എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസ്... യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിനെ 3 ദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു, ഇരുപത്താറാം തീയതി 5 മണിക്കകം തിരികെ ഹാജരാക്കണം, 5 ദിവസം വേണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം കോടതി തള്ളി, കസ്റ്റഡി അപേക്ഷ കേട്ട ശേഷം ജാമ്യഹര്‍ജി പരിഗണിക്കും

പാളയം എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ 3 ദിവസത്തേക്ക് ക്രൈം ബ്രാഞ്ച് കസ്റ്റഡിയില്‍ വിട്ടു.ഇരുപത്താറാം തീയതി 5 മണിക്കകം തിര്യെ ഹാജരാക്കണം.
തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് കസ്റ്റഡിയില്‍ വിട്ടത്. അതേ സമയം തെളിവു ശേഖരണത്തിനായി പ്രതിയെ 5 ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന ക്രൈംബ്രാഞ്ച് ആവശ്യം തള്ളിക്കൊണ്ടാണ് മജിസ്‌ട്രേട്ട് അഭിനിമോള്‍ രാജേന്ദ്രന്റെ ഉത്തരവ്.
കോടതി നിര്‍ദ്ദേശ പ്രകാരം 11.15 ന് ജനറല്‍ ആശുപത്രിയില്‍ അയച്ച് മെഡിക്കല്‍ പരിശോധന നടത്തിയ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് കസ്റ്റഡിയില്‍ വിട്ടത്. പ്രതി മാനസികമായും ശാരീരികമായും ആരോഗ്യവാനാണെന്ന റിപ്പോര്‍ട്ട് കോടതി പരിഗണിച്ചു. പ്രതിയെ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കരുതെന്നും മൂന്നാം മുറ പ്രയോഗിക്കരുതെന്നും ക്രൈംബ്രാഞ്ച് എ സി പി ക്ക് നല്‍കിയ കസ്റ്റഡി ഉത്തരവില്‍ കോടതി വ്യക്തമാക്കി.
ലാബ് റിപ്പോര്‍ട്ട് പ്രകാരം വെറും നാടന്‍ പടക്കം എ കെ ജി സെന്ററിന് പുറത്ത് ആണ് എറിഞ്ഞതെന്നാണ് കേസ്. സംഭവം നടന്ന ജൂണ്‍ 30 ന് ശേഷം എട്ടാം നാള്‍ 160 നോട്ടീസ് കൊടുത്ത് വിളിച്ച ശേഷം കൃത്യമായി ഹാജരായ പ്രതിയെ ആരെയോ തൃപ്തിപ്പെടുത്താന്‍ നാടകീയമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് പ്രതിഭാഗം ബോധിപ്പിച്ചു. ആരെയോ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് 5 ദിവസം കസ്റ്റഡി ചോദിക്കുന്നതെന്നും പ്രതി ബോധിപ്പിച്ചു. ടീഷര്‍ട്ടിന്റെ പുറകിലെ ടാഗും ഷൂസും സിസിറ്റിവി യില്‍ കണ്ടെന്ന പോലീസ് ഹെല്‍മറ്റ് ധരിക്കാത്ത പ്രതിയുടെ മുഖം തിരിച്ചറിയാത്തതെന്തെന്ന് പ്രതി കോടതിയില്‍ ബോധിപ്പിച്ചു. നാശനഷ്ടം എത്രയെന്ന് നാളിതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്നും പ്രതി. ആരോപിക്കുന്ന കൃത്യം ശരിയാണെങ്കില്‍ പോലും കുട്ടികള്‍ ഉപയോഗിക്കുന്ന വെറും ഓലപ്പടക്കമാണെന്നും പ്രതി ബോധിപ്പിച്ചു.
3 പായ്ക്കറ്റുകളായി ഫോറന്‍സിക് ശേഖരിച്ച പേപ്പര്‍ കഷണങ്ങള്‍ , പടക്ക അവശിഷ്ടങ്ങള്‍ എന്നിവ ലാബ് പരിശോധനയില്‍ പൊട്ടാസ്യം ക്ലോറൈഡ് , സള്‍ഫര്‍ എന്നിവ ഉണ്ടെന്ന് കോടതി പറഞ്ഞു.
