'പ്രഗ്യാനന്ദ ലോക ഒന്നാം നമ്പറുകാരനെ മലർത്തിയടിക്കുന്ന വാർത്തകൾ ഏതൊരു ഇന്ത്യക്കാരനേയും അഭിമാനപുളകിതനാക്കുമ്പോൾ ഒരു കാലത്ത് ഏറെ ഇന്ത്യൻ ബാല്യങ്ങളെ ചെസ്സിലേക്ക് അടുപ്പിച്ച വിഷിയെയും ഓർക്കുന്ന. പ്രഗ്യാനന്ദ നീ ഇന്ത്യയുടെ മഹത്തായ ചതുരംഗ പാരമ്പര്യത്തിന്റെ പതാകവാഹകനാണ്. വിശ്വമെങ്ങും വിജയക്കൊടി നാട്ടുക...' സന്ദീപ് ജി. വാര്യർ കുറിക്കുന്നു

ഇന്ത്യൻ ചെസിലെ പുതിയ സൂപ്പർതാരമായി അവതരിച്ചിരിക്കുകയാണ് ഗ്രാൻഡ്മാസ്റ്റർ ആർ പ്രഗ്യാനന്ദ. കഴിഞ്ഞ ഒരു വർഷത്തിനിടെ തന്നെ കൗമാരക്കാരൻ അത്ഭുതകരമായ നേട്ടങ്ങളാണ് കൈവരിച്ചത്. ലോക ഒന്നാംനമ്പർ താരമായ മാഗ്നസ് കാൾസണെ മൂന്നുതവണ തോൽപ്പിച്ച് തമിഴ്നാട്ടുകാരൻ ചരിത്രംകുറിക്കുന്ന കാഴ്ച. മയാമിയിൽ നടന്ന എഫ്ടിഎക്സ് ക്രിപ്റ്റോ കപ്പിലായിരുന്നു അവസാന ജയം. മയാമിയിൽ കാൾസൺ ചാമ്പ്യനായപ്പോൾ പ്രഗ്യാനന്ദയ്‌ക്കായിരുന്നു രണ്ടാംസ്ഥാനം. ചാമ്പ്യൻഷിപ്പിനുശേഷം കാൾസൻ പ്രഗ്യാനന്ദയെ പ്രശംസിക്കുകയും ചെയ്തു.
പിന്നാലെ പ്രഗ്യാനന്ദയെ തേടി നിരവധി പ്രശസകളാണ് വരുന്നത്. ഇപ്പോഴിതാ പ്രഗ്യാനന്ദ ഇന്ത്യയുടെ മഹത്തായ ചതുരംഗ പാരമ്പര്യത്തിന്റെ പതാകവാഹകനാണ് എന്ന് വ്യക്തമാക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി. വാര്യർ കുറിക്കുന്നു
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
"നിനക്കറിയ്വോ വിശ്വനാഥൻ ആനന്ദിന്റെ അച്ഛൻ റെയിൽവേയിൽ വല്യ ഓഫീസറാണ് . എന്റെ അച്ഛന്റെ സീനിയറാണ് " ... ഒരു ഗമക്ക് സ്‌കൂളിൽ കൂട്ടുകാരോട് പറഞ്ഞ് നടന്നിരുന്ന ഒരു ബാല്യമുണ്ടായിരുന്നു. മണ്ഡലും കമണ്ഡലും രാജീവ് ഗാന്ധിയുടെ മരണവും ഇന്ത്യൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ ഒരവധിക്കാലം . ലീവിന് വന്ന അച്ഛന്റെ ബാഗിൽ ചെസ്സ് ബോർഡും ചെസ്സ് മാസ്റ്റർ എന്ന പുസ്തകവും ഉണ്ടായിരുന്നു . അച്ഛനായിരുന്നു ആദ്യ ഗുരു . ഞാനും സൂരജും കണ്ണനും ഒക്കെ ചെസ്സ് കളിക്കാൻ പഠിച്ചു തുടങ്ങി .
