കോവളത്ത് വിദേശ വനിതയെ കൊലപ്പെടുത്തിയ കേസ്.... പ്രതികളെ വിചാരണ കോടതി നേരിട്ട് ചോദ്യം ചെയ്യും, 21 ന് പ്രതികള്‍ ഹാജരാകാനുത്തരവ്, കോടതി മുമ്പാകെ വന്ന 30 സാക്ഷി മൊഴികളുടെയും 41 രേഖകളുടെയും 8 തൊണ്ടി മുതലുകളുടെയും അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ച് പ്രതികളെ ചോദ്യം ചെയ്താണ് മൊഴി രേഖപ്പെടുത്തുന്നത്

കോവളത്ത് ചെന്തിലാക്കരി കണ്ടല്‍ക്കാട്ടില്‍ വിദേശ വനിതയെ വൈറ്റ് ബീഡി (കഞ്ചാവ് ബീഡി) നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടുവള്ളിയില്‍ കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റിയ കേസില്‍ രണ്ടും പ്രതികളെയും തലസ്ഥാനത്തെ വിചാരണ കോടതി നേരിട്ട് ചോദ്യം ചെയ്യും. ഒക്ടോബര്‍ 21 ന് പ്രതികള്‍ ഹാജരാകാന്‍ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ. സനില്‍കുമാര്‍ ഉത്തരവിട്ടു.
സാക്ഷി വിസ്താര വിചാരണയില്‍ കോടതി മുമ്പാകെ വന്ന 30 സാക്ഷി മൊഴികളുടെയും 41 രേഖകളുടെയും 8 തൊണ്ടി മുതലുകളുടെയും അടിസ്ഥാനത്തില്‍ കോടതി സ്വമേധയാ തയ്യാറാക്കിയ ചോദ്യാവലി വച്ചാണ് പ്രതികളെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തുന്നത്. ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 313 (1) (ബി) പ്രകാരമാണ് പ്രതികളെ കോടതി ചോദ്യം ചെയ്യുന്നത്. ലിഗയുടെ സഹോദരി ഇല്‍സ എല്ലാ വിചാരണ ദിവസവും കോടതിയില്‍ ഹാജരായി വിചാരണ വീക്ഷിച്ചിരുന്നു.
കോവളത്തെ ഒരു സ്ഥാപനത്തില്‍ കെയര്‍ ടെയ്ക്കര്‍ ജോലിയുള്ള തിരുവല്ലം വെള്ളാര്‍ വടക്കേ കൂനം തുരുത്തി വീട്ടില്‍ ഉമേഷ് ( 28 ) , ഇയാളുടെ ബന്ധുവും സുഹൃത്തുമായ ടൂറിസ്റ്റ് ഗൈഡ് ഉദയകുമാര്‍ ( 24 ) എന്നിവരാണ് ലിഗ കൊലക്കേസിലെ ഒന്നും രണ്ടും പ്രതികള്‍.
