പോപ്പുലർ ഫ്രണ്ടിനെ ഉരുക്കു മുഷ്ടി ഉപയോഗിച്ച് നേരിടണമെന്ന് ഹൈക്കോടതി... ഹർത്താൽ നിയമവിരുദ്ധം!

പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും സമരാനുകൂലികൾ നടത്തുന്ന അക്രമം തടയാൻ അടിയന്തര നടപടി വേണമെന്ന കോടതി നിര്‍ദ്ദേശിച്ചു. ഹർത്താൽ നിയമവിരുദ്ധമെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സ്വകാര്യസ്വത്തും പൊതുസ്വത്തും നശിപ്പിച്ചാൽ പ്രത്യേകം കേസുകൾ എടുക്കണം എന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഹർത്താലിന് ആഹ്വാനം ചെയ്തവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കും ഹൈക്കോടതി ഉത്തരവുണ്ട്.
ജനങ്ങളെ ബന്ദിയാക്കുന്നതാണ് ഹർത്താൽ. ഇത് നേരത്തെയുള്ള ഹൈക്കോടതി ഉത്തവിന് വിരുദ്ധമായിട്ടുള്ള ഹർത്താൽ പ്രഖ്യാപനമാണ് നടന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സംസ്ഥാന നേതാക്കൾക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പൗരന്മാരുടെ ജീവിതത്തെ തടസ്സപ്പെടുത്തുന്ന ഇത്തരം അക്രമങ്ങൾ ഉരുക്ക് മുഷ്ടി ഉപയോഗിച്ചു നേരിടണം. അക്രമം തടയാൻ എല്ലാ സംവിധാനവും ഉപയോഗിക്കണമെന്നും കോടതി വാദത്തിനിടെ വ്യക്തമാക്കി.
അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നത്. പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ഹർത്താലിനെതിരെ അടിയന്തരമായി സ്വമേധയാ കേസെടുത്താണ് ഹൈക്കോടതി പ്രാഥമിക വാദം പൂർത്തീകരിച്ചത്. മിന്നൽ ഹർത്താൽ അംഗീകരിക്കാൻ കഴിയില്ല. അത് നിയമവിരുദ്ധമാണ്. 7 ദിവസത്തെ മുൻകൂർ നോട്ടിസ് നൽകണമെന്നുള്ള മുൻ ഉത്തരവു പാലിക്കാതെയുള്ള ഹർത്താൽ നിയമവിരുദ്ധമാണെന്ന് ജസ്റ്റിസ് എ. കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പി.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് കഴിഞ്ഞ ദിവസം ഹർത്താൽ പ്രഖ്യാപിച്ചത്. ഇവർക്കെതിരെ കടുത്ത നടപടിയിലേക്കാണ് ഹൈക്കോടതി കടക്കുന്നത്. സംസ്ഥാന വ്യാപകമായി ഹർത്താലിന്റെ മറവിൽ നടക്കുന്ന വ്യാപക ആക്രമണങ്ങളിൽ കർശന നടപടിയെടുക്കാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകുകയും ചെയ്തു. പൊതുമുതൽ നശിപ്പിക്കലും സ്വകാര്യ സ്വത്തുക്കൾ നശിപ്പിക്കലിനുമെതിരെ പ്രത്യേകം കേസുകളെടുത്ത് അക്രമികൾക്കെതിരെ കടുത്ത നടപടികളെടുക്കണമെന്ന് കോടതി സർക്കാരിന് നിർദ്ദേശം നൽകി.
പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്ത് വ്യാപക ആക്രമണമാണുണ്ടാകുന്നത്. പലയിടത്തും സമരാനുകൂലികൾ നിരത്തിലിറങ്ങി വാഹനങ്ങൾ തടഞ്ഞു. കല്ലേറിൽ നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. കണ്ണൂർ ഉളിയിൽ പത്രവാഹനത്തിന് നേരെ ബോംബേറുണ്ടായി. കെഎസ്ആര്‍ടിസി ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി.
https://www.facebook.com/Malayalivartha


























