Red Salute Comrade.... കേരളത്തിന്റെ രാഷ്ട്രീയ അതികായന്റെ ജീവിതം... പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച നേതാവ് കോടിയേരി ബാലകൃഷ്ണൻ

സിപിഎമ്മിന്റെ പ്രതിസന്ധി കാലത്തും ഭരണത്തുടർച്ച നേടിയപ്പോഴും പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച മികച്ച നേതാവാണ് സഖാവ് കോടിയേരി ബാലകൃഷ്ണൻ. അനാരോഗ്യത്തെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം വിടവാങ്ങിയിരിക്കുയാണ്. കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖത്തോട് കൂടിയ അതികായനായിട്ടാണ് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. ഏവർക്കും അഭിമതനായ നേതാവ്.
അണികളുടെ ഏറ്റവും പ്രിയപ്പെട്ട സഖാവായിരുന്നു അദ്ദേഹം. ഏത് രാത്രിയായാലും പകലായാലും യാതൊരു മടിയുമില്ലാതെ പ്രശ്നങ്ങൾ സമാധാനത്തോടെ കേൾക്കാനും അതിന് പരിഹാരം നിർദ്ദേശിക്കാനും തന്ത്രശാലിയായിരുന്നു അദ്ദേഹം. 16-ാം വയസ്സിൽ പാർട്ടി അംഗത്വം സ്വീകരിച്ച് പാർട്ടിക്ക് വേണ്ടി മാത്രം ജീവിച്ച തികഞ്ഞ കമ്യൂണിസ്റ്റായിരുന്നു അദ്ദേഹം.
ബ്രാഞ്ച് സെക്രട്ടറിയായി തുടങ്ങി സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവും വരെയെത്തിയ ചരിത്രമാണ് കോടിയേരിക്ക് സ്വന്തമായിട്ടുള്ളത്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി. പിന്നെ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായി. അങ്ങനെ വളരെ വേഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വളർച്ച.
താഴേത്തട്ടു മുതലുള്ള രാഷ്ട്രീയം പഠിച്ചും പയറ്റിയുമാണ് കോടിയേരി എന്ന രാഷ്ട്രീയ നേതാവ് രൂപാന്തരപ്പെട്ടത്. വിഭാഗീയത കത്തി നിന്ന ആലപ്പുഴ നമ്മേളനത്തിൽ, ഏറെ സങ്കീർണമായ ദശാസന്ധിയിലാണ് പിണറായിയുടെ പിൻഗാമിയായി കോടിയേരി മാർക്സിസ്റ്റ് പാർട്ടിയുടെ അമരക്കാരനായി മാറിയത്. 16 വര്‍ഷം പിണറായി വിജയന്‍ വഹിച്ചിരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനം അങ്ങനെ കോടിയേരിയിലെത്തി. പാർട്ടിയിലെ തർക്കങ്ങളിൽ എക്കാലത്തും മധ്യസ്ഥന്റെ റോളായിരുന്നു കോടിയേരിക്ക് അന്നും ഇന്നും.
1953-ല്‍ കോടിയേരി മൊട്ടമ്മല്‍ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണി അമ്മയുടെയും ഇളയ മകനായിട്ടാണ് കോടിയേരിയുടെ ജനനം. ആറാം വയസ്സില്‍ അച്ഛന്റെ മരണം. അമ്മയുടെ തണലില്‍ നാലു സഹോദരിമാര്‍ക്കൊപ്പം ജീവിതം. സമീപത്തെ കോടിയേരി ഓണിയന്‍ സ്‌കൂളില്‍ അന്നത്തെ കേരള സ്റ്റുഡന്റ് ഫെഡറേഷന്റെ നേതാവ്. പിന്നീട് മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രി വിദ്യാര്‍ഥിയായിരിക്കെ പ്രഥമ യൂണിയന്‍ ചെയര്‍മാന്‍. ബാലകൃഷ്ണന്‍ സി.പി.എമ്മിന്റെ സജീവ പ്രവര്‍ത്തകനായി മാറിയിരുന്നു അപ്പോഴേക്കും.
പതിനാറാംവയസ്സില്‍ പാര്‍ട്ടി അംഗത്വം, പതിനെട്ടാം വയസ്സില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്.എഫ്.ഐ.യുടെയും ഡി.വൈ.എഫ്.ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസാ തടവുകാരന്‍. ജയിലില്‍ പിണറായി വിജയനും എം.പി. വീരേന്ദ്രകുമാറും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍. പോലീസ് മര്‍ദനത്തില്‍ അവശനായ പിണറായിയെ സഹായിക്കാന്‍ നിയുക്തനായത് കൂട്ടത്തില്‍ ഇളയവനായ ബാലകൃഷ്ണനായിരുന്നു.
