ഞാന്‍ എന്റെ പെണ്ണിനെ കൊന്നു... ഒരു നിമിഷം പകച്ച് നിന്ന പോലീസുകാർക്ക് മുമ്പിൽ ഭാവഭേദം ഇല്ലാതെ സുജീഷിൻെറ വെളിപ്പെടുത്തൽ:- കൊന്നല്ലൂരിലേയ്ക്ക് പോലീസ് വാഹനങ്ങൾ ഇരച്ചെത്തിയപ്പോൾ അമ്പരന്ന് നാട്ടുകാർ...

ഞാന്‍ എന്റെ പെണ്ണിനെ കൊന്നു'.... ഒരു നിമിഷം പകച്ച് നിന്ന പോലീസുകാർക്ക് മുമ്പിൽ ഭാവഭേദം ഇല്ലാതെ സുജീഷ് പറഞ്ഞു. ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞായിരുന്നു കൊലപാതക വിവരം ആലത്തൂർ പോലീസിനെ ഇയാൾ അറിയിച്ചത്. ഇതേ തുടർന്ന് സുജീഷിനെ കസ്റ്റഡിയിലെടുത്ത ആലത്തൂര്‍ പോലീസ് ഉടന്‍ തന്നെ കോന്നല്ലൂരിലേക്ക് എത്തുകയായിരുന്നു.
സൂര്യയുടെ മുത്തച്ഛന്‍ മണി, അമ്മ ഗീത, ഗീതയുടെ സഹോദരനും സി.പി.എം. ബ്രാഞ്ച് സെക്രട്ടറിയുമായ രാധാകൃഷ്ണന്‍ എന്നിവരാണ് കൊന്നല്ലൂരിലെ വീട്ടിൽ താമസിച്ചിരുന്നത്. അമ്മ ഗീത തൊഴിലുറപ്പ് പണിക്കും രാധാകൃഷ്ണന്‍ ആലത്തൂര്‍ സഹകരണബാങ്കില്‍ ജോലിക്കും പോയിരുന്നു. മുത്തച്ഛന്‍ ചായകുടിക്കാനായി പുറത്തുപോയ സമയത്താണ് സുജീഷ് വീട്ടിലെത്തിയതും സൂര്യപ്രിയയുമായി തര്‍ക്കമുണ്ടാക്കിതും കൊലപാതകം നടത്തിയതും. സൂര്യപ്രിയ മരിച്ചെന്നുറപ്പിച്ചശേഷം സൂര്യപ്രിയയുടെ മൊബൈല്‍ഫോണുമായാണ് സുജീഷ് ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.
പോലീസ് വാഹനങ്ങൾ കൊന്നല്ലൂരിലേക്ക് ഇരച്ചെത്തിയെപ്പോൾ പ്രദേശവാസികള്‍ക്ക് അമ്പരപ്പായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിഞ്ഞില്ല. സൂര്യപ്രിയ കൊല്ലപ്പെട്ടെന്നറിഞ്ഞപ്പോള്‍ ആര്‍ക്കും വിശ്വസിക്കാനായില്ല. സംഭവം പോലീസ് അറിയിച്ചതോടെ സഹപ്രവര്‍ത്തകരുടെയും സൂര്യപ്രിയയെ അറിയുന്നവരുടെയും ഒഴുക്കായിരുന്നു വീട്ടിലേയ്ക്ക്.
ആലത്തൂര്‍ കോ-ഓപ്പറേറ്റീവ് കോളേജില്‍ പഠിക്കുന്നകാലം മുതല്‍ ആറുവര്‍ഷമായി മേലാർകോട് ശിവദാസൻ്റെ മകൾ സൂര്യപ്രിയയും, അഞ്ചുമൂർത്തി മംഗലം പയ്യക്കുണ്ട് ചീകോട് സ്വദേശി സജീഷും തമ്മിൽ പ്രണയത്തിലായിരുന്നു. അടുത്തകാലത്തായി പ്രണയത്തില്‍ ഉലച്ചില്‍ സംഭവിച്ചതായും സൂര്യപ്രിയയ്ക്ക് മറ്റൊരാളുമായി പ്രണയമുണ്ടെന്നും ആരോപിച്ച് ഇരുവരുംതമ്മില്‍ തര്‍ക്കമുണ്ടായതായും സുജീഷ് പോലീസിനോട് പറഞ്ഞു.
ഇത് സൂര്യപ്രിയ നിഷേധിച്ചെങ്കിലും സജീഷ് അത് വിശ്വസിച്ചില്ല. ഇതേ തുടർന്നായിരുന്നു പയ്യകുണ്ടില്‍ നിന്ന് ബൈക്കില്‍ കോന്നല്ലൂരിലെത്തിയ സുജീഷ് സൂര്യപ്രിയയെ കൊലപ്പെടുത്തിയതായി പറയുന്നത്. തര്‍ക്കത്തിനൊടുവില്‍ സൂര്യപ്രിയ കൈയിലെ വളകള്‍ പൊട്ടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വീട്ടിലുണ്ടായിരുന്ന തോര്‍ത്തുപയോഗിച്ച് കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നുമാണ് സുജീഷ് പോലീസിന് മൊഴി നല്‍കിയത്.
മരിച്ചെന്ന് ഉറപ്പുവരുത്തിയശേഷമാണ് സുജീഷ് ബൈക്കില്‍ ആലത്തൂര്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ആലത്തൂര്‍പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് കൊലപാതകവിവരം സമീപവാസികള്‍പോലും അറിയുന്നത്. സുജീഷ് തമിഴ്നാട്ടിലെ കരൂരില്‍ ഈന്തപ്പഴ കമ്പനിയില്‍ സെയില്‍സ്മാനായി ജോലിചെയ്യുകയാണ്.മരിച്ച സൂര്യപ്രിയ മേലാര്‍കോട് ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്. അംഗവും ഡി.വൈ.എഫ്.ഐ. ആലത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയംഗവും ചിറ്റില്ലഞ്ചേരി മേഖലാ കമ്മിറ്റി വൈസ് പ്രസിഡന്റും കോന്നല്ലൂര്‍ യൂണിറ്റ് സെക്രട്ടറിയുമാണ്.
https://www.facebook.com/Malayalivartha























