യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് സിദ്ധരാമയ്യ

പ്രതിഷേധ റാലിക്കിടെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാറിനായി മുദ്രാവാക്യം വിളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് കയര്‍ത്ത് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കു പകരമായി വിബിജി റാം ജി എന്ന പേരില്‍ പുതിയ പദ്ധതി കൊണ്ടുവന്നതിനെതിരെ സംഘടിപ്പിച്ച പ്രതിഷേധ റാലിക്കിടെയായിരുന്നു സംഭവം.
സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിക്കാനായി സിദ്ധരാമയ്യ കസേരയില്‍ നിന്നെഴുന്നേറ്റ ഉടന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 'ഡി.കെ, ഡി.കെ' എന്ന് മുദ്രാവാക്യം വിളി തുടങ്ങി. പ്രസംഗിക്കാനായി സിദ്ധരാമയ്യ വേദിയിലേക്ക് എത്തിയതോടെ മുദ്രാവാക്യം വിളി കൂടുതല്‍ ഉച്ചത്തിലായി.
ഇതോടെ, കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് നിശബ്ദത പാലിക്കാന്‍ സിദ്ധരാമയ്യ ആക്രോശിക്കുകയായിരുന്നു. എന്നാല്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളി തുടര്‍ന്നു. ഇതോടെ 'ഡി.കെ, ഡി.കെ' എന്നു വിളിച്ചുകൂവുന്നത് ആരാണെന്നു ക്ഷുഭിതനായ സിദ്ധരാമയ്യ കോണ്‍ഗ്രസ് നേതാക്കളോട് ചോദിച്ചു. മുഖ്യമന്ത്രി പ്രസംഗിക്കുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ മിണ്ടാതിരിക്കണമെന്നും അവതാരകന്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സിദ്ധരാമയ്യ പ്രസംഗം തുടങ്ങിയശേഷവും പ്രവര്‍ത്തകര്‍ ബഹളം വച്ചു.
https://www.facebook.com/Malayalivartha






















