തലശ്ശേരി ജനറൽ ആശുപത്രിയിൽ ഡോക്ടറുടെ അനാസ്ഥ മൂലം നവജാത ശിശു മരിച്ചു: ഗുരുതര ആരോപണവുമായി കുടുംബം

നവജാത ശിശു മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ കുടുംബം. കണ്ണൂർ തലശേരിയിലാണ് ഡോക്ടറുടെ അനാസ്ഥ മൂലം ആണ് കുഞ്ഞ് മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.സിസേറിയന് പിന്നാലെ കുഞ്ഞ് മരിച്ചുവെന്ന് ഡോക്ടർമാർ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. കൃത്യമായ സ്കാനിംഗ് നടത്തുന്നതിലും കുഞ്ഞിന് അനക്കമുണ്ടോ എന്ന് പരിശോധിക്കുന്നതിലും അനാസ്ഥ ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം.
മുമ്പ് ചെയ്ത സ്കാനിംഗിൽ കഴുത്തിൽ പൊക്കിൾക്കൊടി ചുറ്റിയ നിലയിലായിരുന്നു. അക്കാര്യം പിന്നീട് ഡോക്ടർ പരിശോധിച്ചില്ല. രണ്ട് തവണ വേദന വന്നിട്ടും പ്രസവം നടക്കാതായതോടെ സിസേറിയൻ ആവശ്യപ്പെട്ടെങ്കിലും ഡോക്ടർ സമ്മതിച്ചില്ലെന്ന് കുടുംബം ആരോപിക്കുന്നു.
യുവതിയെ ചികിത്സിച്ച ഗൈനക്കോളജി വിഭാഗം ഡോക്ടർ പ്രീജയ്ക്ക് എതിരെയാണ് പരാതി. ഇന്നലെ ഉച്ചയ്ക്ക് 1:30 ഓടെയാണ് കുട്ടി മരിച്ചത്. ശ്വാസ തടസത്തെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് ആശുപതി അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ഡോക്ടർക്കെതിരെ കുടുംബം തലശേരി പൊലീസിൽ പരാതി നൽകി.മട്ടന്നൂർ ഉരുവച്ചാൽ സ്വദേശി ബിജീഷിൻ്റെയും അശ്വതിയുടെയും കുഞ്ഞാണ് മരിച്ചത്. ഡോക്ടർമാർ പറഞ്ഞ ഡേറ്റിന് മുമ്പ് തന്നെ യുവതിക്ക് വേദന അനുഭവപ്പെട്ടതോടെയാണ് ആശുപത്രിയിലേക്ക് ഇവരെ കൊണ്ടുവന്നത്.
പ്രത്യേക ശ്രദ്ധ വേണമെന്ന് ഡോക്ടർമാരോട് ആവശ്യപ്പെട്ടിട്ടും കാര്യമുണ്ടായില്ല. പിന്നീടാണ് കുഞ്ഞ് മരിച്ച കാര്യം അറിയിക്കുന്നതെന്നും യുവതിയുടെ ഭർത്താവ് ബിജീഷ് പറയുന്നു. മരണം സ്ഥിരീകരിച്ചതിന് ശേഷവും കുഞ്ഞിന്റ മൃതദേഹം ബന്ധുക്കളെ കാണിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിരുന്നില്ല. ബന്ധുക്കൾ ബഹളം വച്ചതിന് ശേഷമാണ് കുഞ്ഞിന്റെ മൃതദേഹം കാണിച്ചുകൊടുക്കാൻ തയ്യാറായതെന്നും പറയുന്നു. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തീകരിച്ച് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.
https://www.facebook.com/Malayalivartha
























