മൊബൈല്‍ ജാമറടക്കം വന്‍ സന്നാഹം... പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് നടത്താനായി എന്‍ഐഎ, ഇഡി ഉദ്യോഗസ്ഥ സംഘം കേരളത്തിലെത്തിയത് വന്‍ സന്നാഹത്തോടെ; മൊബൈല്‍ ജാമറടക്കം അത്യാധുനിക സംവിധാനങ്ങള്‍ കൊണ്ടുവന്നു; റെയ്ഡിന് തീരുമാനം 2 മാസം മുന്‍പ്

പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ റെയ്ഡ് പെട്ടന്ന് നടത്തിയതല്ല. വളരെയേറെ ആലോചിച്ച് ആരുമാരും അറിയാതെ രഹസ്യമായാണ് റെയ്ഡ് നടത്തിയത്. റെയ്ഡിനായി എന്‍ഐഎ, ഇഡി ഉദ്യോഗസ്ഥ സംഘം കോഴിക്കോട് വിമാനത്താവളത്തിലെത്തിയത് വ്യോമസേനയുടെ ഗജരാജ വിമാനത്തിലാണ്.
മൊബൈല്‍ ജാമറുള്‍പ്പെടെയുള്ള സംവിധാനങ്ങളുമായി ബുധനാഴ്ച രാത്രി 7 മണിയോടെയാണ് സംഘം വിമാനത്താവളത്തിലെത്തിയത്. ലോക്കല്‍ പൊലീസിനെ റെയ്ഡ് വിവരം അറിയിച്ചിരുന്നെങ്കിലും വിശദ വിവരങ്ങള്‍ കൈമാറിയിരുന്നില്ല. സിആര്‍പിഎഫിനായിരുന്നു മുഖ്യസുരക്ഷാ ചുമതല. വന്‍ പൊലീസ് സന്നാഹം റെയ്ഡ് നടന്നയിടങ്ങളിലെല്ലാം നിലയുറപ്പിച്ചിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് ഓഫിസുകളിലും നേതാക്കളുടെ വീടുകളിലും പരിശോധന നടത്താനുള്ള തീരുമാനം ആഭ്യന്തര വകുപ്പിന്റെ ഉന്നതതലത്തിലുണ്ടായത് 2 മാസം മുന്‍പാണ്. അതിനുള്ള മുന്നൊരുക്കങ്ങള്‍ക്കായി ഓരോ സംസ്ഥാനങ്ങളിലും പ്രത്യേക സംഘത്തെ നിയോഗിച്ചു. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ), ഇന്റലിജന്‍സ് ബ്യൂറോ (ഐബി), സംസ്ഥാന പൊലീസ് എടിഎസ് എന്നിവയുടെ കൂട്ടായ വിവരശേഖരണത്തിലൂടെയാണു പരിശോധന നടത്തേണ്ട സ്ഥലങ്ങള്‍ തീരുമാനിച്ചത്.
നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചും വിവരശേഖരണം നടത്തിയിരുന്നു. സ്ഥലങ്ങളുടെ ഡിജിറ്റല്‍ മാപ്പിങ് നടത്തി ലൊക്കേഷന്‍ ഐബിയുടെ നേതൃത്വത്തില്‍ 3 ആഴ്ച നിരീക്ഷിച്ച ശേഷമാണ് ഇന്നലെ പുലര്‍ച്ചെയോടെ പരിശോധന തുടങ്ങിയത്. സംസ്ഥാന പൊലീസിനെ ഒഴിവാക്കി സിആര്‍പിഎഫ് സംഘത്തെയാണു സുരക്ഷാ ചുമതല ഏല്‍പിച്ചത്.
