സാമ്പത്തിക തർക്കത്തെ തുടർന്ന് അയൽവാസി പെട്രോളൊഴിച്ച് കത്തിച്ചു! മുൻ സൈനികനാണ് ദമ്പതികളെ ആക്രമിച്ചത്

മുൻവൈരാഗ്യത്തിന്റെ പേരിൽ തിരുവനന്തപുരം കിളിമാനൂരിൽ, അയൽവാസിയുടെ ആക്രമണത്തിൽ പൊളളലേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. കിളിമാനൂർ പനപ്പാംകുന്നിലാണ് സംഭവം. വിരമിച്ച സൈനികനായ ശശി അയൽവാസികളായ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞിരിക്കുന്നത്. ദമ്പതികളെ തലയ്ക്കടിച്ചു വീഴ്ത്തിയശേഷം പെട്രോൾ ഒഴിച്ചു കത്തിക്കുകയായിരുന്നു.
ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റ പളളിക്കൽ സ്വദേശി പ്രഭാകര കുറുപ്പ് (60) ചികിത്സയിലിരിക്കെ പാരിപ്പളളി മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ടു. ഭാര്യ വിമലകുമാരി (55) തീപ്പൊളളലേറ്റ് ഗുരുതരാവസ്ഥയിൽ ഇപ്പോഴും ചികിത്സയിലാണ്. ഗുരുതരമായി പൊള്ളലേറ്റ ദമ്പതിമാരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഭാകര കുറുപ്പിനെ രക്ഷിക്കാനായില്ല. നില വഷളായതോടെ വിമലകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്. ശശിധരന്റെ മകനെ ഗൾഫിൽ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് 20 വർഷമായി പ്രഭാകരക്കുറുപ്പുമായി ശത്രുതയുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രഭാകര കുറുപ്പും ശശിയുമായി തർക്കമുണ്ടായിരുന്നു. ഇതിനിടെയാണ് ആക്രമണമുണ്ടായതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം.
ഇവരെ ആക്രമിച്ച ശശിധരൻ നായർക്കും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളുടെ പരിക്കും ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു. ഹോളോ ബ്രിക്‌സ് നിർമ്മാണ യൂണിറ്റ് നടത്തിവരികയായിരുന്നു പ്രഭാകര കുറുപ്പ്. ഇവരുടെ വീട്ടിൽ പെട്രോളുമായെത്തിയ ശശി പെട്രോൾ പ്രഭാകര കുറുപ്പിന്റെയും വിമല കുമാരിയുടെയും ദേഹത്തൊഴിച്ച് തീ കൊളുത്തിയെന്നാണ് പ്രദേശവാസികളുടെ മൊഴി.
ശശിധരൻ നായരുടെ മകനെ വിദേശത്ത് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നു. പ്രഭാകര കുറുപ്പാണ് 29 വർഷം മുമ്പ് ശശിധരൻ നായരുടെ മകനെ ബഹ്റൈനിൽ കൊണ്ടുപോയത്. എന്നാൽ മകൻ അവിടെ വച്ച് ആത്മഹത്യ ചെയ്തു. ഗൾഫിലെ ജോലി ശരിയാകാത്തതിനാലായിരുന്നു ശശിധരന്റെ മകൻ ആത്മഹത്യ ചെയ്തത്. സഹോദരൻ മരിച്ച വിഷമത്തിൽ സഹോദരിയും പിന്നീട് ആത്മഹത്യ ചെയ്തു. ഇതിനെതിരെ ശശിധരൻ നായർ നൽകിയ കേസിൽ ഇന്നലെ പ്രഭാകര കുറുപ്പിനെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.
രണ്ടു മക്കളെയും നഷ്ടമായതോടെ പ്രഭാകരക്കുറുപ്പിനെ കൊല്ലാൻ ശശിധരൻ തീരുമാനിക്കുകയായിരുന്നു. ശശിധരന്റെ അയൽവാസിയായിരുന്ന പ്രഭാകരക്കുറുപ്പ് തർക്കങ്ങളെ തുടർന്നാണ് മടവൂരിലേക്കു താമസം മാറിയത്. ഇതിനു പിന്നാലെയാണ് ഇന്ന് ശശിധരൻ നായർ പ്രഭാകര കുറുപ്പിന്റെ വീട്ടിൽ എത്തുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. അതിനു മുമ്പ് കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഇയാൾ രണ്ടുപേരെയും ആക്രമിച്ചിരുന്നു. വീടിന് സമീപത്ത് നിന്ന് ചോര പുരണ്ട നിലയിൽ ചുറ്റിക കണ്ടെടുത്തിട്ടുണ്ട്. നിലവിളി ശബ്ദത്തിന് പിന്നാലെ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടെത്തിയ നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.
https://www.facebook.com/Malayalivartha

























