തന്നെ വേദന അറിയിയ്ക്കാതെ കൊന്നുതരണമെന്ന് മുഖ്യമന്ത്രിയോടു അപേക്ഷിച്ചു കാത്തിരിക്കുന്ന സുജിത്

തൃശൂര്‍ എടമുട്ടത്തെ ഒരു കുടുംബത്തിലെ അച്ഛനും അമ്മയും ജ്യേഷ്ഠനും രണ്ട് അനുജന്‍മാരും അടങ്ങുന്ന കുടുംബത്തിലെ രണ്ടാമത്തെ കുട്ടിയായാണ് സുജിത് കുമാര്‍ ജനിച്ചത്. എന്നാല്‍ ആ കുട്ടി വളരുന്നതിനൊപ്പം അവന്റെ ശരീരം പെണ്‍രൂപത്തിലേക്ക് പരിണമിച്ചു കൊണ്ടിരുന്നു. അതോടെ പ്രശ്‌നമായി. അന്നുമുതല്‍ ഒറ്റപ്പെടാന്‍ തുടങ്ങി.
ഒടുവില്‍ ദയാവധത്തിന് അനുവാദം തരണം എന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ജൂലായില്‍ തൃശൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ നാല്‍പ്പത്തൊന്‍പതുകാരനായ സുജിത് മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുത്തു. ആ അപേക്ഷയിന്മേല്‍ എന്തു നടപടി എടുത്തു എന്ന് ആരും അറിയിച്ചില്ല.
ട്രാന്‍സ്‌ജെന്‍ഡറായത് (ഭിന്നലിംഗം) സ്വയം തിരഞ്ഞെടുത്തതോ ഇഷ്ടപ്പെട്ടതോ അല്ലെന്നും അതു മനസ്സിലാക്കാന്‍ ആരും തയ്യാറാവുന്നില്ലെന്നും പരാതിപ്പെടുന്നു. മറ്റുള്ളവരെപ്പോലെ ജോലി ചെയ്യാനുള്ള അറിവും ആഗ്രഹവുമുള്ള തനിക്ക് പക്ഷേ, ആരും അവസരം തരുന്നില്ല. പകരം നികൃഷ്ട ജീവിയെപ്പോലെ അകറ്റി നിറുത്തുന്നു.
ബി. എസ്.സി നഴ്‌സിംഗ് പാസായ വ്യക്തിയായ സുജിത് ഗള്‍ഫിലെ ഒരു ആശുപത്രിയില്‍ ജോലി നോക്കുകയും ചെയ്തു. പക്ഷേ, എല്ലാവരും ആണും പെണ്ണും അല്ലാത്ത വിചിത്ര ജീവിയായി ആണ് കാണുന്ന് എന്നതിനാല്‍ അവിടെയും അധിക കാലം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല.
ആശുപത്രി ഡ്യൂട്ടിക്കിടെ ഒരു ദിവസം ഹോസ്പിറ്റല്‍ അധികൃതര്‍ വിളിപ്പിച്ചിട്ട് മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകാന്‍ പറഞ്ഞു. അത്രയും കാലത്തെ അവിടത്തെ ജോലി അതോടെ അവസാനിച്ചു. തിരികെ നാട്ടിലേക്ക് പറക്കുമ്പോള്‍ ഗള്‍ഫ് എക്‌സ് പീരിയന്‍സ് വച്ചു ഒരു ജോലി കിട്ടുമെന്ന് ഉള്ളില്‍ത്തട്ടി വിശ്വസിച്ചു.
ആ വിശ്വാസത്തില്‍ സഹകരണ ബാങ്കില്‍ നിന്നും രണ്ട് ലക്ഷം രൂപ ലോണെടുത്ത് വീട് പണി തുടങ്ങി. ഗള്‍ഫില്‍ ജോലി ചെയ്ത പണവും കൈവശമുണ്ടായിരുന്നു. പണിപൂര്‍ത്തിയാകും മുമ്പേ സ്വര്‍ണ ഭവന്‍ എന്ന് പേരിട്ട പുതിയ വീട്ടിലേക്ക് താമസം മാറ്റി. പണം തീര്‍ന്നപ്പോള്‍ വീട് പണി നിര്‍ത്തി.
സുജിത് കുമാര്‍ എന്ന സുജിക്ക് ഇന്ന് ഈ മേല്‍വിലാസമാണ്. പക്ഷേ, ഇവിടേക്ക് ആരും വരാറില്ല. ആരും തിരക്കാറുമില്ല. വീടുപണിക്കെടുത്ത ബാങ്ക് ലോണ്‍ തിരിച്ചടക്കാന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ മേയ് മാസം ബാങ്ക് ഉദ്യോഗസ്ഥരെത്തി തിരിച്ചടവ് മുടങ്ങിയതിനാല്‍ വീട് ജപ്തി ചെയ്യുമെന്ന് പറഞ്ഞിരിക്കുകയാണ്.