1982, 1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളില്‍ തലശ്ശേരിയെ നിയമസഭയില്‍ പ്രതിനിധാനം ചെയ്തു. 2001-ല്‍ പ്രതിപക്ഷ ഉപനേതാവായി. 2006-ല്‍ വി.എസ്. മന്ത്രിസഭയില്‍ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രി. 2008-ല്‍ 54-ാം വയസ്സില്‍ പൊളിറ്റ് ബ്യൂറോയിലേക്കും 2015-ല്‍ സംസ്ഥാന സെക്രട്ടറി പദത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.
പാര്‍ട്ടി നേതൃ സ്ഥാനങ്ങള്‍ കണ്ണൂരില്‍ ഒതുക്കപ്പെടുന്നുവെന്ന് വിമര്‍ശനം വന്നിരുന്നുവെങ്കിലും കോടിയേരിയല്ലാത്ത മറ്റൊരു ഉചിതമായ പേര് അന്ന് സിപിഎമ്മിന് മുമ്പിലുണ്ടായിരുന്നില്ല. പിണറായി പക്ഷക്കാരനായി അറിയപ്പെട്ടപ്പോഴും വിഎസിനെ പിണക്കാതെ മുന്നോട്ട് നീങ്ങാനും അദ്ദേഹം ശ്രദ്ധിച്ചു.
വിഭാഗീയതയുടെ പടുകുഴിയിൽ ആയിരുന്ന പാർട്ടിയെ ഇന്നത്തെ പാർട്ടിയായി മാറ്റിയതിൽ കോടിയേരിയുടെ പങ്കും ഒട്ടും ചെറുതല്ല, മറക്കാനാവുന്നതുമല്ല. സൗമ്യമായ ഇടപെടലും നിലപാടുകളിലെ കാർക്കശ്യവുമാണ് കോടിയേരി ബാലകൃഷ്ണന്റ മുഖമുദ്ര. പ്രതിസന്ധികളെ ചിരിച്ചു കൊണ്ടു നേരിടും. പ്രത്യയശാസ്ത്രവും പ്രായോഗിക രാഷ്ട്രീയവും പറഞ്ഞ് പ്രതിരോധിക്കുന്ന നയമാണ് അദ്ദേഹം പിന്തുടരുന്നത്.
വ്യക്തിപരമായി ഒരപവാദവും കേൾപ്പിക്കാത്ത നേതാവ് പലപ്പോഴും പ്രതിരോധത്തിലായത് മക്കൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ നിഴലിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങൾ കൂടി അലട്ടിയതോടെ ഒരു വർഷത്തിലേറെ സെക്രട്ടറി സ്ഥാനത്തു നിന്ന് മാറി നിൽക്കേണ്ടി വന്നു. അപ്പോഴും തദ്ദേശ - നിയമസഭ തെരഞ്ഞെടുപ്പുകളിൽ പിണറായിക്കൊപ്പം തന്ത്രമൊരുക്കിയതും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു ചുക്കാൻ പിടിച്ചതും കോടിയേരി തന്നെയായിരുന്നു. ഏറ്റവുമൊടുവിൽ തൃക്കാക്കരയിൽ വരെ.
തുടർച്ചയായ മൂന്നാം സമ്മേളനത്തിലും സെക്രട്ടറിയുമായി. അനാരോഗ്യമാണ് സെക്രട്ടറി സ്ഥാനം നിർവഹിക്കാൻ കോടിയേരിക്ക് തടസ്സമായത്. ചുമതല ഒഴിയണമെന്ന കോടിയേരിയുടെ നിർബന്ധം സിപിഎം നേതൃത്വം ഒടുവിൽ അംഗീകരിക്കുകയായിരുന്നു. ചികിത്സയ്ക്ക് ശേഷം വീണ്ടും സജീവമായ കോടിയേരി സെക്രട്ടറി പദത്തിലേക്ക് തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ഒടുവിൽ വരെ നേതാക്കളും അണികളും. പക്ഷേ ഏവരേയും നിരാശരാക്കി അദ്ദേഹം യാത്രയായിരിക്കുകയാണ്. കർമമണ്ഡലത്തിൽ ഇനിയുമേറെ കാര്യങ്ങൾ ചെയ്ത് തീർക്കാൻ ബാക്കി വച്ച്.... ലാൽ സലാം Comrade....
https://www.facebook.com/Malayalivartha

























