള ഒരു ചെറിയ പാർട്ടി മാത്രമാണ് സാബു ജേക്കബിന്‍റെ ട്വന്‍റി 20. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ അപ്രതീക്ഷിത തിരിച്ചടിയോടെയാണ് ബി ജെ പി മുന്നണിയുടെ ഭാഗമാകുക മാത്രമായിരുന്നു സാബുവിന് മുന്നിലുള്ള ഏക സാധ്യത. സ്വന്തം പാർട്ടിയുടെ രാഷ്ട്രീയ നിലനിൽപ്പിന് നിയമസഭ തിരഞ്ഞെടുപ്പിൽ എറണാകുളത്തെ ഏതെങ്കിലും മണ്ഡലത്തിൽ മൽസരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.
തലസ്ഥാനഗര വികസന പദ്ധതിയുടെ പ്രഖ്യാപനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തിരുവനന്തപുരത്തെത്തും. ബി ജെ പി ഭരണം പിടിച്ച തിരുവനന്തപുരത്തിന്റ ബ്ലൂ പ്രിൻറ് വഴി മിഷൻ കേരളമാണ് ലക്ഷ്യം. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം നേടിയാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തുമെന്നായിരുന്നു ബി ജെ പിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനം. ഭരണം പിടിച്ചതിന് പിന്നാലെ വാക്ക്പാലിച്ച് എത്തുന്ന മോദിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ തലസ്ഥാനത്ത് ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. വികസിത തിരുവനന്തപുരത്തിന്‍റെ ബ്ലൂപ്രിന്റ് പ്രധാനമന്ത്രി പുറത്തിറക്കുന്നതാകും ഏറ്റവും ശ്രദ്ധേയം. കേരളത്തിൽ നിന്നുള്ള അമൃത് ഭാരത് റെയിൽ സർവീസ് അന്നേ ദിവസം പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും.
തലസ്ഥാനത്ത് പുതിയ കേന്ദ്ര പദ്ധതികൾ, സ്മാർട്ട് സിറ്റിയുടെ അടുത്തഘട്ടം, മാലിന്യ സംസ്ക്കരണത്തിനുള്ള ബൃഹദ് സംരഭം, വിഴിഞ്ഞം തുറമുഖം കണക്ട് ചെയ്തുള്ള വികസന കോറിഡോർ അടക്കം പ്ലാനിലുണ്ടെന്നാണ് സൂചന. വെള്ളിയാഴ്ച പുത്തരിക്കണ്ടം മൈതാനത്താണ് പരിപാടികൾ. ആദ്യം അമൃത് ഭാരത് സർവീസുൾപ്പടെ നാല് പുതിയ ട്രെയ്നുകളുടെ ഫ്ലാഗ് ഓഫ്. പിന്നാലെയാണ് ബി ജെ പിയുടെ പൊതുസമ്മേളനം. പൊതുസമ്മേളനം വമ്പൻ വിജയമാകുമെന്ന് ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എസ് സുരേഷ് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയികളെ മോദി അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിക്ക് മുമ്പേയെത്തിയ അമിത് ഷാ സംസ്ഥാന ബി ജെ പിക്ക് മുന്നിൽ വച്ചത് മിഷൻ 2026 ആണ്. പ്രധാനമന്ത്രി കൂടിയെത്തുന്നതോടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ബി ജെ പി സജീവമാക്കും.
