ജലീലിനെ തൂക്കാന്‍ കേന്ദ്രം രാജ്യദ്രോഹക്കുറ്റം ചുമത്തും ആസാദ് കാശ്മീര്‍ പണിയാകും

കെടി ജലീലിനെ തൂക്കാന്‍ കേന്ദ്രത്തോട് സമ്മര്‍ദ്ദം ചെലുത്തുകയാണ് ബിജെപി സംസ്ഥാന നേതൃത്വം. ജമ്മു കശ്മീരിനെ കുറിച്ചുള്ള കെടി ജലീലിന്റെ വിവാദ പരാമര്‍ശം വളരെ ഗൗരവമുള്ളതാണ്. രാജ്യദ്രോഹക്കുറ്റമടക്കം ചെലുത്തി ജലീലിനെതിരെ അടിയന്തര നടപടി വേണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയരുകയാണ്.
ജമ്മു കാശ്മീരില്‍ സന്ദര്‍ശനം നടത്തവേ ജമ്മുവില്‍ കാണാനിടയായ കാഴ്ചകളെ കുറിച്ച് കെ ടി ജലീല്‍ എം എല്‍ എ എഴുതിയ കുറിപ്പാണ് ഈ വിവാദങ്ങള്‍ക്കെല്ലാം കാരണം. കാശ്മീരിന്റെ സാമൂഹിക ജീവിതത്തെ കുറിച്ചുള്ള വിവരണത്തില്‍ എവിടെ നോക്കിയാലും തോക്കേന്തിയ സൈനികരാണുള്ളതെന്നും ചിരിക്കാന്‍ മറന്ന് പോയ ജനതയായി കാശ്മീരികള്‍ മാറിയെന്നും അദ്ദേഹം കുറിക്കുന്നു. രണ്ടാം മോദി സര്‍ക്കാര്‍ കാശ്മീരിനെ മൂന്നായി വെട്ടിമുറിച്ചതിന്റെ അമര്‍ഷം ജനങ്ങളുടെ ഭാവത്തില്‍ നിന്ന് വായിച്ചെടുക്കുന്നുവെന്നും, അപരവല്‍ക്കരണത്തിന്റെ വികാരം കാശ്മീരിയുടെ ഹൃദയത്തില്‍ പറ്റിപ്പിടിച്ച് കിടപ്പുണ്ടെന്നും ജലീല്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇന്ത്യയുടെ അഭിഭാജ്യഭാഗമായ കാശ്മീരില്‍ നിന്നും പാകിസ്ഥാന്‍ അന്യായമായി കൈവശം വച്ചിരിക്കുന്ന പാക് അധീന കാശ്മീരിനെ 'ആസാദ് കാശ്മീര്‍'' എന്ന് വിശേഷിപ്പിച്ച ജലീലിന്റെ അഭിപ്രായമാണ് ഏറെ വിവാദമാകുന്നത്. പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു എന്നാണ് ജലീല്‍ അഭിപ്രായപ്പെടുന്നത്. നിരവധി പേരാണ് എം എല്‍ എയുടെ ഈ അഭിപ്രായത്തിനോട് വിയോജിപ്പ് പ്രകടിപ്പിക്കുന്നത്. അതേസമയം ഇന്ത്യയുടെ അധികാരത്തിലുള്ള ജമ്മുവും, കാശ്മീര്‍ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളെ ജലീല്‍ വിശേഷിപ്പിച്ചിരിക്കുന്നത് ഇന്ത്യന്‍ അധീന ജമ്മു കാശ്മീര്‍ എന്നുമാണ്.
പാക് അധീന കാശ്മീരിനെ 'ആസാദ് കാശ്മീരെന്ന്' വിശേഷിപ്പിച്ച മുന്‍മന്ത്രിയും എല്‍ എ എയുമായ കെ ടി ജലീലിന് മറുപടിയുമായി ബി ജെ പി നേതാവ് സന്ദീപ് വാര്യര്‍.പാക് അധീന കാശ്മീര്‍ എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാടെന്നും ജലീല്‍ അത് അംഗീകരിക്കുന്നില്ലേയെന്നും സന്ദീപ് വാര്യര്‍ ചോദിച്ചു.
ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സന്ദീപ് വാര്യരുടെ പ്രതികരണം. കാശ്മീരിന്റെ ഒരു ഭാഗം സ്വാഭാവികമായി പാകിസ്ഥാനുമായി ചേര്‍ക്കപ്പെട്ടതല്ല, പാക് സൈന്യം അധിനിവേശം നടത്തിയതാണെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യന്‍ സൈനിക നടപടി ഇല്ലായിരുന്നെങ്കില്‍ മുഴുവന്‍ കാശ്മീരും പാകിസ്ഥാന്‍ കയ്യേറുമായിരുന്നുവെന്നും സന്ദീപ് വാര്യര്‍ പ്രതികരിച്ചു
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
എഡിറ്റ് ഹിസ്റ്ററി എന്നൊന്നുണ്ട് എന്നാരെങ്കിലും മുന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് പറഞ്ഞു കൊടുക്കൂ
'ആസാദ് കാഷ്മീരൊ '? പാക് ഒക്കുപൈട് കാശ്മീര്‍ എന്നതാണ് ഇന്ത്യയുടെ ഔദ്യോഗിക നിലപാട്. ഇന്ത്യന്‍ പാര്‍ലമെന്റ് ഏക കണ്ഠമായി ഇന്ത്യയുടെ ഭാഗമാണെന്ന് പ്രമേയം പാസാക്കിയതാണ്. ഒരു ജനപ്രതിനിധിയും മുന്‍ മന്ത്രിയുമായ താങ്കള്‍ പാക് ഒക്കുപൈഡ് കാശ്മീര്‍ എന്ന ഇന്ത്യന്‍ നിലപാടിനെ അംഗീകരിക്കുന്നില്ലേ? പാകിസ്ഥാനെ വെള്ളപൂശുകയാണല്ലോ ജലീല്‍. So called Azad Kashmir ന്റെ ഒരു ഭാഗം പാകിസ്ഥാന്‍ ചൈനക്ക് കൊടുത്തു. പാക് അധീന കാശ്മീരിലെ സര്‍ക്കാര്‍ തമാശയാണ്. അവിടെ പരിപൂര്‍ണമായും പാക് ഭരണമാണ്. കാശ്മീരിന്റെ ഒരു ഭാഗം സ്വാഭാവികമായി പാകിസ്ഥാനുമായി ചേര്‍ക്കപ്പെട്ടതല്ല , പാക് സൈന്യം അധിനിവേശം നടത്തിയതാണ്, ഇന്ത്യന്‍ സൈനിക നടപടി ഇല്ലായിരുന്നെങ്കില്‍ മുഴുവന്‍ കാശ്മീരും അവര്‍ കയ്യേറിയേനെ...
ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വിവാദ പരാമര്‍ശം നടത്തുന്ന ഭാഗം ഇതാണ്
'ദല്‍' തടാകത്തിലെ ജലയാത്ര കഴിഞ്ഞ് തൊട്ടടുത്തുള്ള ഷാലിമാര്‍ ഗാര്‍ഡനിലേക്ക് നടന്നു. കശ്മീര്‍ താഴ്വരയിലെ മുഗള്‍ പൂന്തോട്ടമാണ് ഷാലിമാര്‍ബാഗ്. 'ഫറാ ബക്ഷ്', 'ഫൈസ് ബക്ഷ്' എന്നീ പേരുകളിലും ഈ ഉദ്യാനം അറിയപ്പെടും. 1619 ല്‍ മുഗള്‍ ചക്രവര്‍ത്തി ജഹാംഗീര്‍ തന്റെ ഭാര്യ നൂര്‍ജഹാനുവേണ്ടി പണികഴിപ്പിച്ചതാണ് ഷാലിമാര്‍ ബാഗ്. ഭാര്യാഭര്‍തൃ പ്രണയത്തിന്റെ കശ്മീരിയന്‍ മാതൃക! പച്ചപുതച്ച് പൂക്കള്‍ വിരിയിച്ച് പുഞ്ചിരി തൂകി നില്‍ക്കുന്ന പൂങ്കാവനം അക്ഷരാര്‍ത്ഥത്തില്‍ 'ശ്രീനഗറിന്റെ കിരീട'മാണ്.
