സംസ്ഥാനത്ത് ഇന്നലെ വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് പോപ്പുലര്‍ ഫ്രണ്ട് കേരള ഘടകം

സംസ്ഥാനത്ത് ഇന്നലെ വെള്ളിയാഴ്ച നടത്തിയ ഹര്‍ത്താലിനോട് സഹകരിച്ച എല്ലാവര്‍ക്കും നന്ദി അറിയിച്ച് പോപ്പുലര്‍ ഫ്രണ്ട് കേരള ഘടകം. ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ അന്യായമായി കസ്റ്റഡിയില്‍ എടുക്കുകയും ഭീകരനിയമം ചുമത്തി അറസ്റ്റ് ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തതെന്നാണ് പിഎഫ്‌ഐ വിശദീകരിക്കുന്നത്.
ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ പൊതുജനങ്ങള്‍ക്കും വ്യാപാരികള്‍ക്കും പൊലീസ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ക്കും നന്ദിയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അതേസമയം, സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിനിടെ പല ജില്ലകളിലും ഇന്നലെ അക്രമസംഭവങ്ങളുണ്ടായി. ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് കേരള ഹൈക്കോടതി ഉന്നയിച്ചിട്ടുള്ളത്. ഹര്‍ത്താല്‍ നിയമവിരുദ്ധമാണെന്ന് പറഞ്ഞ ഹൈക്കോടതി നഷ്ടം ആരില്‍ നിന്ന് ഈടാക്കുമെന്നും ചോദിച്ചു. ഹര്‍ത്താല്‍ നടത്തിയ പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നാണോ നഷ്ടം നികത്തുകയെന്നും ഹൈക്കോടതി ആരാഞ്ഞു.
ഹര്‍ത്താലില്‍ പൊതുമുതലിനുണ്ടായ നഷ്ടം എങ്ങനെ നികത്തുമെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നഷ്ടപരിഹാരം നേടിയെടുക്കാനായി എന്തു നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്? ഇങ്ങനെയുള്ള നിയമലംഘനങ്ങള്‍ നടക്കുന്നത് ഭരണസംവിധാനത്തില്‍ ഭയമില്ലാത്തതു കൊണ്ടാണെന്നും തൊട്ടു കളിച്ചാല്‍ പൊള്ളുമെന്ന് തോന്നുന്ന കാലം വരെ ബസുകള്‍ക്ക് നേരെ കല്ലെറിയല്‍ ഉണ്ടാകുമെന്നും കേസ് പരിഗണിച്ച ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.
നീതിന്യായഭരണസംവിധാനത്തെ ആളുകള്‍ക്ക് ഭയമില്ലാതാകുന്നതോടെയാണ് ഇത്തരം അക്രമസംഭവങ്ങളുണ്ടാകുന്നത്. ജനങ്ങളെ ഭയപ്പെടുത്താന്‍ വേണ്ടി മാത്രമാണ് കെഎസ്ആര്‍ടിസി ബസുകള്‍ ആക്രമിക്കുന്നതെന്നും ഹര്‍ത്താല്‍ അക്രമങ്ങളില്‍ കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നഷ്ടം പിഎഫ്‌ഐയില്‍ നിന്നും ഈടാക്കുമോ എന്നും കോടതി ചോദിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha


























