കേരള രാജ്ഭവനെ ബി.ജെ.പി കാര്യാലയമാക്കി; ആടിന് താടിയെന്തിന്, നാടിന് ഗവർണർ എന്തിന്?ഗവർണർമാരെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം ബി.ജെ.പി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്ന ഉത്തരവാദിത്തമാണ്; ഗവർണ്ണർ പദവി അവസാനിപ്പിക്കാൻ സമയമായി; പൊട്ടിത്തെറിച്ച് മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ. ചന്ദ്രു

ഗവർണറും സർക്കാരും തമ്മിലുള്ള നേർക്ക് നേർ പോരാട്ടം കടുക്കുകയാണ്. കേരള വിസിയുമായുള്ള പ്രശ്നങ്ങൾക്കും ഇത് വരെ ഒരു ശമനം വന്നിട്ടില്ല. ഗവർണറെ തുരത്താനുള്ള ശ്രമങ്ങളും ഇതിനിടയിൽ നടക്കുന്നുണ്ട് എന്ന സൂചനകളും കിട്ടുന്നുണ്ട്. ഇപ്പോൾ ഇതാ ഗവർണർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി മുൻ ജഡ്‌ജി ജസ്റ്റിസ് കെ. ചന്ദ്രു. കേരള രാജ്ഭവനെ ബി.ജെ.പി കാര്യാലയമാക്കിയെന്ന ആക്ഷേപമാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.
ആടിന് താടിയെന്തിന്, നാടിന് ഗവർണർ എന്തിന് എന്ന അണ്ണാദുരൈയുടെ ചോദ്യം വീണ്ടും ഉറക്കെ ചോദിക്കേണ്ട സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. തെലങ്കാന, കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ ഗവർണർമാരെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യം ബി.ജെ.പി ഇതര സർക്കാരുകളെ അസ്ഥിരപ്പെടുത്തുക എന്ന ഉത്തരവാദിത്തമാണ്. ജനാധിപത്യത്തിൽ ഏറ്റവും കുറഞ്ഞ യോഗ്യത ആവശ്യമുള്ള പദവി ഗവർണർക്കാണ്.
അതുക്കൊണ്ടാണ് ആരിഫ് മുഹമ്മദ് ഖാനെ പോലുള്ളവർ ഗവർണ്ണരായി ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനുകളെ കാര്യഭവനാക്കി മാറ്റാനും കാവിവത്കരിക്കാനും ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഏറ്റവും മോശവുമായ ഗവർണർമാരിൽ മൂന്നാമത്തെ ഗണത്തിലാണ് കേരളം ഗവർണറും തമിഴ്നാട്ടിലെ ആർ.എൻ. രവിയും എന്നും അദ്ദേഹം പറഞ്ഞു. ഗവർണ്ണർ പദവി അവസാനിപ്പിക്കാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു. ജനകീയ ജനാധിപത്യ സർക്കാർ നിലവിൽ വരുമ്പോൾ സംസ്ഥാനങ്ങളിൽ ഗവർണർ വേണ്ട എന്നതാണ് സിപിഎമ്മിന്റെ കാഴ്ചപ്പാട് എന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പറഞ്ഞു.
'ഇന്ത്യൻ ഫെഡറലിസവും ഗവർണറുടെ പദവിയും' എന്ന വിഷയത്തിൽ എ.കെ.ജി പഠന ഗവേഷണ കേന്ദ്രവും ഓൾ ഇന്ത്യ ലായേഴ്സ് യൂണിയനും സംയുക്തമായി സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. .ചിന്ത പബ്ലിക്കേഷൻസ് പുറത്തിറക്കിയ ചന്ദ്രുവിന്റെ ആത്മകഥയായ 'ഞാൻ എന്ന ജസ്റ്റിസ്' പുസ്തകം ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ എൻ.സി.പി സംസ്ഥാന അദ്ധ്യക്ഷൻ പി.ടി. ചാക്കോയ്‌ക്ക് നൽകി പ്രകാശനം ചെയ്തു. മുൻ മന്ത്രി തോമസ് ഐസക്ക് അദ്ധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് നേതാവ് ലോപ്പസ് മാത്യു, ജനതാദൾ നേതാവ് വർഗീസ് ജോർജ്, ലായേഴ്‌സ് യൂണിയൻ നേതാവ് അഡ്വ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു
അതേസമയം കേരള സർവ്വകലാശാലയുമായി ബന്ധപ്പെട്ട് ഗവർണ്ണർ പോര് ഉണ്ടായിരുന്നു.പുതിയ വൈസ്ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റിന്റെ പ്രതിനിധിയെ തിങ്കളാഴ്ച്ച തന്നെ നിയമിക്കണമെന്ന് ഗവർണർ കടുപ്പിച്ച് പറഞ്ഞിരുന്നു. എന്നാൽ ഗവർണ്ണറുടെ ആ ഉത്തരവിനെ പരിഗണിക്കാതെയുള്ള നീക്കമായിരുന്നു കേരള വൈസ് ചാൻസിലർ നടത്തിയത്. ഗവർണർ രൂപീകരിച്ച രണ്ടംഗ സെർച്ച്കമ്മിറ്റി റദ്ദാക്കണമെന്ന സെനറ്റ് പ്രമേയത്തിൽ എന്ത് നടപടിയെടുത്തെന്നു കേരള സർവകലാശാലാ വി.സി ഡോ.മഹാദേവൻ പിള്ള അങ്ങോട്ട് ചോദിക്കുകയുണ്ടായി.
എന്നാൽഈ ചോദ്യത്തിനുള്ള മറുപടി കത്ത് വിസിക്ക് ഗവർണർ അയച്ചിരുന്നു. അക്ഷരാർത്ഥത്തിൽ താക്കീതാണ് ഗവർണർ നൽകിയത്.സെനറ്റ് പ്രതിനിധിയെ അറിയിക്കണമെന്നത് ചാൻസലറുടെ ഉത്തരവാണ്. അത് അനുസരിച്ചേ മതിയാവൂ എന്നാണ് ഗവർണർ വി.സിക്ക് മറുപടിക്കത്ത് നൽകി. പ്രതിനിധിയെനിർദേശിച്ചാലും ഇല്ലെങ്കിലും സെർച്ച് കമ്മിറ്റിയുടെ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുമെന്നും ഗവർണർ നിലപാട് തറപ്പിച്ച് പറഞ്ഞു. ഇത്തരത്തിൽ നിരവധി വിഷയങ്ങളിൽ ഗവർണറും സർക്കാരും തമ്മിൽ ഇടഞ്ഞു നിൽക്കുകയാണ്.
https://www.facebook.com/Malayalivartha

























