വാപൊളിച്ച് ബിജെപിക്കാര്‍... കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയന്‍ നടത്തുന്ന ചര്‍ച്ച നിര്‍ണായകം; സില്‍വര്‍ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നതടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയാകും; കേന്ദ്രത്തിന്റെ എതിര്‍പ്പ് മാറ്റാന്‍ ബസവരാജ തുറുപ്പ് ഗുലാന്‍

തൃക്കാക്കര തെരഞ്ഞെടുപ്പില്‍ സിപിഎം എട്ടു നിലയില്‍ പൊട്ടി എന്ന് വന്നതോടെ സില്‍വര്‍ ലൈന്‍ മതിയാക്കി എന്നാണ് കോണ്‍ഗ്രസുകാരും ബിജെപിക്കാരും വിചാരിച്ചത്. എന്നാല്‍ എതിര്‍പ്പുകള്‍ മറികടന്ന് കേന്ദ്രത്തിന്റെ കൂടി പിന്തുണയോടെ സില്‍വര്‍ ലൈന്‍ കൊണ്ടുവരാന്‍ കര്‍ണാടകയുടെ പിന്തുണ തേടുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. സില്‍വര്‍ ലൈന്‍ പദ്ധതിയലടക്കം നിര്‍ണായക ഇടപെടല്‍ തേടി കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മയ്യയുമായി പിണറായി വിജയന്‍ ഇന്ന് രാവിലെ കൂടിക്കാഴ്ച നടത്തും.
രാവിലെ 9.30ന് ബെംഗളുരുവില്‍ കര്‍ണാടക മുഖ്യമന്ത്രി യുടെ ഔദ്യോഗിക വസതിയിലാണ് കൂടികാഴ്ച. സില്‍വര്‍ലൈന്‍ പാത മംഗളൂരു വരെ നീട്ടുന്നതടക്കമുള്ള കാര്യങ്ങളാകും ഇരു മുഖ്യമന്ത്രിമാരും ചര്‍ച്ചചെയ്യുക. സില്‍വര്‍ലൈന്‍ ഉള്‍പ്പടെ റെയില്‍വേയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ മുഖ്യമന്ത്രി തലത്തില്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ കേരളവും കര്‍ണാടകയും തമ്മില്‍ ധാരണയായിരുന്നു.
ഇതിന്റെ തുടര്‍ച്ചയായാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടകത്തിലെത്തുന്നത്. നിലമ്പൂര്‍ നഞ്ചന്‍കോട് ,തലശ്ശേരി മൈസൂര്‍ റയില്‍ ലൈന്‍ എന്നിവയടക്കമുള്ള വിഷയങ്ങളും ഇരു നേതാക്കളും ചര്‍ച്ച ചെയ്യും. ഈ പദ്ധതികള്‍ക്കെല്ലാം കര്‍ണാടകത്തിന്റെ പിന്തുണ ഉറപ്പാക്കുകയാണ് മുഖ്യമന്ത്രി പിണറായിയുടെ സന്ദര്‍ശനത്തിന്റെ ലക്ഷ്യം. കൂടിക്കാഴ്ചയില്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിക്കൊപ്പം പങ്കെടുക്കും.
ശേഷം കര്‍ണാടക ബാഗെപ്പള്ളിയില്‍ സിപിഎം സംഘടിപ്പിക്കുന്ന പൊതുയോഗത്തിലും ബഹുജന റാലിയിലും പങ്കെടുത്ത ശേഷമാകും പിണറായി വിജയന്‍ മടങ്ങുക. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ പങ്കെടുത്ത ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ യോഗത്തിനിടയിലാണ് കേരളം സില്‍വലൈന്‍ പദ്ധതിയില്‍ കര്‍ണാടകയുടെ പിന്തുണ തേടിയത്. സില്‍വര്‍ലൈന്‍ മംഗലാപുരത്തേക്ക് കൂടി നീട്ടാമെന്നതാണ് കേരളം മുന്നോട്ട് വച്ച നീക്കം. ഇത് സംബന്ധിച്ച് ദക്ഷിണേന്ത്യന്‍ കൗണ്‍സില്‍ യോഗത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചക്കാണ് അന്ന് ധാരണയായത്.
ഇതിന്റെ തുടര്‍ച്ചയായാണ് ഞായറാഴ്ചത്തെ ചര്‍ച്ചക്ക് ഇരു മുഖ്യമന്ത്രിമാരും സന്നദ്ധരായത്. നാല് പ്രധാന നഗരങ്ങളെയും അയല്‍ സംസ്ഥാനങ്ങളെയും ബന്ധിപ്പിച്ചുള്ള അതിവേഗ റെയില്‍ ഇടനാഴിക്കായി തമിഴ്‌നാടും അന്നത്തെ കൗണ്‍സിലില്‍ ആവശ്യമുയര്‍ത്തിയിരുന്നു. കേന്ദ്രം അനുമതി നല്‍കിയാല്‍ പദ്ധതിയുമായി മുന്നോട്ടുപോകാനാകും. ഇത് തന്നെയാകും കര്‍ണാടക മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ കേരള സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കുക.
മംഗലാപുരം കണക്ടിവിറ്റിയെന്ന പുതിയ ആശയം മുന്നോട്ടുവെച്ചതോടെ കര്‍ണാടകയെ കൂടി രംഗത്തിറക്കാനാകുമെന്നും പ്രതീക്ഷയുണ്ട്. ബി ജെ പി ഭരിക്കുന്ന സംസ്ഥാനത്തിന്റെ പിന്തുണ കിട്ടിയാല്‍ സില്‍വര്‍ ലൈനിന് പച്ചക്കൊടി വൈകില്ലെന്നും പ്രതീക്ഷയുണ്ട്. ദക്ഷിണേന്ത്യന്‍ കൗണ്‍സിലില്‍ അമിത്ഷാ നേതൃത്വം നല്‍കിയ യോഗത്തില്‍ അജണ്ടയായി ഇക്കാര്യം മുന്നോട്ട് വച്ചിരുന്നെങ്കിലും, കര്‍ണാടക കേരള മുഖ്യമന്ത്രിമാര്‍ തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷം ബാക്കി കാര്യം നോക്കാമെന്ന ധാരണയിലെത്തി അജണ്ടയില്‍ നിന്ന് മാറ്റുകയായിരുന്നു.
ഡി പി ആര്‍ ഉള്‍പ്പടെ സാങ്കേതിക വിവരങ്ങള്‍ കേരളം കര്‍ണാടകക്ക് കൈമാറും. കര്‍ണാടകയുടെ നിലപാടാകും ശേഷം നിര്‍ണായകമാകുക. അനുകൂലമായാല്‍ കേന്ദ്ര താല്‍പര്യം കൂടി പദ്ധതിക്ക് വരുമെന്നാണ് കേരള സര്‍ക്കാര്‍ കണക്കുകൂട്ടല്‍. തലശേരി മൈസുരു, നിലമ്പൂര്‍ നഞ്ചന്‍ഗോഡ് റെയില്‍പാതകളുടെ കാര്യത്തിലും അവസ്ഥ സമാനമാണ്. എന്തായാലും കര്‍ണാടകയുടെ പിന്തുണ കിട്ടിയാല്‍ സില്‍വര്‍ലൈന്‍ വീണ്ടും പച്ച പിടിക്കും.
https://www.facebook.com/Malayalivartha

























