ആധാര്‍ വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചോ ആശങ്ക വേണ്ടാ..

വോട്ടര്‍ പട്ടിക ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നു. കളക്ടറേറ്റിലെ തിരഞ്ഞെടുപ്പ് വിഭാഗത്തിന് കീഴില്‍ വിവിധ മേഖലകളിലാണ് ബോധവത്കരണം. സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ (എസ്വിഇഇപി) സംവിധാനം വഴിയാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത്.
ഇലക്ടറല്‍ ലിറ്ററസി ക്ലബുകളുടെ ആഭിമുഖത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന പ്രവര്‍ത്തനം ജില്ലയില്‍ തുടരുകയാണ്. ഇതു വഴി 18 വയസ്സ് തികയുമ്പോള്‍ത്തന്നെ വോട്ടര്‍ പട്ടികയില്‍ ഇവര്‍ക്ക് സ്വന്തം പേര് ചേര്‍ക്കാനാകും. പിന്നീടുള്ള തെറ്റുതിരുത്തല്‍, വിവരങ്ങള്‍ ബന്ധിപ്പിക്കല്‍ മുതലായവ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി സ്വയം ചെയ്യാനും വിദ്യാര്‍ഥികളെ പ്രാപ്തരാക്കുകയാണ് ലക്ഷ്യം. അതോടൊപ്പം വിദ്യാര്‍ഥികള്‍ തങ്ങളുടെ കുടുംബാംഗങ്ങളുടെ ആധാറും വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കുന്നതിനുമുള്ള പരിശീലനവും നല്‍കുന്നു.
ഇത്തരത്തില്‍ വളരെ വേഗത്തില്‍ ജില്ലയില്‍ മുഴുവന്‍ ഈ പദ്ധതി വ്യാപിപ്പിക്കാനാകുമെന്നാണ് വിലയിരുത്തല്‍.നിലവില്‍ ജില്ലയിലെ 20.34 ശതമാനം വോട്ടര്‍മാര്‍ മാത്രമാണ് ഈ യജ്ഞത്തില്‍ പങ്കാളികളായിരിക്കുന്നത്. കാസര്‍കോട് ഗവണ്‍മെന്റ് കോളജിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ്ബ് വിദ്യാര്‍ഥികള്‍ക്കാണ് നിലവില്‍ പരിശീലനം നല്‍കിയത്. ജില്ലയിലെ മറ്റു കോളജുകളിലും പരിശീലന പരിപാടികള്‍ നടത്തും.
കൂടാതെ ജില്ലയിലെ പ്രധാന ടൗണുകള്‍ കേന്ദ്രീകരിച്ച് മൈക്ക് അനൗണ്‍സ്മെന്റ്, പോസ്റ്റര്‍, ലഘുലേഖ എന്നിവ വഴിയും സാമൂഹ്യ മാധ്യമങ്ങളിലൂടെയും പ്രചരണം നടക്കുന്നു. കളക്ടറേറ്റ് , താലൂക്കുകള്‍, വില്ലേജുകള്‍ എന്നിവിടങ്ങളില്‍ ഹെല്‍പ് ഡെസ്‌കുകളും പ്രവര്‍ത്തിച്ചുവരുന്നു. വോട്ടര്‍ ഐഡി കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ബിഎല്‍ഒമാരും സദാസമയവും സന്നദ്ധരായി രംഗത്തുണ്ട്.
ജില്ലയിലെ മത, സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുകയും പ്രചരണപ്രവര്‍ത്തനത്തില്‍ പങ്കാളികളാകുകയും ചെയ്തിട്ടുണ്ട്. എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ് എന്നിവര്‍ ആധാറും വോട്ടര്‍ ഐഡിയും ബന്ധിപ്പിച്ചു.
ആഗസ്റ്റ് ഒന്നിന് നിലവില്‍വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാജ്യമെമ്പാടും ഈ പ്രചാരണപരിപാടി നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ WWW.NSVP.IN എന്ന വെബ്സൈറ്റ് വഴിയും 'വോട്ടര്‍ ഹെല്‍പ് ലൈന്‍' എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും ബി.എല്‍.ഓമാര്‍ വഴിയും നിലവില്‍ ഈ സേവനങ്ങള്‍ ലഭ്യമാണ്.
https://www.facebook.com/Malayalivartha

