2018 മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ പീഡന , കൊലപാതക സംഭവം നടന്നത്. 37-ാം നാള്‍ ഏപ്രില്‍ 20നാണ് അഴുകി ജീര്‍ണിച്ച തലവേര്‍പ്പെട്ട നിലയില്‍ മൃതശരീരം കണ്ടെടുക്കുന്നത്. ലാത്വിയന്‍ യുവതിയെ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിക്കാമെന്നും കഞ്ചാവ് ബീഡി (വൈറ്റ് ബീഡി) നല്‍കാമെന്ന് പ്രലോഭിപ്പിച്ച് കോവളം വാഴമുട്ടം ചെന്തിലാക്കരി കുറ്റിക്കാട്ടില്‍ വഞ്ചിയില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ദാരുണമായി കൊലപ്പെടുത്തുകയായിരുന്നു. കൊലക്ക് ശേഷം പ്രതികള്‍ കാട്ടുവള്ളി കഴുത്തില്‍ കുടുക്കി കെട്ടി തൂക്കി ആത്മഹത്യയാക്കി മാറ്റി സ്ഥലത്ത് നിന്നും മുങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
യുവതിയുടെ ശരീരത്തില്‍ കാണപ്പെട്ട കോട്ടിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവും മറ്റു സാഹചര്യത്തെളിവുകളുമാണ് പ്രതികളിലേക്ക് അന്വേഷണം ചെന്നെത്തിയത്. പോത്തന്‍കോട് ആയുര്‍വ്വേദ കേന്ദ്രത്തില്‍ മാാനസിക ചികിത്സക്കായെത്തിയ ലിഗ ആശ്രമ അധികൃതരുടെ കണ്ണു വെട്ടിച്ച് 800 രൂപയുമായി ഓട്ടോയില്‍ കയറി കോവളം ഗ്രോ ബീച്ച് തീരത്തെത്തുകയായിരുന്നു. പ്രതികള്‍ ടൂറിസ്റ്റ് ഗൈഡുകളാണെന്ന് പരിചയപ്പെടുത്തി ലിഗയെ സമീപിക്കുകയായിരുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ കാണിച്ചു തരാമെന്നും വൈറ്റ് ബീഡി ( കഞ്ചാവ് ) നല്‍കാമെന്നും വിശ്വസിപ്പിച്ച് മോട്ടോര്‍ ഘടിപ്പിച്ച വഞ്ചിയില്‍ കയറ്റി സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ആളൊഴിഞ്ഞ കുറ്റിക്കാട്ടില്‍ എത്തിക്കുകയായിരുന്നു. കഞ്ചാവ് ബീഡി നല്‍കി മയക്കി പീഡിപ്പിച്ചു. ഉറക്കമുണര്‍ന്ന ശേഷം വീണ്ടും പീഡിപ്പിക്കാനുള്ള ശ്രമം ചെറുത്തതിനെ തുടര്‍ന്ന് കൊലപ്പെടുത്തിയെന്നാണ് പ്രതികളുടെ കുറ്റസമ്മത മൊഴിയായി പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്.
വള്ളിയില്‍ കുടുങ്ങി മൃതശരീരം തറയില്‍ തട്ടി നിന്നതിന് 1.5 മീറ്റര്‍ മാറിയാണ് ഉടല്‍ വേര്‍പെട്ട ലിഗയുടെ തല കിടന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ മുന്‍ ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ ജെ.കെ. ദിനില്‍ തലസ്ഥാനത്തെ വിചാരണ കോടതിയില്‍ മൊഴി നല്‍കി. അഴുകി ജീര്‍ണ്ണിച്ച് തല വേര്‍പെട്ടതാകാമെന്ന് ക്രൈം സീന്‍ പരിശോധിച്ച ഡോ.