തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വീണ്ടും ഹാജരാകാന്‍ വിജയ്ക്ക് സിബിഐയുടെ സമന്‍സ്

കരൂരില്‍ നടന്ന രാഷ്ട്രീയ പ്രചാരണ പരിപാടിക്കിടെ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വീണ്ടും ഹാജരാകാന്‍ തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് സിബിഐയുടെ സമന്‍സ്. തിങ്കാളാഴ്ച ഡല്‍ഹിയിലെ സിബിഐ ഓഫീസില്‍ വീണ്ടും ഹാജരാകാനാണ് നിര്‍ദ്ദേശം. സിബിഐ ആസ്ഥാനത്ത് ഹാജരാകുന്നതിനായി വിജയ് ഡല്‍ഹിയിലേയ്ക്ക് പുറപ്പെട്ടതായാണ് റിപ്പോര്‍ട്ട്. 2025 സെപ്റ്റംബര്‍ 27 ന് കരൂരില്‍ നടന്ന രാഷ്ട്രീയ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ടതാണ് കേസ്. വിജയ് ടിവികെയ്ക്ക് വേണ്ടി പ്രചാരണം നടത്തിയ കരൂരില്‍ ഉണ്ടായ തിക്കിലും തിരക്കിലും 41 പേര്‍ മരിച്ചിരുന്നു.
നേരത്തെ ജനുവരി 12ന് വിജയ് സിബിഐക്ക് മുന്നില്‍ ഹാജരായിരുന്നു. നീണ്ട ചോദ്യം ചെയ്യലിന് വിജയ് വിധേയനായിരുന്നു. കരൂരിലെ പരിപാടി ആരാണ് സംഘടിപ്പിച്ചത്, ക്രമീകരണങ്ങളെക്കുറിച്ച് വിജയ്ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നോ, വേദിയില്‍ എത്താന്‍ വൈകിയതിന്റെ കാരണം, വര്‍ദ്ധിച്ചുവരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ ഉദ്യോഗസ്ഥര്‍ വിജയ്‌യോട് ചോദിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
തിരക്കിന്റെ ഗൗരവം അദ്ദേഹം എപ്പോള്‍ മനസ്സിലാക്കി, തദ്ദേശ ഭരണകൂടം മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നോ, കുടിവെള്ളം, സുരക്ഷ, സുരക്ഷിതമായ പ്രവേശന, എക്‌സിറ്റ് വഴികള്‍ എന്നിവയ്ക്കായി എന്തൊക്കെ ക്രമീകരണങ്ങള്‍ ഒരുക്കിയിരുന്നു എന്നിവയെക്കുറിച്ചും അന്വേഷണ ഉദ്യോഗസ്ഥര്‍ വിശദീകരണം തേടിയിരുന്നു. എല്ലാ ചോദ്യങ്ങള്‍ക്കും വിജയ് മറുപടി നല്‍കിയതായും വിശദമായ വിശദീകരണങ്ങള്‍ നല്‍കിയതായുമായിരുന്നു ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. ആദ്യ ഘട്ട ചോദ്യം ചെയ്യലിന് ശേഷം വിജയ് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു.
https://www.facebook.com/Malayalivartha























