കോടതിയേയും വെറുപ്പിച്ചു... ദേശ വ്യാപക റെയ്ഡിന് കേരളത്തില്‍ ബസിന് നേരെ കല്ലെറിഞ്ഞ് ശക്തി പ്രകടനം നടത്താന്‍ നോക്കി; ഹൈക്കോടതി വിധിപോലും വില കല്‍പിക്കാതെ ഹര്‍ത്താല്‍ നടത്തി വ്യാപക അക്രമം; പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് രേഖകള്‍ കിട്ടി എന്‍ഐഎ

വെറുതേയൊരു ഹര്‍ത്താല്‍ നടത്തി മലയാളികളുടെ ക്ഷമയെ പരീക്ഷിച്ച പോപ്പുലര്‍ ഫ്രണ്ടിന് വലിയ തിരിച്ചടി. ഹൈക്കോടതിയുടെ പോലും രൂക്ഷമായ വിമര്‍ശനത്തിന് കാരണമായി. 70 ലധികം കെഎസ്ആര്‍ടിസി ബസുകള്‍ക്കാണ് നാശനഷ്ടമുണ്ടായത്. 170 ഓളം പേര്‍ പിടിയിലായിട്ടുമുണ്ട്.
അതിനിടെ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് നിര്‍ദ്ദേശിച്ച് ആഭ്യന്തരമന്ത്രാലയത്തിന് എന്‍ഐഎ പുതിയ റിപ്പോര്‍ട്ട് നല്‍കും, പിഎഫ്‌ഐ ഓഫീസുകളില്‍ നടത്തിയ റെയിഡില്‍ വയര്‍ലസ് സെറ്റുകളും, ജിപിഎസ് റിസീവറുകളും പിടിച്ചെടുത്തതായി എന്‍ഐഎ. താലിബാന്‍ മാതൃക മതമൗലികവാദം പിഎഫ്‌ഐ പ്രചരിപ്പിക്കുന്നതിന്റെ രേഖകള്‍ കിട്ടിയതായും എന്‍ഐഎ അവകാശപ്പെട്ടു. പോപ്പുലര്‍ ഫ്രണ്ടിനെതിരെ എന്‍ഐഎ നടത്തിയ ഓപ്പറേഷനില്‍ 45 പേരാണ് അറസ്റ്റിലായത്.
ദില്ലിയില്‍ എത്തിച്ച നേതാക്കളെ എന്‍ഐഎ ആസ്ഥാനത്ത് ഇന്നലെ ചോദ്യം ചെയ്തു. ഡിജി ദിന്‍കര്‍ ഗുപ്തയുടെ മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഫണ്ടിംഗ്, പരിശീലന കേന്ദ്രങ്ങള്‍ എന്നിവയെക്കുറിച്ചായിരുന്നു എന്‍ഐഎ ചോദ്യങ്ങള്‍ ഉന്നയിച്ചത്. വിദേശത്തെ യുണിറ്റുകള്‍ വഴി പിഎഫ്‌ഐ പണം ശേഖരിച്ചതിന്റെ തെളിവുകള്‍ ഉണ്ടെന്നാണ് എന്‍ഐഎ പറയുന്നത്.
കൊലപാതകങ്ങളില്‍ എന്‍ഐഎ നേതാക്കളുടെ പങ്കുണ്ടോ എന്ന് പരിശോധിക്കും. താലിബാന്‍ മാതൃക മതമൗലികവാദം പ്രചരിപ്പിക്കുന്ന തെളിവുകള്‍ റെയിഡില്‍ പിടിച്ചെടുത്തു എന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ചിലര്‍ ഭീകരസംഘടനകളുമായി സമ്പര്‍ക്കത്തിലായിരുന്നു. തെലങ്കാനയില്‍ നടത്തിയ അന്വേഷണത്തില്‍ പരിശീലന കേന്ദ്രങ്ങളുടെ വിവരം കിട്ടിയിരുന്നു. യുവാക്കളെ കേരളത്തിലേക്ക് കൊണ്ടുപോയി പരിശീലനം നല്കുന്നു എന്ന സൂചനയും ഈ അന്വേഷണത്തില്‍ കിട്ടിയതായാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.
