ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് ബോംബ് ഭീഷണി

ഡല്‍ഹിയില്‍ നിന്ന് ബാഗ്‌ഡോഗ്രയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെത്തുടര്‍ന്ന് ലഖ്‌നൗവിലെ ചൗധരി ചരണ്‍ സിംഗ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെ 222 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
വിമാനത്തിനുള്ളിലെ ശുചിമുറിയില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. ശുചിമുറിയിലെ ടിഷ്യൂ പേപ്പറില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് എഴുതിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട വിമാന ജീവനക്കാര്‍ ഉടന്‍ തന്നെ പൈലറ്റിനെ വിവരമറിയിക്കുകയും തുടര്‍ന്ന് ലഖ്‌നൗവില്‍ വിമാനം ലാന്‍ഡ് ചെയ്യാന്‍ അനുമതി തേടുകയുമായിരുന്നു.
ലാന്‍ഡ് ചെയ്ത ഉടന്‍ വിമാനത്തെ റണ്‍വേയില്‍ നിന്ന് മാറ്റി ഒറ്റപ്പെട്ട സ്ഥലത്തേക്ക് മാറ്റി. ബോംബ് ഡിസ്‌പോസല്‍ സ്‌ക്വാഡ് , സി.ഐ.എസ്.എഫ് , എയര്‍പോര്‍ട്ട് ഫയര്‍ ഫോഴ്‌സ്, ആംബുലന്‍സ്, പോലീസ് സംഘം എന്നിവര്‍ സ്ഥലത്തെത്തി. വിമാനത്തിനുള്ളിലും യാത്രക്കാരുടെ ലഗേജുകളിലും മണിക്കൂറുകള്‍ നീണ്ട വിശദമായ പരിശോധന നടത്തി.
പരിശോധനയില്‍ വിമാനത്തില്‍ നിന്ന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഭീഷണി വ്യാജമാണെന്ന് ഉറപ്പുവരുത്തിയ ശേഷം വിമാനം സുരക്ഷിതമാണെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആര്‍ക്കും പരിക്കുകളില്ല.
https://www.facebook.com/Malayalivartha
