ട്വന്റി 20 എൻഡിഎയുടെ ഭാഗമാകുന്നുവെന്നും സന്തോഷത്തിന്റെ ദിവസമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ട്വന്റി 20 വികസനം നടപ്പിലാക്കിയ പാർട്ടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ അഭിപ്രായപ്പെട്ടു. ട്വന്റി 20 എൻഡിഎയിലേക്കെന്ന വാർത്തയ്ക്ക് പിന്നാലെ സാബു എം ജേക്കബും രാജീവ് ചന്ദ്രശേഖറും ചേർന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വാക്കുകൾ. മോദിയുടെ വരവിന് മുമ്പ് ബിജെപിയുടെ സർപ്രൈസെന്നും മോദിക്കൊപ്പം സാബു നാളെ വേദിയിലെത്തുമെന്നും രാജീവ് ചന്ദ്രശേഖർ അറിയിച്ചു. ജീവിതത്തിലെ നിർണായക തീരുമാനമെന്നും ഒരുപാട് ആലോചിച്ച് എടുത്ത തീരുമാനമെന്നും ആയിരുന്നു സാബു ജേക്കബ് വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചത്. ഒറ്റക്ക് നിന്നാൽ ലക്ഷ്യങ്ങൾ എത്രത്തോളം പ്രായോഗികമാക്കാം എന്ന് സംശയം ഉണ്ടായിരുന്നു. ട്വന്റി 20യെ ഉൻമൂലനം ചെയ്യാൻ ഇടതും വലതും ഒന്നിച്ചു. ഇല്ലാതെയാക്കണം എന്ന് തീരുമാനിച്ചവർക്കുള്ള മറുപടിയെന്നും സാബു ജേക്കബ് പ്രതികരിച്ചു. ഇങ്ങനെ പോയാൽ കേരളം തന്നെ ഇനി കാണാൻ കഴിയില്ല. രാജ്യത്തെ നശിപ്പിക്കുന്ന പാർട്ടികൾക്ക് എതിരെയായിരുന്നുവെന്നും എല്ലാ പാർട്ടികൾക്കും എതിരെ ആയിരുന്നില്ലെന്നും സാബു പറഞ്ഞു. നശിപ്പിക്കാൻ ശ്രമിച്ചവരോടുള്ള വാശി ആണ് ബിജെപിക്കൊപ്പം വരുന്നതിനു പിന്നിൽ. തന്റെ ബിസിനസ്സ് അല്ല ഇന്ന് ചർച്ച ചെയ്യേണ്ടത്. ഇന്ത്യയിൽ ഏറ്റവും വികസനമുണ്ടാക്കിയ പാർട്ടി ബിജെപിയെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫും എൽഡിഎഫും പങ്കിട്ടിരുന്ന എറണാകുളം ജില്ലയിലെ രാഷ്ട്രീയ കാലാവസ്ഥ ഒറ്റയടിക്കാണ് ബിജെപി–ട്വന്റി 20 കൂട്ടുകെട്ടിലൂടെ മാറിയിരിക്കുന്നത്. തൃപ്പൂണിത്തുറ ഒഴിച്ചു നിർത്തിയാൽ കാര്യമായ സാന്നിധ്യമോ സ്വാധീനമോ ഇല്ലാത്ത ജില്ലയിൽ രാഷ്ട്രീയ ചുവടുറപ്പിക്കാൻ സാധിക്കുമോ എന്ന് ബിജെപി നോക്കുമ്പോൾ ട്വന്റി 20യെ സംബന്ധിച്ചിടത്തോളം നിലനിൽപ്പിനുള്ള പോരാട്ടം കൂടിയാണ് പുതിയ കൂട്ടുകെട്ട്. മത, സാമുദായിക സമവാക്യങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ് ജില്ലയിലെ 14 നിയമസഭാ മണ്ഡലങ്ങളും. ഇവിടെ പൊളിച്ചെഴുത്ത് നടത്താൻ എൻഡിഎ സഖ്യത്തിന് ആവുമോ എന്നതാണ് പ്രധാനം. ബിജെപിയിലും ട്വന്റി 20യിലുമുള്ള വോട്ടുകളുടെ കൈമാറ്റം നടക്കുമോ? ‘വികസിത കേരളം’ എന്ന പ്രചരണ മുദ്രാവാക്യം വോട്ടായി മാറുമോ എന്ന ചോദ്യങ്ങൾ ബാക്കി.