റെയ്ഡില്‍ ജിപിഎസ് സംവിധാനവും വയര്‍ലസ് സെറ്റുകളും പിടിച്ചെടുത്തു. കടല്‍യാത്രയ്ക്ക് സഹായിക്കുന്ന ജിപിഎസ് സംവിധാനമെന്ന സൂചനയാണ് ഉദ്യോഗസ്ഥര്‍ നല്കുന്നത്. ദില്ലിയില്‍ സംസ്ഥാന സെക്രട്ടറി ഉള്‍പ്പടെ മൂന്ന് പിഎഫ്‌ഐ നേതാക്കളെ ഇഡി അറസ്റ്റു ചെയ്തു. ആസമില്‍ സംസ്ഥാന പൊലീസ് കസ്റ്റഡിയിലെടുത്ത പത്തു പേരുടെ അറസറ്റും രേഖപ്പെടുത്തി. പിഎഫ് ഐ നിരോധിക്കാന്‍ പുതിയ റിപ്പോര്‍ട്ട് എന്‍ഐഎ കൈമാറും എന്നാണ് സൂചന. രണ്ടു തവണ ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് എന്‍ഐഎ നല്കിയിരുന്നു. ഇപ്പോഴത്തെ അന്വേഷണത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനം കേന്ദ്രസര്‍ക്കാര്‍ അലോചിക്കും എന്നാണ് ഉന്നതവൃത്തങ്ങള്‍ നല്കുന്ന സൂചന.
പോപ്പുലര്‍ ഫ്രണ്ട് മതങ്ങള്‍ തമ്മില്‍ ശത്രുത സൃഷ്ടിച്ചെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഗൂഢാലോചന നടത്തി. യുവാക്കളെ തീവ്രവാദ സംഘടനകളില്‍ ചേരാന്‍ പ്രോത്സാഹിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിച്ച് രഹസ്യ ആശയവിനിമയം നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടക്കമുള്ള തെളിവുകള്‍ കിട്ടിയെന്നും എന്‍ഐഎ.
പോപ്പുലര്‍ ഫ്രണ്ടിനെതിരെ രാജ്യവ്യാപക നീക്കമാണ് കഴിഞ്ഞ ദിവസം എന്‍ഐഎയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നടത്തിയത്. പുലര്‍ച്ചെ ഒരു മണിക്ക് രഹസ്യ ഓപ്പറേഷന്‍ എന്‍ ഐ തുടങ്ങുകയായിരുന്നു. കേന്ദ്രസേനയുടെ സുരക്ഷ ഉറപ്പാക്കിയാണ് എന്‍ഐഎ, ഇഡി ഉദ്യോഗസ്ഥര്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസിലും എത്തിയത്. റെയ്ഡ് നിരീക്ഷിക്കാന്‍ പലയിടത്തായി ആറു കണ്‍ട്രോള്‍ റൂമുകള്‍ തയ്യാറാക്കിയിരുന്നു. 1500 ലധികം ഉദ്യോഗസ്ഥര്‍ റെയിഡുകളില്‍ പങ്കെടുത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഓപ്പറേഷന്‍ നേരിട്ട് നിരീക്ഷിച്ചു എന്നാണ് സൂചന. ദില്ലിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് എന്‍ഐഎ രൂപീകരിച്ച ശേഷമുള്ള ഈ ഏറ്റവും വലിയ ഓപ്പറേഷന്‍. പിഎഫ്‌ഐക്ക് എതിരെ എന്‍ഐഎ നടത്തിയ റെയ്ഡില്‍ സിബിഐയും പങ്കെടുത്തിരുന്നു.
"
https://www.facebook.com/Malayalivartha


























