അവധി പ്രഖ്യാപിക്കാൻ വൈകിയത് ഉറങ്ങിപ്പോയതാണോ എന്ന ചോദ്യം.. എന്റെ ഉറക്കമല്ല കുട്ടികളുടെ സുരക്ഷയാണ് പ്രധാനമെന്ന് കളക്ടർ!! ഓഗസ്റ്റ് നാലിന് രാവിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പത്തില്‍ വിശദീകരണവുമായി എറണാകുളം ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്...

അന്ന് എറണാകുളം ജില്ലയില്‍ റെഡ് അലെര്‍ട്ട് ഉണ്ടായിരുന്നില്ല. രാവിലെയാണ് കാലാവസ്ഥ മോശമാകുന്നതിനെക്കുറിച്ചുള്ള അറിയിപ്പ് ലഭിച്ചത്. ശക്തമായ മഴയും ഉണ്ടായിരുന്നു. അതേത്തുടര്‍ന്ന് കുട്ടികളുടെ സുരക്ഷയും അസൗകര്യവും കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചത്. അപ്പോള്‍ അങ്ങനെ തീരുമാനമെടുക്കാനേ കഴിയുമായിരുന്നുള്ളൂ. അതില്‍ തെറ്റുപറ്റിയിട്ടില്ല. ഇനി ഇത്തരം ആശയക്കുഴപ്പമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും കളക്ടര്‍ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ എട്ടരയോടെയാണ് കളക്ടര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. ഇതിനകം തന്നെ വലിയൊരു വിഭാഗം കുട്ടികള്‍ സ്‌കൂളില്‍ എത്തിയിരുന്നു. ഇവരെ തിരിച്ചുവിടുന്ന കാര്യത്തിലും ആശയക്കുഴപ്പമായി. മറ്റു പലയിടത്തും സ്‌കൂളുകളില്‍ നിന്ന് വാഹനങ്ങള്‍ പുറപ്പെടുകയും ചെയ്തിരുന്നു.
കളക്ടറുടെ സോഷ്യല്‍ മീഡിയ പേജില്‍ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതോടെ അര മണിക്കൂറിനു ശേഷം സ്‌കൂളിലെത്തിയ കുട്ടികള്‍ അവിടെ തന്നെ തുടര്‍ന്നാല്‍ മതിയെന്നറിയിച്ച് കളക്ടറുടെ പ്രഖ്യാപനമെത്തി. ഈ പോസ്റ്റിനടിയിലും വലിയ വിമര്‍ശങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു.
https://www.facebook.com/Malayalivartha




