സുനു കുമാര്‍ അഭിപ്രായപ്പെട്ടതായും ദിനില്‍ മൊഴി നല്‍കി. അല്‍പ്പം ചെരിഞ്ഞ് ആറിന്റെ തിരമായ ചെരിഞ്ഞ പ്രതലമായതിനാല്‍ തല ഉരുണ്ടു പോയതാണ്. മുമ്പാകെയാണ് മുപ്പതാം സാക്ഷിയായി ദിനില്‍ മൊഴി നല്‍കിയത്. താന്‍ തയ്യാറാക്കിയ മഹസര്‍ , പ്രേത വിചാരണ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള റിക്കോര്‍ഡുകള്‍ പരിശോധിച്ചാണ് ഡോ. സുനു കുമാര്‍ ക്രൈം സീന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയതിനാല്‍ അതിലെ ഉള്ളടക്കം പ്രസക്തമാണെന്ന് തനിക്ക് ബോധ്യമായി.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണകാരണം കഴുത്തിനേറ്റ മാരക മുറിവെന്നാണ്. ഒതള മരത്തോട് ചേര്‍ന്ന് കിടക്കുന്ന വള്ളിപ്പടര്‍പ്പില്‍ ഉദ്ദേശം 2.25 സെന്റിമീറ്റര്‍ മുകളിലുള്ള ഒരു കമ്പിന്റെ ഭാഗം ഉണക്കി ഒടിഞ്ഞ് തട്ടി നിന്നിരുന്നു. മൃതദേഹം കണ്ട സ്ഥലത്ത് നിന്ന് 6.5 മീറ്റര്‍ മാറി ആറിന്റെ തീരമാണ്. മൃതശരീരം കാണപ്പെട്ടത് ഉയര്‍ന്ന സ്ഥലത്താണ്. വേലിയേറ്റ സമയം ആറിലെ വെള്ളം ഒഴുകിയെത്തുന്നു. ലിഗയുടെ ദേഹത്ത് കാണപ്പെട്ട ജാക്കറ്റിലും ചുരിദാര്‍ വസ്ത്ര ടോപ്പിലും ധാരാളം ചെളിയും മുടിയും പറ്റിപ്പിടിച്ചിരുന്നു. മൃതശരീര വള്ളികള്‍ 18 സെ.മീ വലിഞ്ഞു കീറി താഴ്ന്നതായി കാണപ്പെട്ടു. ലിഗക്ക് മരം കയറാനറിയില്ലെന്ന് സഹോദരിയും സുഹൃത്തും മൊഴി നല്‍കിയിട്ടുണ്ട്.
സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചുള്ള സമഗ്രമായ അന്വേഷണത്തിന്റെ സാധ്യതകള്‍ ആരാഞ്ഞു കൊണ്ടാണ് അപ്രകാരവും അന്വേഷിച്ചത്. മൃതശരീരം കിടന്ന സ്ഥലത്ത് നിന്ന് 1.55 മീറ്റര്‍ വടക്ക് പടിഞ്ഞാറ് മറി 48 മീറ്റര്‍ ഉയരത്തില്‍ എട്ടാം തൊണ്ടി മുതലായ വള്ളി കണ്ടു. അതില്‍ നിന്നും ബ്രൗണ്‍ കളര്‍ തലമുടിയും ഫംഗസും കണ്ടെത്തി. ലിഗയുടെ കൈകള്‍ വള്ളിയുടെ പുറത്തു കൂടി കിടന്ന് മൃതശരീരം താങ്ങി നിര്‍ത്താനുള്ള ശേഷി ആ വള്ളിക്കെട്ടിനുള്ളതായി ബോധ്യപ്പെട്ടു. മൃഗങ്ങള്‍ ആക്രമിച്ചതായി തെളിവു ലഭിച്ചില്ല. മൃതദേഹം കിടന്ന വിജനമായ സ്ഥലത്ത് നിന്നും 150 മീറ്റര്‍ മാറി ആളൊഴിഞ്ഞ വീടിന്റെ പരിസരത്താണ് ചീട്ടുകളി , മദ്യപാനം എന്നിവ നടക്കുന്നത്. പ്രതികള്‍ മാത്രമാണ് കൃത്യ സ്ഥലത്ത് എത്തുന്നതെന്ന് അന്വേഷണത്തില്‍ ബോധ്യമായി. വള്ളിയുടെ ബലം എത്രത്തോളം വരുമെന്ന് എഫ് എസ് എല്‍ അധികൃതര്‍ക്ക് പറയാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഒന്നോ രണ്ടോ പേര്‍ക്ക് ഒര സമയം കയറാന്‍ പറ്റുന്ന മരത്തിന്റെ താഴത്തെ ചുറ്റളവ് 53 സെമി വള്ളി ബന്ധപ്പെട്ട് കിടക്കുന്ന മാന്‍ഗ്രുവ് കാടാണ്. മൃതദേഹത്തിനരികെ മദ്യക്കുപ്പികള്‍ , ബിയര്‍ കുപ്പികള്‍ , സിഗരറ്റ് എന്നിവ കാണപ്പെട്ടതായും പ്രതികളെ ദിനില്‍ കോടതിയില്‍ തിരിച്ചറിഞ്ഞു മൊഴി നല്‍കി.
