കോടിയേരിക്ക് വിട... കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം എയര്‍ ആംബുലന്‍സില്‍ നാളെ കണ്ണൂരിലെത്തിക്കും; തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും

അന്തരിച്ച സിപിഐഎം പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ ഭൗതിക ശരീരം എയര്‍ ആംബുലന്‍സില്‍ നാളെ കണ്ണൂരിലെത്തിക്കും. തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും. തിങ്കളാഴ്ച മൂന്ന് മണിയോടെ മൃതദേഹം സംസ്‌കരിക്കും. തിരുവനന്തപുരത്ത് പൊതുദര്‍ശനമുണ്ടാകില്ല.
ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ എട്ട് മണിയോടെയായിരുന്നു മരണം. പ്രതിസന്ധിയുടെ കാലത്ത് സിപിഐഎമ്മിനെ പോറലേല്‍ക്കാതെ നയിച്ച നേതാവാണ് കോടിയേരി. എല്‍ഡിഎഫിന് തുടര്‍ഭരണം ലഭിച്ചതിനു പിന്നില്‍ കോടിയേരിയുടെ വിശ്രമരഹിതമായ പ്രയത്‌നവും നേതൃശേഷിയുമുണ്ട്. ആറരവര്‍ഷം പാര്‍ട്ടിയെ നയിച്ചു. സംഘടനാപാടവവും ആശയദൃഢതയും സൗമ്യമായ ഇടപെടലുംകൊണ്ട് രാഷ്ട്രീയ എതിരാളികളുടെയടക്കം ആദരം പിടിച്ചുപറ്റാനും അദ്ദേഹത്തിനായി.
പതിനാറാംവയസിലാണ് കോടിയേരി പാര്‍ട്ടി അംഗത്വത്തിലേക്കെത്തുന്നത്. പതിനെട്ടാം വയസില്‍ ലോക്കല്‍ സെക്രട്ടറി. ഇതിനിടയില്‍ എസ്എഫ്‌ഐയുടെയും ഡിവൈഎഫ്‌ഐയുടെയും നേതൃതലങ്ങളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥക്കാലത്ത് 16 മാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിസാ തടവുകാരന്‍. ജയിലില്‍ പിണറായി വിജയനും എം.പി.വീരേന്ദ്രകുമാറും ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍. പൊലീസ് മര്‍ദനത്തില്‍ അവശനായ പിണറായിയെ സഹായിക്കാന്‍ നിയുക്തനായത് കൂട്ടത്തില്‍ ഇളയവനായ ബാലകൃഷ്ണനായിരുന്നു.
അന്ന് തലശേരി മേഖലയിലെ യുവനേതാക്കളായിരുന്ന ഇരുവരും തമ്മിലുള്ള സൗഹൃദത്തിന് ജയില്‍ജീവിതം കൂടുതല്‍ കരുത്തുപകര്‍ന്നുവെന്ന് പറയപ്പെടുന്നു. സിപിഐഎം. കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന പിണറായി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടി.ഗോവിന്ദനായിരുന്നു ആ സ്ഥാനത്തെത്തിയത്. അധികംവൈകാതെ സെക്രട്ടറിയുടെ ചുമതല കോടിയേരിയെ തേടിയെത്തി.
ജനങ്ങളുടെ വിശ്വാസം ഊട്ടിയുറപ്പിക്കുന്നതിനും നാടിനാവശ്യമുള്ള വികസന, ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിന്ന് കോടിയേരി നയിച്ചു. ആരോഗ്യപരമായ ബുദ്ധിമുട്ടുള്ളപ്പോഴും പാര്‍ട്ടി കാര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനായിരുന്നു കോടിയേരിയുടെ ശ്രദ്ധ.
https://www.facebook.com/Malayalivartha

