വിദ്യാഭ്യാസ യോഗ്യതയുണ്ടായിട്ടും പത്തുവര്‍ഷമായി ജോലി അന്യമായി നില്‍ക്കുന്നു. കൂടെപ്പിറപ്പുകള്‍ പോലും അകറ്റി നിറുത്തി. മനസ്സ് പകച്ചുപോയ ബാല്യത്തില്‍ ജീവിക്കാന്‍ പ്രേരണ നല്‍കിയത് അച്ഛനാണ്. സ്‌നേഹവും വാത്സല്യവും പകര്‍ന്നു ചേര്‍ത്തു നിറുത്തി ആശ്വസിപ്പിച്ചിരുന്ന, സ്‌കൂള്‍ മാഷായിരുന്ന അച്ഛന്‍ 11 കൊല്ലം മുന്‍പ് മരിച്ചു. സഹോദരങ്ങളുടെ വിവാഹം കഴിഞ്ഞതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമായി. സുജിത്തിന്റെ സാന്നിദ്ധ്യം മറ്റുള്ളവരുടെ മനസ്സമാധാനം കെടുത്തുന്നത് അയാള്‍ തിരിച്ചറിഞ്ഞു.
പ്രീഡിഗ്രി കഴിഞ്ഞപ്പോള്‍ ബി. എസ്.സി നഴ്‌സിംഗ് തിരഞ്ഞെടുത്തത് തന്നെ മനസ്സിലാക്കുന്നവര്‍ ആ മേഖലയില്‍ ഉണ്ടാവും എന്നു കരുതിയാണ്. മനുഷ്യശരീരത്തെ ശരിയായ അര്‍ത്ഥത്തില്‍ കാണാന്‍ കഴിയുന്നത് മെഡിക്കല്‍ മേഖലയില്‍ ഉള്ളവര്‍ക്കാണല്ലോ. തന്റെ ജീവിതത്തില്‍ അല്പമെങ്കിലും ആശ്വാസം കിട്ടിയത് നഴ്‌സിംഗിന് പഠിക്കുമ്പോഴായിരുന്നു. അതുകൊണ്ടുതന്നെ നല്ല മാര്‍ക്കോടെയായിരുന്നു പാസായത്.
ഇനി ഗള്‍ഫില്‍ മറ്റൊരു ജോലിക്ക് സാധ്യതയില്ലാത്തതിനാല്‍ നാട്ടില്‍ പിടിച്ചു നില്‍ക്കുകയേ വഴിയുള്ളൂ. ജോലിക്കായി പല ആശുപത്രികളിലും കയറി ഇറങ്ങി. മതിയായ യോഗ്യതയുള്ള ആണും പെണും ഒരുപാട് പേരുണ്ടെന്നും മറ്റുവല്ല ജോലിയും നോക്കാനുമാണ് തൃശൂരിലെ പ്രമുഖ ആശുപത്രിയിലെ ഡയറക്ടര്‍ തന്ന മറുപടി. ജോലി ലഭിക്കില്ലെന്നുറപ്പായപ്പോള്‍ വീട്ടില്‍ ഇംഗ്ലീഷ് ട്യൂഷന്‍ തുടങ്ങാമെന്ന് കരുതി. ഫോണില്‍ വിളിച്ച പലരും ട്യൂഷന് വരാമെന്നേറ്റിരുന്നു. പക്ഷെ ആളെ നേരിട്ട് കണ്ടപ്പോള്‍ അവരെല്ലാം പിന്‍മാറി.
ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് സ്ത്രീകളുടെ സീറ്റില്‍ ഇരിക്കാന്‍ അവകാശമില്ല. പൊതുസ്ഥലങ്ങളില്‍ ആണ്‍, പെണ്‍ ടോയ്‌ലറ്റുകളുണ്ട്. അത് രണ്ടും ഉപയോഗിക്കാന്‍ അവകാശമില്ല. നികൃഷ്ട ജീവിയെപ്പോലെ അകറ്റി നിറുത്തുകയാണ്. കഴിക്കാനൊന്നും കിട്ടാതെ ഈ വീടിനകത്ത് കിടന്ന് കരഞ്ഞിട്ടുണ്ട്. പട്ടിണികൊണ്ട് തളര്‍ന്നു വീണ ദിവസങ്ങളില്‍ ആത്മഹത്യയെ കുറിച്ച് ആലോചിച്ചു.
ഇനി സുജി എന്ന തന്റെ മുന്നില്‍ ഒരു വഴി മാത്രമാണുള്ളത് . മരണം. വേദനയില്ലാത്ത ഒരു മരണം. അതുമാത്രമാണ് ആഗ്രഹിക്കുന്നത്. അത് ദയാവധത്തിലൂടെ മാത്രമേ സാധ്യമാവൂ. അതു ചെയ്യാന്‍ കഴിയുന്നത് സര്‍ക്കാരിനാണ്. അങ്ങനെയാണ് കഴിഞ്ഞ ജൂലായില്‍ തൃശൂരില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ മുഖ്യമന്ത്രിക്ക് അപേക്ഷ കൊടുത്തത്. ദയാവധത്തിന് അനുവാദം തരണം എന്നു മാത്രമേ ആവശ്യപ്പെട്ടുള്ളൂ.
ആകെയുള്ള ബന്ധുക്കള്‍ ആറു പട്ടികളും രണ്ട് പൂച്ചകളുമാണ്. മൂന്നാം ലിംഗക്കാരെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തമില്ലെങ്കില്‍ വേദനയില്ലാ കൊല അനുവദിക്കാനുള്ള കനിവെങ്കിലും ഭരണകൂടം തന്നോട് കാണിക്കണം എന്നാണ് സുജിതിന്റെ അപേക്ഷ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha