'രാത്രി യാത്രയും ബഹളവും അധ്യാപകരെ അകറ്റി നിർത്തും. രാത്രി സഞ്ചരിക്കുന്ന ബസിൽ നിന്ന് ബഹളം വെച്ചാൽ പോലീസ് പിടിക്കണം. ടൂർ നിർത്തി വണ്ടി തിരിച്ച് വിടണം. വണ്ടിയിൽ മദ്യപിച്ച് ലഹരി ഉപയോഗിച്ച് കണ്ടാൽ വണ്ടി തിരിച്ച് വിടാൻ പോലിസിന് പറ്റണം. ..' വൈറലായി അധ്യാപകന്റെ കുറിപ്പ്

വടക്കാഞ്ചേരിയിലെ ആ അപകടം ആരും മറക്കില്ല. സന്തോഷത്തോടെ മടങ്ങിയ കുട്ടികൾ ജീവിതത്തിൽ മറക്കാനാകാത്ത ദുഃഖത്തിൽ എത്തിയ ആ യാത്ര. വടക്കഞ്ചേരിയിലെ ടൂറിസ്റ്റ് ബസ് അപകടം കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടവർക്ക് മാത്രമല്ല, ഓരോ രക്ഷിതാവിനും നെഞ്ചിലെ നെരിപ്പോടാണ്. സംഭവത്തിനു പിന്നാലെ നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസുകൾക്ക് കടിഞ്ഞാടിണമെന്ന തരത്തിലുള്ള ചർച്ചകളും സജീവമായി മാറിയിരിക്കുകയാണ്.
എന്നാൽ ഇപ്പോഴിതാ ആറ്റിങ്ങൽ കോളജ് ഓഫ് എഞ്ചിനീയറിംഗ് പ്രിൻസിപ്പൽ സുനിൽ തോമസ് തോണിക്കുഴിയിൽ കുറിപ്പ് വൈറലാകുകയാണ്. നിയമം ലംഘിക്കുന്ന ടൂറിസ്റ്റ് ബസിലെ യാത്ര ഒഴിവാക്കി പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സംവിധാനം ഉണ്ടാകണമെന്ന് സുനിൽ തോമസ് കുറിക്കുന്നു. പിള്ളേരുടെ ടൂർ നിയന്ത്രിക്കുന്നത് മിക്കവാറും ടുറിസ്റ്റ് ബസുകാരാണ്. ഈ സാഹചര്യത്തിന് മാറ്റമുണ്ടാകണമെന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിക്കുകയാണ്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ:
ടുറിസ്റ്റ് ബസിലുള്ള ടൂർ നിരോധിക്കുക.
--------------------------------------
(Highly unpopular opinion)
സർക്കാർ മേഖലയിൽ നടത്തുന്ന ഒരു കോളേജിന്റെ ചുമതലക്കാരൻ എന്ന നിലയിൽ വിദ്യാർത്ഥികളുടെ ടൂറുകൾ എനിക്ക് എപ്പോഴും ആശങ്കയുണ്ടാക്കുന്ന ഒരു കാര്യമാണ്. എൻജിനിയറിംഗ് കരിക്കുലത്തിൽ ഇഡസ്ട്രിയൽ വിസിറ്റ് എന്നാണ് ടുറിന് പേരിട്ടിരിക്കുന്നത്. ഏതെങ്കിലും വ്യവസായ ശാലയിലോ മറ്റോ പോയി പ്രവർത്തനങ്ങൾ കണ്ട് മനസ്സിലാക്കണം എന്നാണ് വെപ്പ്. സാധാരണ ഒരു ഇൻഡസ്ട്രിയും പിള്ളരെ അകത്ത് കയറ്റില്ല. (കമ്പ്യൂട്ടർ സയൻസുകാരൻ ഒക്കെ ഐ ടി കമ്പനിയിൽ പോകണം. ടൂർ പോകാൻ വരുന്നവരോട് ആദ്യം ഇൻഡസ്ട്രിയിൽ നിന്ന് അനുവാദം വാങ്ങാൻ പറയും.