കുന്നത്തുനാട് നിയോജക മണ്ഡലത്തിനു കീഴിലുള്ള മുഴുവൻ പഞ്ചായത്തുകളിലും കൊച്ചി കോർപറേഷന്റെ 50ലേറെ ഡിവിഷനുകളിലും മത്സരിച്ചെങ്കിലും ട്വന്റി 20 ആഗ്രഹിച്ച ഫലമല്ല ഇത്തവണ ഉണ്ടായത്. കിഴക്കമ്പലം കുന്നത്തുനാട്, മഴുവന്നൂർ, ഐക്കരനാട് എന്നീ ട്വന്റി 20 ഭരിച്ചിരുന്ന പഞ്ചായത്തുകളിൽ കുന്നത്തുനാടും മഴുവന്നൂരും പാര്‍ട്ടിക്ക് നഷ്ടപ്പെട്ടു. അതേസമയം, ഐക്കരനാട് തൂത്തുവാരിയെങ്കിലും ട്വന്റി 20 രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായ കിഴക്കമ്പലത്ത് കടന്നു കയറാൻ യുഡിഎഫ്–എൽഡിഫിന്റെ സംയുക്ത സ്ഥാനാർഥികൾക്ക് കഴിഞ്ഞു. ഇവിടെ 14 സീറ്റില്‍ മാത്രമാണ് വിജയിക്കാൻ ട്വന്റി 20ക്ക് കഴിഞ്ഞത്. തിരുവാണിയൂരിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലും പൂതൃക്കയിൽ നറുക്കെടുപ്പിലൂടെയും പ്രസിഡന്റ് പദം ലഭിച്ചെങ്കിലും പാർട്ടിക്ക് തിരിച്ചടിയുണ്ടായി എന്ന് വ്യക്തമായിരുന്നു. കൊച്ചി കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഒരു ചലനവും ഉണ്ടാക്കാനുമായില്ല. 2015ൽ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് എത്തിയ ട്വന്റി 20 അതിന്റെ പിറവിയുടെ 10 വര്‍ഷം കഴിയുമ്പോൾ തളർച്ച കാട്ടിത്തുടങ്ങി എന്ന തിരിച്ചറിവ് കൂടിയാണ് സഖ്യസാധ്യതകളിലേക്ക് പോകാന്‍ ട്വന്റി 20 കൺവീനറും സ്ഥാപകനുമായ സാബു എം.ജേക്കബിനെ പ്രേരിപ്പിച്ചത് എന്നു വേണം കരുതാൻ.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത കുതിപ്പാണ് ട്വന്റി 20 പാർട്ടി നടത്തിയത്. എൽഡിഎഫിന്റെ പി.വി.ശ്രീനിജിൻ (51,180 വോട്ടുകൾ) 2715 വോട്ടുകളും 33.79 ശതമാനം വോട്ടുവിഹിതവുമായി വിജയിച്ചെങ്കിലും ശ്രദ്ധാകേന്ദ്രമായത് മൂന്നാമതെത്തിയ ട്വന്റി 20 സ്ഥാനാർഥിയാണ്. 27.56 ശതമാനം വോട്ടാണ് ട്വന്റി 20 സ്ഥാനാർഥി ഡോ. സുജിത് പി.സുരേന്ദ്രൻ (41,890) ഇവിടെ നേടിയത്. കോൺഗ്രസിന്റെ വി.പി.സജീന്ദ്രൻ (48463) ആയിരുന്നു രണ്ടാം സ്ഥാനത്ത്–32.04 ശതമാനം വോട്ട്. രണ്ടും മൂന്നും സ്ഥാനാർഥികൾ തമ്മിലുള്ള അന്തരം 3543 വോട്ടുകൾ. എൻഡിഎയുടെ രേണു സുരേഷ് നേടിയത് 7,056 വോട്ടുകൾ മാത്രം.
2024ൽ കുന്നത്തുനാട് ഉൾപ്പെടുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തിൽ ട്വന്റി 20 11.11% വോട്ടുവിഹിതം നേടിയിരുന്നു. ഇത്തവണയും എൽഡിഎഫിനു വേണ്ടി പി.വി.ശ്രീനിജിനും യുഡിഎഫിനു വേണ്ടി വി.പി.സജീന്ദ്രനുമായിരിക്കും രംഗത്തിറങ്ങാൻ സാധ്യത. ട്വന്റി 20ക്ക് കിട്ടിയിരിക്കുന്ന പുതിയ ഊർജം വോട്ടായി മാറുമോ അതോ, പുതിയ കൂട്ടുക്കെട്ടിനോട് ട്വന്റി 20യുടെ സ്ഥിരം വോട്ടർമാർ മുഖംതിരിക്കുമോ എന്നതാണ് പ്രധാനം. കുന്നത്തുനാട്ടിൽ കഴിഞ്ഞ തവണത്തേക്കാൾ തിരഞ്ഞെടുപ്പിനു ചൂടുകൂടുമെന്ന് ഉറപ്പ്.
എട്ടു മണ്ഡലങ്ങളിൽ മത്സരിച്ച ട്വന്റി 20, 13.5 ശതമാനത്തോളം വോട്ട് കഴിഞ്ഞ തവണ നേടിയിരുന്നു. കുന്നത്തുനാടി (27.64%)നു പുറമെ പെരുമ്പാവൂർ (14.24), കോതമംഗലം (5.8), മൂവാറ്റുപുഴ (9.38), തൃക്കാക്കര (10.18), എറണാകുളം (9.66), കൊച്ചി (15.29), വൈപ്പിൻ (12.79) മണ്ഡലങ്ങളിലാണ് ട്വന്റി 20 മത്സരിച്ചത്. ഇതിൽ ട്വന്റി 20 ബിജെപിക്ക് മുകളിൽ മൂന്നാം സ്ഥാനത്ത് വന്നത് കുന്നത്തുനാട്, കോതമംഗലം, കൊച്ചി മണ്ഡലങ്ങളിലാണ്. പല മണ്ഡലങ്ങളിലും എൻഡിഎ സഖ്യം പിടിക്കുന്ന വോട്ടുകൾ മത്സരഗതിയെ നിർണയിക്കാനും സാധ്യതയുണ്ട്.
