വിശദമായ അന്വേഷണം... എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ നില ഗുരുതരമായി തുടരുന്നു; കുത്തേറ്റ് കരളിനു മാരക പരുക്ക് ഒരു കണ്ണ് നഷ്ടമായേക്കാം; 24 വയസുകാരന്‍ തനിച്ചാണ് കുറ്റകൃത്യം ചെയ്തതെന്ന് റിപ്പോര്‍ട്ട്; അന്വേഷണത്തിന് യുഎസ് കേന്ദ്ര ഏജന്‍സിയായ എഫ്ബിഐയും

അമേരിക്കയില്‍ കുത്തേറ്റ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ (75) നില ഗുരുതരമായി തുടരുന്നു. വിശദമായ അന്വേഷണത്തിന് യുഎസ് കേന്ദ്ര ഏജന്‍സിയായ എഫ്ബിഐയും രംഗത്തുണ്ട്. സംഭവസ്ഥലത്തുനിന്നു കണ്ടെടുത്ത ബാക് പാക്കും ഫോണും അടക്കമുള്ളവ വിശദമായി പരിശോധിക്കും.
കഴുത്തിനും കരളിനും മാരകമായി പരുക്കേറ്റ സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററിലാണ്. ന്യൂയോര്‍ക്കിലെ ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷനില്‍ പ്രസംഗിക്കാനെത്തിയ റുഷ്ദിയെ കുത്തിപ്പരുക്കേല്‍പിച്ച യുവാവ് ന്യൂജഴ്‌സി സ്വദേശിയായ ഹാദി മതാര്‍ (24) ആണെന്നു തിരിച്ചറിഞ്ഞു. തനിച്ചാണു കൃത്യം ചെയ്‌തെന്നാണു പൊലീസ് നിഗമനം.
വെന്റിലേറ്ററിലാണ് റുഷ്ദി. പെന്‍സില്‍വേനിയയിലെ ആശുപത്രിയിലാണു റുഷ്ദിക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയത്. റുഷ്ദി സംസാരിക്കാന്‍ കഴിയാത്ത നിലയിലാണ്. ഒരു കണ്ണിനു കാഴ്ച നഷ്ടമായേക്കാം. കയ്യില്‍ ആഴത്തില്‍ മുറിവുണ്ട്. കുത്തേറ്റ് കരള്‍ തകര്‍ന്നു. എന്നാണ് എഴുത്തുകാരന്റെ ബുക്ക് ഏജന്റായ ആന്‍ഡ്രൂ വൈലി അറിയിച്ചത്. അറസ്റ്റിലായ യുവാവ് ഇറാന്‍ സൈന്യമായ ഇസ്‌ലാമിക് റവല്യൂഷനറി ഗാര്‍ഡ് കോറിന്റെ ആരാധകനാണെന്നും യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
അറസ്റ്റിലായ ആളുടെ ഫെയ്‌സ്ബുക് പേജ് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നിഗമനം, എന്നാല്‍, ഇറാനുമായി നേരിട്ടു ബന്ധമില്ലെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍. മതാറുടെ സെല്‍ഫോണ്‍ മെസേജിങ് ആപ്പില്‍ കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ ചിത്രം കണ്ടെത്തിയതായും എന്‍ബിസി റിപ്പോര്‍ട്ടിലുണ്ട്. 'സേറ്റാനിക് വേഴ്‌സസ്' എന്ന റുഷ്ദിയുടെ നോവലില്‍ മതനിന്ദ ആരോപിച്ച് അദ്ദേഹത്തെ വധിക്കാന്‍ 1989 ല്‍ ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖുമൈനി മതശാസന പുറപ്പെടുവിച്ചിരുന്നു. വധഭീഷണിയെത്തുടര്‍ന്ന് 10 വര്‍ഷത്തോളം ഒളിവില്‍ കഴിഞ്ഞ റുഷ്ദി, സമീപവര്‍ഷങ്ങളിലാണു പൊതുജീവിതത്തിലേക്കു തിരിച്ചെത്തിയത്.
കഴിഞ്ഞ ദിവസമാണ് റുഷ്ദിയ്ക്ക് കുത്തേറ്റത്. എന്താണു സംഭവിക്കുന്നതെന്ന് സദസ്സിലും വേദിയിലും ഉള്ളവര്‍ക്ക് മനസ്സിലാകും മുന്‍പേ അതു സംഭവിച്ചു. തുടര്‍ച്ചയായ കുത്തുകളേറ്റ് സല്‍മാന്‍ റുഷ്ദി കുഴഞ്ഞുവീണു. സ്‌റ്റേജിലേക്ക് ഓടിയെത്തിയവര്‍ അക്രമിയെ കീഴ്‌പ്പെടുത്തുകയും ചെയ്തു.
നഗരത്തില്‍നിന്ന് 90 കിലോമീറ്റര്‍ അകലെയാണു ഷട്ടോക്വ ഇന്‍സ്റ്റിറ്റിയൂഷന്‍. വിദ്യാഭ്യാസ, സാംസ്‌കാരിക പരിപാടികള്‍ നടത്തുന്ന ഈ സ്ഥാപനത്തില്‍ പ്രസംഗിക്കാനാണു റുഷ്ദി എത്തിയത്. റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. സദസ്സിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ മിന്നല്‍വേഗത്തില്‍ സ്‌റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു.
രക്തത്തില്‍ കുളിച്ചു നിലത്തുവീണ റുഷ്ദിക്കു സ്‌റ്റേജില്‍ വച്ചുതന്നെ പ്രഥമ ശ്രുശ്രൂഷ നല്‍കി. സദസിലുണ്ടായ ഒരു ഡോക്ടറാണു പരിചരിച്ചത്. കഴുത്തിന്റെ വലതുവശത്ത് അടക്കം ശരീരത്തില്‍ ഒന്നിലധികം കുത്തേറ്റിരുന്നതായി ഡോക്ടര്‍ പറഞ്ഞു. അഞ്ചു മിനിറ്റിനകം അടിയന്തരസേവന വിഭാഗം എത്തിച്ച ഹെലികോപ്റ്ററിലാണു റുഷ്ദിയെ ആശുപത്രിയിലേക്കു കൊണ്ടുപോയത്.
എഴുത്തുകാര്‍ക്കും കലാപ്രവര്‍ത്തകര്‍ക്കും അഭയം നല്‍കുന്ന രാജ്യമായി യുഎസിനെ മാറ്റുന്നതു സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പരിപാടിയില്‍ പ്രസംഗിക്കാനാണു റുഷ്ദി ഷട്ടോക്വയില്‍ എത്തിയത്. 4000 പേര്‍ക്കിരിക്കാവുന്ന ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങ്.
" f
https://www.facebook.com/Malayalivartha
























