പോപ്പുലര്‍ ഫ്രണ്ട് ഇന്നലെ നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമം... അറസ്റ്റിലായത് 170 പേര്‍ , 368 പേര്‍ കരുതല്‍ തടങ്കലില്‍, 157 പേര്‍ക്കെതിരെ കേസ്

പോപ്പുലര്‍ ഫ്രണ്ട് ഇന്നലെ നടത്തിയ മിന്നല്‍ ഹര്‍ത്താലില്‍ വ്യാപക അക്രമം. ഹെല്‍മെറ്റ് ധരിച്ചും മുഖം മറച്ചും ബൈക്കുകളില്‍ എത്തിയാണ് പ്രവര്‍ത്തകര്‍ കല്ലും പെട്രോള്‍ ബോംബുമെറിഞ്ഞത്. കല്ല് സഞ്ചികളിലാക്കിയാണ് കൊണ്ടുവന്നത്.
70 ഓളം കെ.എസ്.ആര്‍.ടി ബസുസകളാണ് തകര്‍ത്തത്. കൊല്ലത്ത് രണ്ട് പൊലീസുകാരെ ബുള്ളറ്റ് ഇടിച്ചു വീഴ്ത്ത്ി. ചരക്ക് വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും തകര്‍ത്തു. കോഴിക്കോട്ടെ കല്ലേറില്‍ വര്‍ക്കല സ്വദേശിയായ ലോറി ഡ്രൈവറുടെ കണ്ണും മൂക്കും തകര്‍ന്നു. ഭയന്ന് ലോറി ഒതുക്കിയിട്ടപ്പോഴായിരുന്നു ആക്രമണം നടന്നത്.
കണ്ണൂര്‍ മട്ടന്നൂരില്‍ ആര്‍.എസ്.എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. കടകമ്പോളങ്ങള്‍ പലയിടത്തും ബലം പ്രയോഗിച്ച് അടപ്പിച്ചു. 170 പേര്‍ അറസ്റ്റിലായി. 368 പേരെ കരുതല്‍ തടങ്കലിലാക്കി. 157 കേസുകള്‍ എടുത്തു. പൊലീസിനെ സാക്ഷിയാക്കിയായിരുന്നു മിക്ക സ്ഥലങ്ങളിലും അക്രമം. കല്ലേറില്‍ യാത്രക്കാര്‍ക്കും പരിക്കേറ്റു.
സ്വകാര്യ വാഹനങ്ങളില്‍ യാത്രചെയ്തവരെ ആക്രമിക്കാനും ശ്രമമുണ്ടായി. ഈരാറ്റുപേട്ടയില്‍ പൊലീസും സമരക്കാരും ഏറ്റുമുട്ടി.അപൂര്‍വം ടാക്‌സികളും ആട്ടോറിക്ഷകളും നിരത്തിലിറങ്ങിയെങ്കിലും കല്ലേറ് ഭയന്ന് ഓട്ടം നിറുത്തുകയാണുണ്ടായത്. മലബാര്‍ മേഖലയില്‍ കച്ചവട സ്ഥാപനങ്ങള്‍ മിക്കവയും അടഞ്ഞുകിടന്നു. സര്‍ക്കാര്‍ ഓഫീസുകളും സ്‌കൂളുകളും തുറന്നെങ്കിലും ഹാജര്‍ നന്നേ കുറവായിരുന്നു. പെട്രോള്‍ പമ്പുകളും ബാങ്കുകളും പ്രവര്‍ത്തിച്ചു.
കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയില്‍ പത്രം കൊണ്ടുപോയ വാഹനത്തിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു. പുന്നയൂര്‍ക്കുളത്ത് പഞ്ചായത്ത് സെക്രട്ടറിയുടെ വാഹനവും കോട്ടയത്ത് ലോട്ടറിക്കടയും കണ്ണൂരില്‍ മില്‍മ ബൂത്തും അടിച്ചു തകര്‍ത്തു. എറണാകുളത്തും കോട്ടയത്തും ഹോട്ടലിന് നേരെ മുഖംമൂടി ആക്രമണം നടന്നു.കോഴിക്കോട്,വയനാട്, തിരുവനന്തപുരം,ആലപ്പുഴ, കൊല്ലം,തൃശൂര്‍,കണ്ണൂര്‍ ജില്ലകളിലാണ് കെ.എസ്.ആര്‍.ടി സി ബസ് കൂടുതലും ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ കെഎസ്ആര്‍ടിസിക്ക് വലിയ സാമ്പത്തിക നഷ്ടമുണ്ടായെന്നാണ് കണക്ക്.
"
https://www.facebook.com/Malayalivartha


























