കൂടുതൽ തുക നൽകാമെന്ന് വാഗ്ദാനം നൽകി; മലപ്പുറത്ത് ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; രണ്ടുപേരെ അറസ്റ്റ് ചെയ്‌ത് പോലീസ്

മലപ്പുറത്ത് ഒന്നാംസമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് കവർന്ന രണ്ടുപേർ അറസ്റ്റിൽ. സംഭവത്തിൽ മണ്ണാർക്കാട് സ്വദേശികളായ മുജീബ് (46), പ്രഭാകരൻ (44) എന്നിവരെയാണ് മഞ്ചേരി പൊലീസ് അറസ്റ്റുചെയ്തത്. ടിക്കറ്റ് കൈമാറിയാൽ കൂടുതൽ തുക നൽകാമെന്ന് പറയുകയും, തുടർന്ന് ലോട്ടറി ടിക്കറ്റ് കൈക്കലാക്കുകയുമായിരുന്നു. മഞ്ചേരി സ്വദേശി അലവിയുടെ പാരാതിയിലാണ് അറസ്റ്റ്.
അതേസമയം സംസ്ഥാന ലോട്ടറി വകുപ്പിന്റെ നിർമൽ ലോട്ടറിയുടെ 70 ലക്ഷം രൂപ ഒന്നാംസമ്മാനം ലഭിച്ച എൻ ഡി 798484 നമ്പർ ടിക്കറ്റാണ് കവർന്നത്. മാത്രമല്ല എട്ടംഗസംഘമാണ് തട്ടിയെടുത്തത്. എന്നാൽ ഇവരിൽ ഇടനിലക്കാരായ രണ്ടുപേരാണ് ഇപ്പോൾ പിടിയിലായത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഇക്കഴിഞ്ഞ ഓഗസ്റ്റ് 19-ന് നറുക്കെടുത്ത ടിക്കറ്റാണിത്. എന്നാൽ സമ്മാനം ലഭിച്ച് ഒരുമാസമായിട്ടും അലവി ബാങ്കിൽ ടിക്കറ്റ് നൽകിയിരുന്നില്ല. മാത്രമല്ല സമ്മാനത്തുകയായി നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കുക. ഇതേതുടർന്ന് ടിക്കറ്റ് കൈമാറിയാൽ 45 ലക്ഷം രൂപ നൽകാമെന്നാണ് പാലക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘം അലവിയോട് പറഞ്ഞത്. ഇതനുസരിച്ച് അലവിയുടെ മകൻ ആഷിഖ് ടിക്കറ്റുമായെത്തി. ടിക്കറ്റ് പരിശോധിക്കാനായി വാങ്ങിയ സംഘം ആഷിഖിനെ തള്ളിമാറ്റി ടിക്കറ്റുമായി കടന്നുകളയുകയായിരുന്നു.
https://www.facebook.com/Malayalivartha

























