തേവലക്കരയിൽ വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയി, പിടിച്ചപ്പോൾ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി ;മാരകമയക്കുമരുന്ന് കാറിൽ കടത്താൻ ശ്രമിച്ച യുവാവിനെ എക്സൈസ് പിടികൂടിയത് ഇങ്ങനെ...

കൊല്ലത്ത് മാരക മയക്കുമരുന്നുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. മാരക മയക്കുമരുന്നായ എം.ഡി.എം.എ കാറിൽ കടത്താൻ ശ്രമിച്ച യുവാവിനെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ തേവലക്കര കക്കാത്തോട് വടക്കതിൽ എസ്. ഷാജിയെ (39) ആണ് കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് സി.ഐ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം സാഹസികമായി അറസ്റ്റ് ചെയ്തത്.
2.127 ഗ്രാം എം.ഡി.എം.എയുമായിട്ടാണ് യുവാവ് പിടിയിലായത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ചവറ, തേവലക്കര ഭാഗങ്ങളിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഭവം. എന്നാൽ തേവലക്കരയിൽ വാഹന പരിശോധനക്കിടെ കൈ കാണിച്ചിട്ടും നിർത്താതെ പോയ കാറിനെ പിന്തുടർന്ന് തടഞ്ഞപ്പോൾ ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങിയോടി. തുടർന്ന് എക്സൈസ് സംഘം ഇയാളെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. മാത്രമല്ല ഷാജി മുമ്പും മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടിരുന്നു.
എന്നാൽ ആ സമയത്ത് ബന്ധുക്കളുമായി ചേർന്ന് കരുനാഗപ്പള്ളി എക്സൈസ് സംഘത്തെ ആക്രമിക്കാൻ ശ്രമിച്ചതിനും കേസ് നിലവിലുണ്ട്. ഇയാൾക്കു പിന്നിൽ വൻ മയക്കുമരുന്ന് റാക്കറ്റ് പ്രവർത്തിക്കുന്നതായും അതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും അസി. എക്സൈസ് കമ്മീഷണർ വി. റോബർട്ട് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
https://www.facebook.com/Malayalivartha


