പിള്ളേർ വളരെ കൂളായി വാകാലാന്റിന്റെയോ ഗാ ഗോലാന്റിന്റെയോ മറ്റോ ഇലക്ടിക്കൽ കൺട്രോൾ യുണിറ്റ് സന്ദർശിക്കാനുള്ള അനുവാദം വാങ്ങി വരും. പിള്ളേരുടെ ടൂർ നിയന്ത്രിക്കുന്നത് മിക്കവാറും ടുറിസ്റ്റ് ബസുകാരാണ്. ഏത് Industry കാണണം എന്ന് അവർ പറയും. ഇപ്പോൾ മിക്കവാറും ടുറിസ്റ്റ് ബസുകാർ ഒരു പാക്കേജായി വാഗാലാന്റിന്റെ അനുവാദം ഒക്കെ വാങ്ങിത്തരും. എപ്പോൾ പുറപ്പെടണം എവിടെ തങ്ങണം എന്ത് തിന്നണം എന്നൊക്കെ അവർ പറയും. നടത്തിപ്പുകാർക്ക് കമ്മീഷൻ ചിലപ്പോൾ തടയും. ചെവിക്ക് തകരാറില്ലാത്ത ഒരധ്യാപകനും പിള്ളേരുടെയൊപ്പം ബസിൽ പോകാൻ തയ്യാറാവില്ല. 5000 വാട്ടിന്റെ മ്യുസിക് സിസ്റ്റത്തിൽ പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന ശബ്ദം സഹിക്കാൻ കഴിവുള്ള വർ അപൂർവമാണ്. പിള്ളേർ നടന്ന് നടന്ന് ഏതെങ്കിലും ഗസ്റ്റ് അധ്യാപകരെ ചാക്കിലാക്കും. നമ്മൾ കണ്ണടയ്ക്കും . തൊന്തരവ് ഒഴിഞ്ഞല്ലോ.
അടുത്ത പടി സർക്കാർ ഉത്തരവ് കാട്ടി
രാത്രി യാത്ര പറ്റില്ല എന്ന് നമ്മൾ പറയും. അപ്പോൾ പുലർച്ചെ നാലിന് പോകാൻ ഷെഡ്യൾ ചെയ്ത് തലേന്ന് രാത്രി വണ്ടി വിടും. ഒരു ദിവസത്തെ പരിപാടി മുന്ന് ദിവസം നീട്ടും .ചോദിച്ചാൽ വണ്ടി വഴിയിൽ കിടന്നു എന്ന് പറയും.
മിക്കവാറും ടൂറിസ്റ്റ് സ്പോട്ടിൽ ചെല്ലുമ്പോൾ പിള്ളേർക്ക് തല്ല് കിട്ടും. സംസ്ഥാനത്തിന് പുറത്താണെങ്കിൽ പോലീസ് സ്റ്റേഷനിലും കേറും. തല്ലു മേടിക്കാതെ ടൂർ പാർട്ടി തിരിച്ചു വരുന്നത് അപൂർവമാണ്. അടി എണ്ണി തല്ലിയവർക്ക് കൂലി കൊടുത്ത ചരിത്രവും ഉണ്ട്. സിനിമയിലെ ടൂറും റിയൽ ലൈഫ് ടൂറും തമ്മിൽ വലിയ അന്തരമുണ്ട്. ടൂർ കഴിയുമ്പം പിള്ളേർ അത് പിടി കിട്ടും. മിക്കവാറും ലഹരിവസ്തുക്കളിലേക്കുള്ള first exposure ടൂർ സമയത്താണ് കിട്ടുക. ബസിൽ അതിന് പ്രത്യേക സൗകര്യം കാണും. ബാക്ക് സിറ്റിലേക്ക് അധ്യാപകർ പോകാറില്ല. ടൂർ വിടാൻ കോളേജധികൃതർ വിസമ്മതിച്ചാൽ ഉന്നതങ്ങളിൽ നിന്ന് വിളിവരും. എന്നെ കുറേക്കാലം മുൻപ് ഒരു പ്രമുഖ നേതാവ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. പിള്ളേർ ബസ് ബുക്ക് ചെയ്ത് പോയത്രെ, അവർ പറഞ്ഞ സമയത്തും നേരത്തും വിടണമത്രെ.