ലാത്വിയന്‍ യുവതിയുടെ മൃതദേഹം കിടന്ന മീന്‍ കെണി കൂടിനടുത്ത ചീലാന്തിക്കാട്ടില്‍ നിന്നുള്ള നാറ്റം എന്താണെന്ന് നോക്കുന്നത് വിലക്കി , അത് നീര്‍നായ ചത്തോ പ്രസവിച്ചോ കിടക്കുന്നതായിരിക്കുമെന്നും അങ്ങോട്ടു പോകരുതെന്നും നീര്‍നായ ആക്രമിക്കുമെന്നും പറഞ്ഞ് ഒന്നാം പ്രതി ഉമേഷ് തന്നെ വിലക്കി പിന്തിരിപ്പിച്ചതായി മൂന്നാം സാക്ഷി സൂരജ് വിചാരണ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. വിചാരണ കോടതിയായ തങ്ങളൊരുമിച്ച് ഉമേഷിന്റെ ബോട്ടില്‍ ചീലാന്തിക്കാട്ടിന് സമീപം മീന്‍ പിടിക്കാന്‍ പോയ കാര്യമോ തന്റെ പേരോ പോലീസിനോട് പറയരുതെന്നും ഉമേഷ് പറഞ്ഞതായി സൂരജ് മൊഴി നല്‍കി. പ്രതികളുടെ സുഹൃത്തും കാറ്ററിംഗ് തൊഴിലാളിയും മൃതദേഹം കിടന്ന അതേ കുറ്റിക്കാട്ടിനുള്ളില്‍ ഒന്നാം പ്രതി ഉമേഷിന്റെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിനിരയായ തിരുവല്ലം പാച്ചല്ലൂര്‍ സ്വദേശി സൂരജാണ് പ്രതിക്കൂട്ടില്‍ നിന്ന പ്രതികളെ മുന്‍ ജഡ്ജി കെ.കെ. ബാലകൃഷ്ണന് മുമ്പാകെ ചൂണ്ടിക്കാട്ടി മൊഴി നല്‍കിയത്. നാറ്റമടിച്ച സ്ഥലത്ത് തന്നെയും ഉമേഷ് കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക കൃത്യം ചെയ്തിന് കേസുണ്ടെന്നും സൂരജ് മൊഴി നല്‍കി. പ്രതിയെ ഭയന്നാണ് വിവരം പോലീസില്‍ യഥാസമയം അറിയിക്കാത്തതെന്നും സൂരജ് മൊഴി നല്‍കിയിരുന്നു.
രണ്ടു പ്രതികളും തന്റെ സുഹൃത്തുക്കളാണെന്നും 2018 മാര്‍ച്ച് മാസം ബൈപാസ് തടി മില്ലിനടുത്ത് വച്ച് ഒരു മദാമ്മ ഇന്നവിടെ വന്നുവെന്നും ഉമേഷ് മദാമ്മയോട് സിഗരറ്റ് ചോദിച്ചുവെന്നും ഫക്കിംഗ് ചോദിച്ചുവെന്നും മദാമ്മ ഒരു മറുപടിയും പറയാതെ പോയെന്നും ഉമേഷ് തന്നോട് പറഞ്ഞതായി നാലാം സാക്ഷി ലാലുവും മൊഴി നല്‍കി.
രണ്ടു സാക്ഷികളും തങ്ങളെ ഇപ്പോള്‍ കാണിച്ചത് തങ്ങള്‍ മജിസ്‌ട്രേട്ടിന് നല്‍കിയ രഹസ്യ മൊഴികളാണെന്നും അതില്‍ കാണുന്ന ഒപ്പും വിരല്‍ പതിപ്പും തങ്ങളുടേതാണെന്നും കോടതിയില്‍ മൊഴി നല്‍കി. രഹസ്യമൊഴികള്‍ പ്രോസിക്യൂഷന്‍ ഭാഗം നാലും അഞ്ചും രേഖകളാക്കി കോടതി തെളിവില്‍ സ്വീകരിച്ചു.