എല്ലാ ദിവസവും മണിക്കൂറുകൾ ചെസ്സ് ബോർഡിന് മുന്നിൽ. വല്യ ചെസ്സ് കളിക്കാരനായി എന്ന് കരുതി ഇരിക്കുമ്പോഴാണ് ഉണ്ണി മാമ കളിക്കാൻ വന്നത് . ആദ്യത്തെ അഞ്ചാറു നീക്കം . ഒന്നും മനസ്സിലായില്ല . ചെക്ക് . ഞങ്ങളെ എല്ലാവരെയും ഉണ്ണി മാമ ഒന്നിന് പിറകേ ഒന്നായി മലർത്തിയടിച്ചു . വിശ്വനാഥൻ ആനന്ദ് എന്ന ജേതാവിനെക്കുറിച്ചുള്ള വാർത്തകൾ ഇന്ത്യൻ ബാല്യ കൗമാരങ്ങളെ ത്രസിപ്പിച്ച ആ അവധിക്കാലത്ത് ഞാനും ചെസ്സിന്റെ ആരാധകനായി , ഒപ്പം വിഷിയുടെയും . ഉണ്ണി മാമയെ നേരിടാൻ പതിയെ ചെസ്സിലെ പുതിയ പാഠങ്ങൾ പഠിച്ചു തുടങ്ങി.
ജീവിതത്തിൽ ചില മോശം സമയം ഉണ്ടാവുമല്ലോ . അങ്ങനെ ഒരു സമയമായിരുന്നു ആ അവധിക്കാലവും . നികത്താൻ കഴിയാത്ത ഒരു നഷ്ടവും അതിന്റെ ദുഖവും പേറി ഞാനും അച്ഛനും അമ്മയും ഞങ്ങളിലേക്ക് ഒതുങ്ങി ജീവിക്കുന്ന ആ കാലത്ത് എനിക്കും അച്ഛനും ആശ്വാസമായത് ചതുരംഗപ്പലകയിലെ കറുപ്പും വെളുപ്പുമായിരുന്നു . ഒരർത്ഥത്തിൽ ഞങ്ങളുടെ ജീവിതത്തിനും കറുപ്പും വെളുപ്പുമായിരുന്നു ആ കാലത്ത് .
ഒരു സന്ധ്യക്ക് മുറ്റത്തെ തിണ്ടിന്മേൽ കൂട്ടിനാരും കളിക്കാനില്ലാതെ ചെസ്സ് ബോർഡിലേക്ക് കണ്ണും നട്ടിരുന്ന എന്റെ മുന്നിൽ യുണിഫോമിട്ട ഒരു പോലീസുകാരൻ പ്രത്യക്ഷപ്പെട്ടു . " ഞാൻകൂടട്ടെ കളിക്കാൻ " ?
നിമിഷങ്ങൾക്കകം അദ്ദേഹം ആരാണെന്നോ എന്താണെന്നോ ചോദിക്കാതെ ഞാൻ സമ്മതം മൂളി . ഞങ്ങൾ ചെസ്സ് കളിച്ചു . കുറെ കഴിഞ്ഞ് രാമകൃഷ്ണൻ മാമ പറഞ്ഞു " അത് മണ്ണാർക്കാട് സർക്കിൾ ഇൻസ്‌പെക്ടർ ഉണ്ണി രാജ സാറായിരുന്നു , അമ്മയെയും അച്ഛനെയും കാണാൻ വന്നതാണ് " .
വർഷങ്ങൾക്ക് ശേഷം കുന്ദംകുളത്ത് ഒരു പരിപാടിയിൽ എസ്പി ആയി വിരമിച്ച ഉണ്ണിരാജ സാറിനെ കണ്ടപ്പോൾ ഞാൻ ചോദിച്ചു " സാർ എന്റെ കൂടെ ചെസ്സ് കളിച്ചിട്ടുണ്ട് , ഓർമണ്ടോ ? " . കാലവും സന്ദർഭവും അദ്ദേഹത്തെ ഓർമിപ്പിച്ചപ്പോൾ ഉണ്ണിരാജ സാർ വികാരാധീനനായി .
പ്രഗ്യാനന്ദ ലോക ഒന്നാം നമ്പറുകാരനെ മലർത്തിയടിക്കുന്ന വാർത്തകൾ ഏതൊരു ഇന്ത്യക്കാരനേയും അഭിമാനപുളകിതനാക്കുമ്പോൾ ഒരു കാലത്ത് ഏറെ ഇന്ത്യൻ ബാല്യങ്ങളെ ചെസ്സിലേക്ക് അടുപ്പിച്ച വിഷിയെയും ഓർക്കുന്നു. പ്രഗ്യാനന്ദ നീ ഇന്ത്യയുടെ മഹത്തായ ചതുരംഗ പാരമ്പര്യത്തിന്റെ പതാകവാഹകനാണ് . വിശ്വമെങ്ങും വിജയക്കൊടി നാട്ടുക .
https://www.facebook.com/Malayalivartha
























