തന്റെ ശാരീരീക മാറ്റങ്ങള്‍ ശ്രദ്ധിച്ച അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പിന്നീട് ലൈംഗികമായി ചൂഷണം ചെയ്തു; ജീവിക്കാന്‍ ലൈംഗിക തൊഴിലും ചെയ്യേണ്ടി വന്നു, വെളിപ്പെടുത്തലുകളുമായി സൂര്യ ഇഷാനിന്റെ പുസ്തകം

ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ട്രാന്‍സ്‌ജെന്‍ഡറും ടെലിവിഷന്‍ താരവുമായ സൂര്യ. തന്റെ ജീവിതം പുസ്തകരൂപത്തിലെത്താനിരിക്കെ. അതിലെ വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 'അവളിലേക്കുളള ദൂരം' എന്ന പേരില്‍ ചിന്താ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന പുസ്തകത്തിന്റെ രചയിതാക്കള്‍ ക്വീയര്‍ ഗവേഷകരായ ഡോ.രശ്മിയും അനില്‍കുമാറുമാണ്.
വിനോദ് എന്ന യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥിയില്‍ നിന്ന് സൂര്യയെന്ന പെണ്ണിലേക്കുളള ദൂരമാണ് പുസ്തകത്തില്‍ പറയുന്നത്. ലൈംഗിക പീഡനങ്ങളും ഭിക്ഷയെടുക്കലും ഉള്‍പ്പെടെയുളള സൂര്യയുടെ അനുഭവങ്ങള്‍ പറയുന്ന പുസ്തകം കേരളത്തിലെ ട്രാന്‍സ്‌ജെന്‍ഡര്‍ ജീവിതത്തിന്റെ അടയാളപ്പെടുത്തലാകുമെന്നാണ് രചയിതാക്കള്‍ പറയുന്നത്.
സ്റ്റേജ് ഷോകളില്‍ പങ്കെടുത്ത് വരുന്ന സമയത്താണ് സൂര്യ ചാനലുകളിലെ കോമഡിഷോകളിലേക്കെത്തുന്നത്. ഒരിടത്ത് നിന്നും കൃത്യമായ പ്രതിഫലം ലഭിച്ചിരുന്നില്ല. ആദ്യം ജീവിത പങ്കാളിയായെത്തിയ വ്യക്തി തന്റെ കൂടെയുണ്ടായിരുന്ന പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തു. ലിംഗമാറ്റ ശസ്ത്രക്രിയക്ക് ശേഷമുളള പ്രതിസന്ധികള്‍ക്കിടയിലാണ് പങ്കാളിയായ ഇഷാന്‍ കൂടെ എത്തുന്നത്. വിവാഹത്തിന് ശേഷം ആഹ്ലാദത്തോടെ കഴിയവെ ജീവിതത്തില്‍ ക്വീയര്‍ കമ്യൂണിറ്റിയില്‍പ്പെട്ടവര്‍ തന്നെ പ്രശ്‌നങ്ങള്‍ സൃഷടിച്ചു. തിരുവനന്തപുരത്തെ ക്വീയര്‍ സംഘടന ഇഷാന്റെ ജോലി കളയിച്ച് ജീവിതം പ്രതിസന്ധിയിലാക്കി. ഇഷാനും കുടുംബത്തിനും പളളി കമ്മിറ്റി ഊരുവിലക്ക് ഏര്‍പ്പെടുത്തി. മുഖ്യധാര എഴുത്തുകാര്‍ ലൈംഗിക അനുഭൂതി തേടി സമീപിച്ചതും മഹിളാ കോണ്‍ഗ്രസിലേക്കുളള കോണ്‍ഗ്രസിന്റെ ക്ഷണം നിരസിച്ചതും ഉള്‍പ്പെടെയുളള കാര്യങ്ങള്‍ സൂര്യ ജീവിതകഥയില്‍ പറയുന്നുണ്ട്.
തന്റെ ശാരീരിക മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട സ്‌കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ലൈംഗികമായി ചൂഷണം ചെയ്തപ്പോള്‍ പാറ്റൂര്‍ പളളി സെമിത്തേരിയില്‍ പോയിരുന്നാണ് കരഞ്ഞിരുന്നത്. സ്‌കൂള്‍പഠനം അവസാനിച്ച് ജോലിതേടി കോഴിക്കോട് പോകുമ്പോഴാണ് ലൈംഗിക തൊഴില്‍ ചെയ്യേണ്ടി വരുന്നത്. കോഴിക്കോട് നിന്ന് തിരിച്ച് തിരുവനന്തപുരത്തെത്തി മറ്റ് ജോലികള്‍ തേടി. ജനറല്‍ പോസ്റ്റ് ഓഫിസില്‍ താത്ക്കാലിക ജോലി കിട്ടി. പട്ടം കേശവദാസപുരം മേഖലയില്‍ കത്ത് വിതരണം നടത്തി വരുമ്പോള്‍ അവിടുത്തെ കോളേജില്‍ കത്തുകള്‍ കൊടുക്കാന്‍ ചെന്ന എന്നെ വിദ്യാര്‍ത്ഥികള്‍ ലൈംഗികമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്നും സൂര്യ പുസ്തകത്തില്‍ പറയുന്നു. പിന്നിട്ട വഴികളില്‍ ഞാന്‍ അനുഭവിച്ച വേദനകളാണ് പുസ്തകരൂപത്തില്‍ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഈ പുസ്തകം എന്റെ സമൂഹത്തില്‍പ്പെട്ടവര്‍ക്ക് പ്രചോദനമാകുമെന്ന് കരുതുന്നുവെന്നും സൂര്യ പറയുന്നു.
https://www.facebook.com/Malayalivartha


























