കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കൾ സംഘടിപ്പിച്ച് ചെറുപ്പം മുതല്‍ ഉപയോഗം: അക്കൗണ്ടിലുള്ള പണം ആരോ താനറിയാതെ പിന്‍വലിക്കുന്നുണ്ടെന്ന സംശയം മനോനില തെറ്റിച്ചു: ലഹരിയുടെ ഉന്മാദത്തിൽ അമ്മയെന്ന് പച്ചകുത്തിയ കൈകള്‍ക്കൊണ്ട് തന്നെ അമ്മയെ കൊലപ്പെടുത്തി...

വീട് വിറ്റ കാശ് നൽകാത്തതിൽ പ്രകോപിതനായി അമ്മയെ ഗ്യാസ് കുറ്റി കൊണ്ട് തലക്ക് അടിച്ച് മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. തൃശ്ശൂർ കോടാലിയിലാണ് അമ്പത്തഞ്ചുകാരിയായ ശോഭനയെ ഇരുപത്തഞ്ച്കാരനായ മകൻ വിഷ്ണു കൊലപ്പെടുത്തിയത്. അതേസമയം ഇയാള്‍ വിരലില്‍ അമ്മ എന്നു പച്ചകുത്തിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വിഷ്ണു ചെറുപ്പം മുതല്‍ കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി ഉപയോഗിക്കുന്നയാളാണെന്നും നാഷണല്‍ പെര്‍മിറ്റ് ലോറികളില്‍ ഡ്രൈവറായിരുന്ന ഇയാള്‍ മറ്റു സംസ്ഥാനങ്ങളില്‍ പോകുമ്പോഴാണ് ലഹരിവസ്തുക്കള്‍ സംഘടിപ്പിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
കൊലപാതകം നടന്ന വാടക വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയില്‍ 2.33 ലക്ഷം രൂപ കണ്ടെടുത്തു. ഈ പണം ചോദിച്ചാണ് തര്‍ക്കമുണ്ടായതും കൊലപാതകത്തിലെത്തിയതെന്നും പോലീസ് പറഞ്ഞു. താളൂപ്പാടത്തുണ്ടായിരുന്ന വീട്, മരിച്ച ശോഭനയും കുടുംബവും എട്ടുലക്ഷം രൂപയ്ക്ക് വിറ്റു. നാലു ലക്ഷം രൂപകൊണ്ട് കടം തീര്‍ത്തു. ബാക്കി പണം വിഷ്ണുവിന്റെ പേരില്‍ രണ്ട് ബാങ്കുകളിലായി നിക്ഷേപിച്ചു.
വിഷ്ണുവിന് തന്റെ അക്കൗണ്ടിലുള്ള പണം ആരോ താനറിയാതെ പിന്‍വലിക്കുന്നുണ്ടെന്ന സംശയം ഇതിനിടയില്‍ ഉണ്ടായി. മൊബൈല്‍ വഴി ശ്രമിച്ചുനോക്കിയിട്ടും പണം കിട്ടാതിരുന്നത് സംശയത്തിന് ആക്കം കൂട്ടി. ഒടുവില്‍ ബാങ്കില്‍നിന്ന് പണം പിന്‍വലിച്ച് വീട്ടില്‍ സൂക്ഷിക്കാന്‍ അമ്മയുടെ കൈവശം ഏല്‍പ്പിച്ചു. അപ്പോഴും അമ്മയും മറ്റുപലരും ചേര്‍ന്ന് പണം താനറിയാതെ മാറ്റുന്നുണ്ടെന്ന ചിന്ത വരാന്‍ തുടങ്ങി. സംഭവം നടന്ന ദിവസം വീട്ടിൽ സൂക്ഷിച്ച പണം കാണിച്ച് കൊടുക്കാൻ വിഷ്ണു അമ്മയോട് ആവശ്യപ്പെട്ടു.
എന്നാൽ, കണക്കില്ലാതെ ലോട്ടറിയെടുത്തും ഓൺലൈൻ ഇടപാടുകൾ വഴിയും മകൻ പണം നഷ്ടപ്പെടുത്തുന്നതറിഞ്ഞു ശോഭന ചോദ്യംചെയ്തു. അക്കൗണ്ടിൽ ബാക്കിയുണ്ടായിരുന്ന 2,00,000 രൂപ ശോഭനയുടെ നിർബന്ധത്തിനു വഴങ്ങി വിഷ്ണു അമ്മയുമൊത്ത് ബാങ്കിൽ പോയി പിൻവലിച്ചു. ഈ പണം ശോഭനയാണു കൈവശം വച്ചിരുന്നത്. ചെലവിനു പണം ആവശ്യപ്പെട്ടു വിഷ്ണു വീണ്ടും എത്തിയപ്പോൾ തർക്കമുണ്ടായി. വൈകീട്ട് നാല് മണിയോടെയാണ് കൊലപാതകം നടന്നത്.
കൊടകര കിഴക്കേ കോടാല കൊള്ളിക്കുന്ന് വാടക വീട്ടിലായിരുന്നു ഭർത്താവ് ചാത്തൂട്ടിയും, ശോഭനയും മകനും താമസിച്ചിരുന്നത്. അച്ഛൻ ചാത്തുട്ടി പണിയ്ക്ക് പോയ സമയത്തായിരുന്നു അമ്മയെ ശ്വാസം മുട്ടിച്ചത്. ശേഷം ഗ്യാസ് സിലിണ്ടർ തലയ്ക്കടിച്ച് മരണം ഉറപ്പാക്കി.
ചാത്തുട്ടിയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. വിഷ്ണു കൊലയ്ക്ക് ശേഷം പണം എടുക്കാതെ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥർ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് അമ്മയെ കൊലപ്പെടുത്തിയ വിവരം വിഷ്ണു പറയുന്നത്. സംഭവം സത്യമാണോ എന്നറിയാൻ ഉദ്യോഗസ്ഥർ നേരിട്ട് കൊള്ളിക്കുന്നിലെ വാടക വീട്ടിലെത്തി. അപ്പോൾ മാത്രമാണ് നാട്ടുകാരും, അയൽക്കാരും കൊലപാതക വിവരം അറിയുന്നത്.
കൊടകര എസ്എച്ച്ഒ ജയേഷ് ബാലന്റെ നേതൃത്വത്തിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തി. സയന്റിഫിക് അസി. മഹേഷ്, വിരലടയാള വിദഗ്ധൻ ബാലകൃഷ്ണൻ, വെള്ളിക്കുളങ്ങര എസ്ഐ പി.ആർ. ഡേവിസ്, ഗ്രേഡ് എസ്ഐമാരായ അനിൽ, മുരളി, സിപിഒമാരായ ഷാജു, ബിനീഷ് എന്നിവരുടെ നേതൃത്വത്തിൽ തുടർനടപടി സ്വീകരിച്ചു. ശോഭനയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം കൊരട്ടി പഞ്ചായത്ത് ക്രിമറ്റോറിയത്തിൽ സംസ്കരിച്ചു. വിഷ്ണു റിമാൻഡിലാണ്. പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തും.
https://www.facebook.com/Malayalivartha
























