കാര്യങ്ങള്‍ മാറുന്നു... ബിഹാറില്‍ വച്ച് പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം നടത്തിയതായി ഇഡി; കേരളത്തില്‍ നിന്ന് അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷെഫീക്ക് പായത്ത് എന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇഡിയുടെ അമ്പരപ്പിക്കുന്ന വെളിപ്പെടുത്തല്‍

രാജ്യവ്യപകമായി നടന്ന എന്‍ഐഎ റെയ്ഡിനിടെ സുപ്രധാനമായ കണ്ടെത്തലും. ബിഹാറില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ആസൂത്രണം നടത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ. കേരളത്തില്‍ നിന്ന് അറസ്റ്റിലായ കണ്ണൂര്‍ സ്വദേശി ഷെഫീക്ക് പായത്ത് എന്ന പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കുന്നത്. ജൂലൈ 12ന് ബിഹാറിലെ പട്‌നയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഭാഗത്തുനിന്ന് നീക്കമുണ്ടായി.
ഇതിനായി പരിശീലന പരിപാടികള്‍ േപാപ്പുലര്‍ ഫ്രണ്ട് നടത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് 120 കോടി രൂപ ഹവാല ഇടപാടിലൂടെ സമാഹരിച്ചുവെന്നും ഇഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരപ്രവര്‍ത്തനങ്ങള്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, കലാപമുണ്ടാക്കല്‍ എന്നിവയ്ക്കുവേണ്ടിയാണ് പണം സമാഹരിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. വിദേശത്തുനിന്ന് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്‍ആര്‍ഐ അക്കൗണ്ട് വഴി നാട്ടിലേക്ക് അയയ്ക്കുന്ന പണം സംഘടനാനേതാക്കള്‍ക്കു ലഭിച്ചതായി ഇഡി വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കേന്ദ്ര സേനയുടെ സഹായത്തോടെ പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടന്ന പരിശോധനയില്‍ എന്‍ഐഎക്ക് ഒപ്പം ഇഡിയും പങ്കാളിയായിരുന്നു. 45 പേരാണ് എന്‍ഐഎയുടെ കസ്റ്റഡിയിലുള്ളത്. ഇഡി നാല് പേരെയും കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ മൂന്ന് പേര്‍ ദില്ലിയില്‍ നിന്നുള്ളയാളും ഒരാള്‍ കേരളത്തില്‍ നിന്നുള്ള ഷഫീഖ് പിയാണ് എന്നയാളുമാണെന്നാണ് വിവരം.
2018 മുതല്‍ ആരംഭിച്ച ഒരു കേസിലാണ് പ്രതികളെ പിടികൂടിയത്. ഇഡി കസ്റ്റഡിയിലുള്ള നാല് പേരുടെയും ഭാഗത്തേക്ക് കൂടുതല്‍ അന്വേഷണം വേണമെന്നാണ് ഇഡി ആവശ്യം. ജൂലൈയില്‍ ബീഹാറിലെ പറ്റ്‌നയില്‍ വെച്ച് നടന്ന റാലിയില്‍ വെച്ചാണ് പ്രധാനമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചതെന്നാണ് ഇഡി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. യുപിയില്‍ നിന്നുള്ള ചില നേതാക്കളെയും വധിക്കാന്‍ നീക്കം നടന്നുവെന്നും ഇതിനായി പരിശീലനം നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
മലയാളിയായ ഷഫീഖിനെതിരെ ഗുരുതര ആരോപണമാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. ഖത്തറിലെ ഒരു കമ്പനിയിലായിരുന്നു ഇയാള്‍ ജോലി ചെയ്തിരുന്നത്. ഈ ബന്ധങ്ങള്‍ വഴിയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സമാഹരിച്ചത്. ആകെ 120 കോടി രൂപ വിദേശത്ത് നിന്നും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സമാഹരിച്ചുവെന്നും ഇതിനുള്ള തെളിവുകള്‍ ലഭിച്ചെന്നും ഇഡി റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്ത് വിവിധയിടങ്ങളില്‍നിന്ന് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്യുന്നത് ദില്ലി എന്‍ഐഎ ആസ്ഥാനത്ത് തുടരുകയാണ്. ഇന്നലെ 8 മണിക്കൂറിലധികമാണ് പ്രതികളെ ചോദ്യം ചെയ്തത്. റെയ്ഡില്‍ പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. തിങ്കളാഴ്ച പിഎഫ്‌ഐ നേതാക്കളെ വീണ്ടും കോടതിയില്‍ ഹാജരാക്കും. അതിനിടെ എന്‍ഐഎ പരിശോധനയ്ക്കും നേതാക്കളുടെ അറസ്റ്റിനും പിന്നാലെ കേരളത്തില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കേന്ദ്രം റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
"
https://www.facebook.com/Malayalivartha


