ബില്‍ഡിംഗില്‍ എറിഞ്ഞത് തൂണില്‍ തട്ടി റോഡില്‍ വീണതെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. 180 സിസിറ്റി വി ദ്യശ്യങ്ങള്‍ പരിശോധിച്ചതില്‍ കൃത്യത്തിന് ശേഷം ഡിയോ സ്‌കൂട്ടറില്‍ പ്രതി ഗൗരീശപട്ടത്തെത്തി അവിടെ നിന്ന് കാറിലാണ് പ്രതി രക്ഷപ്പെട്ടതെന്ന് സര്‍ക്കാര്‍ ബോധിപ്പിച്ചു. തല്‍സമയം 180 സിസിറ്റിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും പ്രതിയുടെ മുഖം തിരിച്ചറിയാത്തത് വിചിത്രമാണെന്നും പ്രതി ബോധിപ്പിച്ചു.
ഇന്ത്യന്‍ 120 ബി (ഗൂഢാലോചന), 436 ( തീവെയ്പ്) ,427 (അമ്പത് രൂപക്ക് മേല്‍ നാശനഷ്ടം വരുത്തുന്ന ദ്രോഹം) , സ്ഫോടക വസ്തു നിരോധന നിയമത്തിലെ 3(എ), 5(എ) എന്നീ വകുപ്പുകളാണ് യൂത്ത് കോണ്‍ഗ്രസ് അറ്റിപ്ര മണ്ഡലം പ്രസിഡന്റും മണ്‍വിള സ്വദേശിയുമായ ജിതിനെതിരെ ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. പ്രതിയെ അഞ്ചു ദിവസത്തെ കസ്റ്റഡി വേണമെന്നാണ് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടത്. ഒക്ടോബര്‍ ആറാം തീയതി വരെയാണ് പ്രതിയെ 22 ന് ഹാജരാക്കിയപ്പോള്‍ കോടതി റിമാന്‍ഡ് ചെയ്തത്. 23 ന് 12 മണിക്ക് കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും കോടതി പരിഗണിക്കുകയായിരുന്നു.
സ്ഫോടക വസ്തു എറിഞ്ഞത് ജീവഹാനി വരുത്തണമെന്ന ഉദ്ദേശത്തോടെയാണെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും റിമാന്റ് റിപ്പോര്‍ട്ടിലും കസ്റ്റഡി അപേക്ഷയിലും പറയുന്നു. പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളോടും സുഹൃത്തുക്കളോടും വിവരം പറഞ്ഞുവെന്നും പ്രതി കുറ്റം സമ്മതിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. ഗൂഢാലോചന തെളിയിക്കാന്‍ പ്രതിയെ കസ്റ്റഡിയില്‍ വേണമെന്നും മുഖ്യ തെളിവുകളായ ഡിയോ സ്‌കൂട്ടര്‍, ടീ ഷര്‍ട്ട് , ഷൂസ് എന്നിവ കണ്ടെത്താന്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും റിമാന്റ് , കസ്റ്റഡി അപേക്ഷകളില്‍ ആവശ്യപ്പെട്ടു.
അഞ്ചു സംഘമായി തിരിഞ്ഞ് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് ജിതിന്‍ പിടിയിലായത്. വാഹനം, ഫോണ്‍ രേഖകള്‍, സി സി ടിവി, വിവിധ സംഘടനകളിലെ പ്രശ്നക്കാരായ ആളുകള്‍, ബോംബ് നിര്‍മാണം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു ആദ്യം അന്വേഷണം നടന്നിരുന്നത്.
തുടര്‍ന്ന് പ്രതി ധരിച്ചിരുന്ന കറുത്ത ടീഷര്‍ട്ടിലും ഷൂസിലും അന്വേഷണം കേന്ദ്രീകരിക്കുകയായിരുന്നു. ഇതോടെ ടീഷര്‍ട്ട് 2022 മെയ് മാസത്തില്‍ പുറത്തിറക്കിയതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് ജൂലൈ ഒന്നു വരെ ഈ ടീഷര്‍ട്ട് വാങ്ങിയവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഇതില്‍നിന്ന് പ്രതി കൃത്യത്തിന് ഏതാനും ദിവസം മുമ്പ് നഗരത്തിലെ ഒരു പ്രമുഖ സ്ഥാപനത്തില്‍ നിന്നും ഇത്തരം ടീഷര്‍ട്ട് വാങ്ങിയിട്ടുള്ളതായി കണ്ടെത്തി. കൃത്യം ചെയ്ത ദിവസം പ്രതി ഉപയോഗിച്ച ഫോണ്‍ വിറ്റതായും പൊലീസ് കണ്ടെത്തി.
ആക്രമണ സമയത്തെ ദൃശ്യങ്ങളിലെ കെ.എസ്. ഇ.ബി ബോര്‍ഡ് വെച്ച് ഓടിയ കാര്‍ ജിതിന്റെ കാറാണെന്നും ക്രൈം ബ്രാഞ്ച് കണ്ടെത്തി. ഈ ദൃശ്യങ്ങളില്‍ കണ്ട ടീഷര്‍ട്ടും ഷൂസും ജിതിന്റെതാണെന്നും ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. ഇതും തെളിവായി സ്വീകരിച്ചു. ജിതിന്‍ ധരിച്ച ടീഷര്‍ട്ടും ഷൂവും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. സ്‌കൂട്ടറിലെത്തി എ.കെ.ജി സെന്ററിന് നേരെ പടക്കമെറിഞ്ഞത് ജിതിനാണെന്നും തെളിഞ്ഞതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പടക്കെമറിയാന്‍ സ്‌കൂട്ടറിലാണ് ജിതിനെത്തിയതെങ്കിലും പിന്നീട് ജിതിന്‍ കാറിലാണ് തിരിച്ചുപോയതെന്നും അന്വേഷണസംഘം കണ്ടെത്തി. ആക്രമണ സമയത്ത് ധരിച്ച അതേ ടീഷര്‍ട്ടും ഷൂസുമിട്ടുള്ള വീഡിയോയും ജിതിന്റെ ഫേസ്ബുക്ക് പേജിലുമുണ്ടായിരുന്നു. ഇതും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
22 ന് രാവിലെയാണ് ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. സംഭവം നടന്ന് 80ലേറെ ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രതിയെ പിടികൂടുന്നത്. എ.കെ.ജി സെന്റര്‍ ആക്രമണം നടത്തിയത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയെന്ന വിവരം ഈ മാസം 10ന് ക്രൈംബ്രാഞ്ച് മാധ്യമങ്ങള്‍ക്ക് പത്രക്കുറുപ്പ് നല്‍കിയിരുന്നു.
മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടന്ന വിമാനത്തിലും ഇയാള്‍ ഉണ്ടായിരുന്നെന്ന് അന്വേഷണ സംഘം പറഞ്ഞിരുന്നു. ആക്രമണം പദ്ധതിയിട്ടതും അതിന് വാഹനമടക്കം എത്തിച്ചതും ഇയാളാണെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. എ.കെ.ജി സെന്റര്‍ ആക്രമണ കേസ് പ്രതിയെ പിടികൂടാനാവാത്തതില്‍ പൊലീസിനു നേരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നിരുന്നത്.ജൂണ്‍ 30നാണ് എ.കെ.ജി സെന്ററിനു നേരെ ആക്രമണം ഉണ്ടായത്. ആക്രമണത്തിനു പിന്നാലെ ആരോപണ- പ്രത്യാരോപണങ്ങളുമായി ഭരണ-പ്രതിപക്ഷ കക്ഷികള്‍ നിയമസഭയിലടക്കം രംഗത്തെത്തിയിരുന്നു.ബോംബല്ല, പടക്കം പോലുള്ള വസ്തുവാണ് എ.കെ.ജി സെന്ററിന് നേരെയെറിഞ്ഞതെന്ന് സിറ്റി പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രാഥമിക അന്വേഷണത്തിലാണ് പടക്കം പോലുള്ള വസ്തുവാണെന്ന് മനസിലായത്. പ്രതിയെ കൃത്യമായി തിരിച്ചറിഞ്ഞെങ്കിലും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.
"
https://www.facebook.com/Malayalivartha


























