സ്ഥലം മാറ്റ ഉത്തരവുമായി നാട്ടിലേക്ക് മടങ്ങവേ വിധി തട്ടിയെടുത്തു.... ചരക്കുലോറിയിടിച്ച് ബൈക്ക് യാത്രികനായ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന് ദാരുണാന്ത്യം

സ്ഥലം മാറ്റ ഉത്തരവുമായി നാട്ടിലേക്ക് മടങ്ങവേ വിധി തട്ടിയെടുത്തു.... ചരക്കുലോറിയിടിച്ച് ബൈക്ക് യാത്രികനായ കെ.എസ്.ഇ.ബി. ഉദ്യോഗസ്ഥന് ദാരുണാന്ത്യം.
നിലമ്പൂര്‍-പെരുമ്പിലാവ് സംസ്ഥാനപാതയിലെ സ്ഥിരം അപകടമേഖലയായ ഞാങ്ങാട്ടാരി മാട്ടായ ഇറക്കത്തിലാണ് അപകടമുണ്ടായത്. കെ.എസ്.ഇ.ബി. പടിഞ്ഞാറങ്ങാടി സെക്ഷനിലെ ലൈന്‍മാന്‍ കൊല്ലം കോട്ടത്തലസ്വദേശി ഷാബുഭവനില്‍ വി.ഷിബുരാജാണ് (42) മരിച്ചത്.
അപകടമുണ്ടാക്കിയ ലോറി നിര്‍ത്താതെ പോയി. ഇന്നലെ വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം നടന്നത്. രണ്ടരവര്‍ഷമായി കെ.എസ്.ഇ.ബി.യുടെ പടിഞ്ഞാറങ്ങാടി സെക്ഷനില്‍ ജോലിചെയ്യുന്ന ഇദ്ദേഹം നാട്ടിലേക്കുള്ള സ്ഥലംമാറ്റ ഉത്തരവ് പട്ടാമ്പി ഡിവിഷന്‍ ഓഫീസില്‍നിന്ന് വാങ്ങി മടങ്ങുകയായിരുന്നു.
ലോറിയുമായി കൂട്ടിയിടിച്ച് റോഡിലേക്ക് തെറിച്ചുവീണ ഷിബുരാജിന്റെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി. അപകടസ്ഥലത്തുതന്നെ മരണം സംഭവിച്ചു.ലോറി അമിതവേഗത്തിലായിരുന്നെന്ന് നാട്ടുകാര്‍.
അരമണിക്കൂറോളം റോഡില്‍ കിടന്ന മൃതദേഹം തൃത്താല പോലീസെത്തിയാണ് പട്ടാമ്പി താലൂക്കാശുപത്രിയിലേക്ക് മാറ്റിയത്. തൊട്ടടുത്ത വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ ചരക്കുലോറിയുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട്.
വാഹനം കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. താലൂക്കാശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
"
https://www.facebook.com/Malayalivartha

