കോളേജിൽ നിന്ന് ടൂർ പോയാൽ കുട്ടികൾ തിരിച്ചു വരുന്നതുവരെ സമാധാനമുണ്ടാകില്ല. അവർ കാണിക്കുന്ന സകല കുരുത്തക്കേടുകൾക്കും കോളേജ് ഉത്തരം പറയേണ്ടിവരും. ടൂർ നിരോധിക്കണമെന്നൊന്നും എനിക്ക് അഭിപ്രായമില്ല. പിള്ളേരെ 15 ദിവസത്തേക്ക് നോർത്ത് ഇന്ത്യയിലൊക്കെ കറങ്ങാൻ വിടണം. പക്ഷെ സർക്കാർ / യുണിവേർസിറ്റി കോളേജ് ടൂറുകൾക്ക് കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ടാക്കണം. പഠന യാത്രകൾ ഇൻസ്റ്റാഗ്രാമിന് വേണ്ടിയാണ് ഇപ്പോൾ നടത്തുന്നത്. പലപ്പോഴും അപകടകരമായ അഭ്യസങ്ങൾ അപരിചിത മായ ഇടങ്ങളിൽ കുട്ടികൾ ചെയ്യുന്നതും ഈ ത്രില്ലിനു വേണ്ടിയും ഷൈൻ ചെയ്യുന്നതിനുമാണ്.
കൃത്യമായി പ്ലാൻ ചെയ്ത് യാത്രകൾ നടത്താൻ കുട്ടികളെ പരിശീലിപ്പിക്കണം. കഴിവതും ദീർഘദൂര യാത്ര കൾ ട്രെയ്നിലാക്കണം. ടെയിൽ ഇല്ലാത്ത ഇടത്തേക്ക് ടൂർ ഓപ്പറേറ്റ് ചെയ്യുമ്പോൾ KSRTC സ്വിഫ്റ്റ് ബസ് ബുക്ക് ചെയ്യട്ടെ. സാദാ ഫാസ്റ്റിൽ കേറിയാലും ഊട്ടിക്കൊക്കെ പോകാം. അല്ലെങ്കിൽ ടുറിസ്റ്റ് ബസുകൾക്ക് കൃത്യമായ നിയമങ്ങൾ ഉണ്ടാക്കണം. അവ പാലിക്കുന്നു എന്ന് ഉറപ്പ് വരുത്തണം.
50 പേരുള്ള സംഘങ്ങളായിട്ടാകണം യാത്ര. ടൂറിന് കുട്ടികളെ അനുഗമിക്കുന്നത് promotion /HOD ഷിപ്പ് / ഗ്രേഡ് ഒക്കെ കൊടുക്കുന്നതിന് മാനദണ്ഡമാക്കണം. 20 കുട്ടികൾക്ക് ഒരധ്യാപകൻ എങ്കിലും കൂടെ പോകണം. അധ്യാപികമാരെ ടുറിന് വിടാൻ ആണ് ഏറ്റവും പ്രയാസം. രാത്രി യാത്രയും ബഹളവും അധ്യാപകരെ അകറ്റി നിർത്തും. രാത്രി സഞ്ചരിക്കുന്ന ബസിൽ നിന്ന് ബഹളം വെച്ചാൽ പോലീസ് പിടിക്കണം. ടൂർ നിർത്തി വണ്ടി തിരിച്ച് വിടണം. വണ്ടിയിൽ മദ്യപിച്ച് ലഹരി ഉപയോഗിച്ച് കണ്ടാൽ വണ്ടി തിരിച്ച് വിടാൻ പോലിസിന് പറ്റണം.
അപകടങ്ങൾ ഉണ്ടായാൽ എന്തു ചെയ്യണം എന്ന് വ്യക്തമായ പ്ലാൻ ടൂർ സംഘങ്ങൾക്ക് ഉണ്ടാകണം. പരിക്കേൽക്കുക, തല്ല് കിട്ടുക എന്നിങ്ങനെ യുള്ള സംഭവങ്ങളിൽ പലപ്പോഴും കുട്ടികളും അധ്യാപകരും എന്തു ചെയ്യണമെന്നറിയാതെ വട്ടം കറങ്ങാറുണ്ട്. പ്ലഷർ ട്രിപ്പ് എന്നതിനപ്പുറം കണ്ടിട്ടില്ലാത്ത ഇടങ്ങളെ ആളുകളെയൊക്കെ പരിചയപ്പെടാനുള്ള അവസരമാക്കി ടൂറുകളെ മാറ്റണം. ടൂർ പോയി മൈസൂർ സു വിലെ കൂട്ടിൽ കയറിയവർക്കും, തല്ല് കൊണ്ടവർക്കും കമന്റ് ഇടാം.
PS: ഇപ്പോൾ എയറിലുള്ളവർ ആരൊക്കെയാണ്. ഒരു കമ്പനി വേണം.
https://www.facebook.com/Malayalivartha






















