രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് വൈകുന്നേരം തൃശൂര്‍ നഗരത്തിലെത്തും....രണ്ടുമുതല്‍ രാത്രി എട്ടുവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി,

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് വൈകീട്ട് നഗരത്തിലെത്തും. ജില്ലയിലെ രണ്ടാംദിവസത്തെ ജോഡോ പദയാത്ര രാവിലെ 6.30-ന് ചാലക്കുടിക്കടുത്തുള്ള പേരാമ്പ്രയിലെ അപ്പോളോ ടയേഴ്സിനു മുന്നില്‍നിന്ന് തുടങ്ങും. 11-ന് ആമ്പല്ലൂരില്‍ എത്തും.
വൈകുന്നേരം നാലിന് തലോരില്‍ ആരംഭിക്കുന്ന യാത്ര ഒല്ലൂര്‍, കുരിയച്ചിറ, ശക്തന്‍ സ്റ്റാന്‍ഡ്, പട്ടാളം റോഡ്, എം.ഒ. റോഡ് വഴി സ്വരാജ് റൗണ്ടില്‍ കയറി തെക്കേഗോപുരനടയിലെ പൊതുസമ്മേളനവേദിയില്‍ എത്തും.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്, കെ.സി. വേണുഗോപാല്‍, ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍, ജയറാം രമേശ്, ദിഗ്വിജയ് സിങ് എന്നിവര്‍ പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. പെരുവനം കുട്ടന്‍ മാരാരുടെ നേതൃത്വത്തില്‍ 151 കലാകാരന്മാര്‍ അണിനിരക്കുന്ന മേളത്തോടെ രാഹുല്‍ഗാന്ധിയെ സ്വീകരിക്കും.
151 വനിതകള്‍ 151 പട്ടുകുടകളുമായി തൃശ്ശൂര്‍ പൂരം കുടമാറ്റത്തിന്റെ പ്രതീകങ്ങള്‍ സൃഷ്ടിക്കും. പുലിക്കളി, കുമ്മാട്ടി, കാവടി, തെയ്യം, തിറ, തിരുവാതിര, ദഫ്മുട്ട്, മാര്‍ഗംകളി, കോല്‍ക്കളി, കളരിപ്പയറ്റ്, പഞ്ചവാദ്യം, നാഗസ്വരം, ശിങ്കാരിമേളം തുടങ്ങിയവയുണ്ടാകും. ചാലക്കുടിയില്‍ നിന്ന് തലോര്‍ വരെ ദേശീയപാതയില്‍ ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ഗതാഗതനിയന്ത്രണമുണ്ടായിരിക്കും. പാതയുടെ പടിഞ്ഞാറുവശത്ത് വാഹനങ്ങള്‍ അനുവദിക്കില്ല. ആറുമുതല്‍ 12 വരെ കിഴക്കുഭാഗത്തെ ട്രാക്കിലൂടെ ഒറ്റവരിഗതാഗതം മാത്രമായിരിക്കും ഉണ്ടാകുക.
തൃശ്ശൂരില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള എല്ലാ ഭാരവാഹനങ്ങളും കുട്ടനെല്ലൂര്‍ മുതല്‍ പാലിയേക്കര വരെയുള്ള ഭാഗത്ത് തടസ്സമുണ്ടാക്കാത്ത രീതിയില്‍ നിര്‍ത്തിയിടണം. മറ്റു വാഹനങ്ങള്‍ വരിയായി യാത്ര തുടരേണ്ടതാണ്. എറണാകുളം ഭാഗത്തുനിന്ന് തൃശ്ശൂരിലേക്ക് വരുന്ന വലിയ വാഹനങ്ങള്‍ കൊരട്ടിവരെയുള്ള ഭാഗത്ത് നിര്‍ത്തിയിടണം.
കെ.എസ്.ആര്‍.ടി.സി. ബസുകള്‍ ഒഴിച്ചുള്ള മറ്റു വാഹനങ്ങള്‍ ചാലക്കുടി കോടതി ജങ്ഷന്‍, പോട്ട ജങ്ഷന്‍, പോട്ട ഓവര്‍ ബ്രിഡ്ജില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് മാള, ഇരിങ്ങാലക്കുട വഴി യാത്ര തുടരാവുന്നതാണ്.
ഉച്ചയ്ക്ക് രണ്ടിനുശേഷം പാലിയേക്കരയില്‍നിന്ന് തലോര്‍ ഭാഗത്തേക്ക് ഗതാഗതം അനുവദിക്കില്ല. വരന്തരപ്പിള്ളി, കല്ലൂര്‍ ഭാഗങ്ങളില്‍നിന്നു വരുന്ന എല്ലാ വാഹനങ്ങളും അളഗപ്പനഗറില്‍നിന്നു തിരിഞ്ഞ് പാലയ്ക്കപ്പറമ്പ്, കുഞ്ഞനംപാറ ഹൈവേയില്‍ പ്രവേശിച്ച് യാത്ര തുടരണം. തൃശ്ശൂര്‍ നഗരത്തിലും ഉച്ചയ്ക്ക് രണ്ടുമുതല്‍ രാത്രി എട്ടുവരെ നിയന്ത്രണങ്ങളുണ്ട്.
അതേസമയം തൃശ്ശൂര്‍ നഗരത്തില്‍ ഇന്ന് രണ്ടുമുതല്‍ രാത്രി എട്ടുവരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തി. സ്വരാജ് റൗണ്ടില്‍ വാഹനപാര്‍ക്കിങ് അനുവദിക്കില്ല. വാഹനങ്ങള്‍ റൗണ്ടിനു പുറത്ത് കോലോത്തുംപാടം ഇന്‍ഡോര്‍ സ്റ്റേഡിയം, അക്വാട്ടിക് കോംപ്ലക്സിന് സമീപമുള്ള കോര്‍പറേഷന്‍ പാര്‍ക്കിങ് മൈതാനം, പള്ളിത്താമം മൈതാനം, ശക്തന്‍ നഗറിലെ തിരക്കില്ലാത്ത ഭാഗങ്ങള്‍, പടിഞ്ഞാറേക്കോട്ട നേതാജി മൈതാനം എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. സ്വകാര്യബസുകള്‍ക്കും കെ.എസ്.ആര്‍.ടി.സി. സര്‍വീസുകള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