കോടതിയില്‍ സന്നിഹിതയായിരുന്ന ലിഗയുടെ സഹോദരി ഇല്‍സ സാക്ഷിമൊഴി കേട്ട് സ്തബ്ദയായി ഇരുന്നു.
വിദേശ വനിതയെ മയക്കു മരുന്ന് ചേര്‍ത്ത സിഗരറ്റ് നല്‍കി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയില്‍ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയില്‍ പുരോഗമിക്കുന്നത്.
യുവതിയെ കാണാതായ മാര്‍ച്ച് 14 മുതല്‍ ബോഡി കണ്ടെടുത്ത ഏപ്രില്‍ 20 വരെയുള്ള പ്രതികളുടെ കൃത്യ ദിവസങ്ങളിലെ നടത്തയെക്കുറിച്ചും അവര്‍ പങ്കുവെച്ച വിവരങ്ങള്‍ തെളിയിക്കുന്നതിനുമായാണ് മൂന്നും നാലും സാക്ഷികളായ ലാലു , സൂരജ് എന്നിവരെ വിസ്തരിച്ചത്.
സ്ഥലത്തെ ക്രിമിനലുകളായ പ്രതികളെ ഭയന്ന് സ്ഥലവാസികള്‍ ആദ്യം മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ല. അതേ സമയം സഹോദരിയെ കാണാനില്ലെന്ന പരാതിയുമായി ചെന്ന യുവതിയുടെ സഹോദരിയെ കോവളം , തിരുവല്ലം പോലീസ് പരിഹസിച്ച് മടക്കി അയച്ചു. ഉടന്‍ അന്വേഷിച്ചിരുന്നെങ്കില്‍ യുവതിയെ ജീവനോടെയെങ്കിലും ലഭിക്കുമായിരുന്നു. അന്താരാഷ്ട്ര തലത്തില്‍ ഹൈക്കമ്മീഷനും എംബസിയും ഉന്നത തലത്തില്‍ ഇടപെട്ടതോടെയാണ് പരാതിക്ക് മേല്‍ കിടന്നുറങ്ങിയ തിരുവല്ലം പോലീസിന് അനക്കം വച്ചത്.
ഒടുവില്‍ ദിവസങ്ങള്‍ പഴകി കഴുത്തു വേര്‍പെട്ട് കാട്ടു വള്ളി പടര്‍പ്പില്‍ ഉടല്‍ വേര്‍പെട്ട് അഴുകിയ നിലയിലുള്ള ലിഗയുടെ ഭൗതിക ശരീരമാണ് പോലീസ് കണ്ടെടുത്തത്. അനാശാസ്യം , ചീട്ടുകളി തുടങ്ങിയ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്റ്റേഷനതിര്‍ത്തിക്കകമായ കുറ്റിക്കാടിനെപ്പറ്റിയും പ്രതികളുടെ നടത്തയെക്കുറിച്ചും കൃത്യമായി അറിയാവുന്ന തിരുവല്ലം പോലീസ് ഉറക്കം നടിച്ചതാണ് വിദേശ വനിതയെ കണ്ടെത്താന്‍ വൈകിയത്. സ്റ്റേഷനതിര്‍ത്തിക്കകം യുവതി ഉണ്ടായിട്ടും അന്വേഷിക്കാന്‍ മെനക്കെടാതെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കാനാന്ന് പോലീസ് ധൃതി കാട്ടിയതെന്ന ആക്ഷേപവും ഉയര്‍ന്നിരുന്നു.
"
https://www.facebook.com/Malayalivartha

