മെസപ്പെട്ടോമിയയില്‍ നിന്നു വന്ന കാഷ് വര്‍ഗ്ഗത്തില്‍പ്പെട്ട ആദിവാസികള്‍ താമസിച്ച കാഷിര്‍ പ്രദേശമാണ് കാശ്മീരായി പരിണമിച്ചത്. 1339 മുതല്‍ അഞ്ചു നൂറ്റാണ്ടുകള്‍ തുടര്‍ച്ചയായി ഇവിടം ഭരിച്ചത് മുസ്ലിം ചക്രവര്‍ത്തിമാരാണ്. 1819 ല്‍ മഹാരാജാ രഞ്ജിത് സിംഗ് കാശ്മീര്‍ ആക്രമിച്ച് തന്റെ രാജ്യത്തോടു ചേര്‍ത്തു. 1846 ലെ ആംഗ്ലോസിഖ് യുദ്ധത്തിനു ശേഷം കാശ്മീര്‍ ബ്രട്ടീഷ് അധീനതയിലായി. ബ്രട്ടീഷുകാരില്‍ നിന്നാണ് ജമ്മുവിലെ രാജാവായ ഗുലാബ്‌സിംഗിന്റെ കൈകളില്‍ താഴ്വരയുടെ ഭരണം എത്തിയത്. 1947 ല്‍ കാശ്മീര്‍ മുഴുവനായി ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുന്നതുവരെ ഗുലാബിന്റെ ഭരണം തുടര്‍ന്നു.
പാകിസ്ഥാനോട് ചേര്‍ക്കപ്പെട്ട കശ്മീരിന്റെ ഭാഗം 'ആസാദ് കാശ്മീര്‍'' എന്നറിയപ്പെട്ടു. പാകിസ്ഥാന്‍ ഭരണകൂടത്തിന് നേരിട്ട് സ്വാധീനമില്ലാത്ത മേഖലയാണവിടം. കറന്‍സിയും പട്ടാള സഹായവും മാത്രമാണ് പാകിസ്ഥാന്റെ നിയന്ത്രണത്തിലുള്ളത്. സ്വന്തം സൈനിക വ്യൂഹം ആസാദ് കശ്മീരിനുണ്ടായിരുന്നു. സിയാഉല്‍ ഹഖ് പാകിസ്ഥാന്‍ പ്രസിഡണ്ടായ കാലത്ത് ഏകീകൃത സൈന്യം ആസാദ് കശ്മീരിന്റെ പൊതു സൈന്യമായി മാറി. പാകിസ്ഥാന്‍ സര്‍ക്കാരിന് ഭരണപരമായി പാക്കധീന കശ്മീരില്‍ എടുത്തു പറയത്തക്ക അധികാരങ്ങളൊന്നുമില്ലെന്ന് ചുരുക്കം.
ജമ്മുവും, കാശ്മീര്‍ താഴ്വരയും, ലഡാക്കുമടങ്ങിയ ഭാഗങ്ങളാണ് ഇന്ത്യന്‍ അധീന ജമ്മു കാശ്മീര്‍. കശ്മീരിന്റെ 90% ഭൂപ്രദേശത്തും ജനവാസമില്ല. പ്രധാനപ്പെട്ട ജനവാസകേന്ദ്രം കശ്മീര്‍ വാലിയാണ്. ശ്രീനഗര്‍ കശ്മീര്‍ താഴ്വരയിലെ പ്രധാന പട്ടണവും. മരത്തില്‍ നിര്‍മ്മിച്ച മൂന്നും നാലും നിലയുള്ള കെട്ടിടങ്ങള്‍ ഇവിടെ ധാരാളമുണ്ട്. താഴ്വാരത്തിനു പുറമെ ജനവാസ പ്രദേശങ്ങള്‍ വടക്കുള്ള ഗില്‍ഗിത് വാലിയും സിന്ധൂ ഇടുക്കുമാണ്. വളരെ ഉയരത്തിലുള്ള ചുരങ്ങളിലൂടെയാണ് കശ്മീര്‍ താഴ്വരയിലേക്ക് പ്രവേശിക്കാനാവുക. പിര്‍പഞ്ചാല്‍ മലനിരകളിലുള്ള ബനിഹാല്‍ ചുരത്തിലൂടെ ജമ്മുവില്‍ നിന്ന് ഇവിടെയെത്താം. ബാലകോട്ട് ചുരം വഴി പാകിസ്ഥാനില്‍ നിന്നും കാരകോറം ചുരം വഴി ചൈനയില്‍ നിന്നും കശ്മീര്‍ താഴ്വരകളിലെത്താനാകും. തടാകങ്ങളുടെ തൊട്ടില്‍ എന്നും കശ്മീര്‍ കീര്‍ത്തി നേടി. ഇതില്‍ ഏറ്റവും വലുതാണ് ദല്‍ തടാകം.
https://www.facebook.com/Malayalivartha






