സിആര്‍പിഎഫിന്റെ റാഞ്ചി കേഡറിലെ 10 ബറ്റാലിയനുകളിലെ 750 ഭടന്മാരെയാണ് കേരളത്തിലേക്കു വിട്ടത്. 18 മുതല്‍ പല ദിവസങ്ങളിലായി ഇവര്‍ കേരളത്തിലെത്തി. ബുധനാഴ്ച രാത്രി വൈകിയാണ് ദൗത്യം അറിയിച്ചത്. കൊച്ചി എന്‍ഐഎ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു ആസൂത്രണം. 3 ദിവസം മുന്‍പ് എന്‍ഐഎ പ്രത്യേക കോടതികളെ വിവരം അറിയിച്ചു. കോടതികള്‍ക്കും എന്‍ഐഎ ഓഫിസിനും പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. ഒരു മാസത്തിനിടെ പോപ്പുലര്‍ ഫ്രണ്ടിനെതിരെ 3 തവണ എന്‍ഐഎ ചെറിയ തോതിലുള്ള റെയ്ഡുകള്‍ നടത്തിയിരുന്നു.
മലപ്പുറം ജില്ലയില്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ 5 പേരുടെ വീടുകളിലും ദേശീയപാതയില്‍ പുത്തനത്താണിക്കു സമീപമുള്ള പോപ്പുലര്‍ ഫ്രണ്ട് ഓഫിസിലുമാണ് റെയ്ഡ് നടന്നത്. കോഴിക്കോട്ടെ സംസ്ഥാന കമ്മിറ്റി ഓഫിസിലും 2 നേതാക്കളുടെ വീടുകളിലും റെയ്ഡ് നടന്നു. പോപ്പുലര്‍ ഫ്രണ്ട് കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മിറ്റി ഓഫിസിലും കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫിസിലും റെയ്ഡ് നടത്തി.
കാസര്‍കോട് ജില്ലാ പ്രസിഡന്റ് സി.ടി.സുലൈമാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയെങ്കിലും അദ്ദേഹം ഉണ്ടായിരുന്നില്ല. സുലൈമാനെ പിന്നീട് പയ്യന്നൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുനിന്ന് കസ്റ്റഡിയിലെടുത്തു. പാലക്കാട് ജില്ലയില്‍ പോപ്പുലര്‍ ഫ്രണ്ട് പട്ടാമ്പി ഓഫിസിലും സംസ്ഥാന സെക്രട്ടറി സി.എ.റൗഫിന്റെ കരിമ്പുള്ളിയിലെ വീട്ടി!ലും പരിശോധന നടത്തി. റൗഫ് വീട്ടിലുണ്ടായിരുന്നില്ല.
തൃശൂര്‍ ജില്ലയില്‍ ചാവക്കാട്ടെ ജില്ലാ ഓഫിസിലും 2 നേതാക്കളുടെ വസതിയിലുമായിരുന്നു റെയ്ഡ്. തിരുവനന്തപുരത്ത് രണ്ടിടത്തായിരുന്നു റെയ്ഡ്. സംസ്ഥാന നേതാവ് അഷറഫ് മൗലവിയുടെ പൂന്തുറയിലെ വീട്ടിലും ട്രിവാന്‍ഡ്രം എജ്യുക്കേഷനല്‍ സര്‍വീസ് ട്രസ്റ്റ് ചെയര്‍മാന്‍ അബ്ദുല്‍ റഷീദിന്റെ മണക്കാട്ടെ വീട്ടിലുമായിരുന്നു പരിശോധന.
കൊല്ലം കരുനാഗപ്പള്ളി പുതിയകാവിലെ എസ്ഡിപിഐ ദക്ഷിണ കേരള ഓഫിസിലും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി അബ്ദുല്‍ സത്താറിന്റെ വീട്ടിലും റെയ്ഡ് നടന്നു. ഒരു വര്‍ഷം മുന്‍പ് എന്‍ഐഎ അറസ്റ്റ് ചെയ്ത ക്യാംപസ് ഫ്രണ്ട് ദേശീയ ജനറല്‍ സെക്രട്ടറി റൗഫ് ഷെറീഫിന്റെ വീട്ടിലും റെയ്ഡ് നടന്നു.
"
https://www.facebook.com/Malayalivartha


