മൂന്നു മുന്നണികളോടും തുല്യ അകലം പാലിച്ചുകൊണ്ട് ‘ജനപക്ഷ, വികസന’ രാഷ്ട്രീയമാണ് തങ്ങൾ മുന്നോട്ടു വയ്ക്കുന്നത് എന്നാണ് തുടക്കം മുതൽ ട്വന്റി 20 പ്രസ്താവിച്ചിരുന്നത്. ഭക്ഷ്യസുരക്ഷയും മികച്ച റോഡുകളും പോലുള്ള ക്ഷേമരാഷ്ട്രീയത്തെ അടിസ്ഥാനമാക്കിയുള്ള ട്വന്റി 20 രാഷ്ട്രീയം കിഴക്കമ്പലത്തേയും പരിസര പഞ്ചായത്തുകളിലേയും ജനങ്ങൾ ഒട്ടൊക്കെ സ്വീകരിക്കുകയും ചെയ്തിരുന്നു. അതിനൊപ്പം സിപിഎമ്മുമായും കോണ്‍ഗ്രസുമായും നിരന്തരം കലഹിച്ചുകൊണ്ടായിരുന്നു ട്വന്റി 20 പാര്‍ട്ടി തലവന്റെ രാഷ്ട്രീയ ഇടപെടലുകൾ. ബെന്നി ബഹനാനും പി.വി.ശ്രീനിജിനുമായിരുന്നു പ്രഖ്യാപിത ശത്രുക്കൾ. ഇതിനിടെയാണ്, ബിജെപിക്കു കൂടി താൽപര്യമുണ്ടാക്കുന്ന ‘വികസന’ ഇടപെടലുകൾ കിറ്റക്സ് മേധാവിയിൽ നിന്നുണ്ടാകുന്നത്.
കേരളത്തിലെ വ്യവസായ അന്തരീക്ഷത്തിൽ ഒരു വിധത്തിലും തുടരുക സാധ്യമല്ലെന്നും കേരള സർക്കാർ തന്നെ ചവിട്ടിപ്പുറത്താക്കുകയാണെന്നും പറഞ്ഞുകൊണ്ട് കിറ്റക്സിനെ തെലങ്കാനയിലേക്ക് കൊണ്ടുപോവുന്നു എന്നും സാബു എം.ജേക്കബ് പ്രഖ്യാപിക്കുന്നത് ഈ സമയത്താണ്. കിറ്റക്സിനെ കേരളത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ഇവിടെ തൊഴിൽ ഉറപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഇന്നു പ്രസ്താവിച്ചതും ശ്രദ്ധിക്കേണ്ടതാണ്. ട്വന്റി 20 രാഷ്ട്രീയത്തിനൊപ്പം വ്യവസായ മേഖലയിലുള്ള വളർച്ചയ്ക്കും പുതിയ കൂട്ടുകെട്ട് സാബു എം.ജേക്കബിനെ സഹായിച്ചേക്കാം. വിവിധ വിഷയങ്ങളിൽ ബിജെപി കൈക്കൊള്ളുന്ന രാഷ്ട്രീയ നിലപാടുകൾ സ്വീകരിക്കാൻ ട്വന്റി 20ക്ക് രാഷ്ട്രീയ വഴക്കം ഉണ്ടാകുമോ എന്നും വരും ദിവസങ്ങളിൽ കാണാം.
അതേസമയം ശബരിമല സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നിയമസഭയ്ക്ക് മുന്നിൽ യൂത്ത് കോൺഗ്രസിന്റെ മാർച്ച്. ബാരിക്കേഡ് മറികടക്കാനാണ് പ്രവർത്തകരുടെ ശ്രമം. യൂത്ത് കോൺഗ്രസ് പ്രസിഡൻ്റ് ഒ ജെ ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തുന്നത്. നിരവധി തവണ പ്രവർത്തകർക്ക് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പൊലീസ് വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായി. പ്രവർത്തകരോട് പിരിഞ്ഞ് പോകാൻ പൊലീസ് നിർദേശം നൽകിയിട്ടും പിന്മാറാത്തതിനാൽ കണ്ണീർ വാതക പ്രയോഗം നടത്തി. ഇതോടെ പലർക്കും ദേഹാസ്വാസ്‌ഥ്യം ഉണ്ടായി. പലർക്കും പരിക്കേറ്റു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിലേക്ക് മാറ്റി. ഇതിനിടെ രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
അന്തിമ സമരപോരാട്ടങ്ങളുടെ തുടക്കമാണിതെന്നും നാടിനെ വർഗീയതയിലേക്ക് നയിക്കുന്ന കാലന്റെ വാക്കുകളാണ് ബാലന്റേതെന്നും യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ ജെ ജനീഷ് പറഞ്ഞു. മുഖ്യമന്ത്രിയുടെ മനസ്സിൽ ഉദിക്കുന്ന വിഷം മറ്റു നേതാക്കളിലൂടെ പുറത്തുവരുകയാണെന്നും അദ്ദേഹം മാർച്ചിനിടെ പറഞ്ഞു.
"https://www.facebook.com/Malayalivartha






















