പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി 30 കാരി ജീവിച്ചത് അഞ്ചു വർഷം ; 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തി നിന്ന് മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി ; വീണ്ടും ശസ്ത്രക്രിയ നടത്തി ഉപകരണം പുറത്തെടുത്തു; ഒടുവിൽ യുവതിയുടെ വയറ്റിൽ കുടുങ്ങിയത് കത്രികയല്ലെന്ന വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി

യുവതിയുടെ പ്രസവ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി. യുവതിയുടെ വയറ്റിൽ കണ്ടെത്തിയത് കത്രികയല്ലെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയുടെ വിശദീകരണം. മോസ്ക്വിറ്റോ ആർട്ടറി ഫോർസെപ്സ് എന്നു പേരുള്ള ഉപകരണമാണിതെന്നാണ് മെഡിക്കൽ കോളജ് പറയുന്നത്.
നേരത്തെ യുവതിക്ക് മറ്റ് രണ്ട് ആശുപത്രികളിൽ ശസ്ത്രക്രിയ നടന്നിരുന്നുവെന്നും, അതിനാൽ മെഡിക്കൽ കോളേജിൽ നിന്നാണ് പിഴവ് സംഭവിച്ചതെന്ന് തീർത്ത് പറയാനാകില്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഇവി ഗോപി വ്യക്തമാക്കുന്നു. മാത്രമല്ല യുവതിയുടെ ശത്രക്രിയക്ക് ശേഷം ബന്ധപ്പെട്ട നഴ്സുമാർ ഉപകരണങ്ങൾ എണ്ണിത്തിട്ടപ്പെടുത്തിയതാണെന്നും, ഇതിൽ കുറവ് കണ്ടെത്തിയിരുന്നില്ലെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
നിലവിൽ സംഭവം അന്വേഷിക്കാൻ മൂന്നംഗ സമിതിയിയെ നിയോഗിച്ചിട്ടുണ്ട്. തുടർന്ന് ഇവരുടെ റിപ്പോർട്ട് കിട്ടിയാൽ തുടർ നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട അന്വേഷണത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിൽ മൂന്നംഗ അന്വേഷണ കമ്മീഷൻ രൂപീകരിച്ചിട്ടുണ്ട്. കൂടാതെ മെഡിക്കൽ കോളജ് പ്രിൻസിപ്പലിന് ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകും.
അതേസമയം കോഴിക്കോട് അടിവാരം സ്വദേശി ഹർഷിനയാണ് ഡോക്ടർമാരുടെ ഗുരുതര അനാസ്ഥയ്ക്ക് ഇരയായത്. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കുടുങ്ങിയ കത്രികയുമായി 30 കാരി അഞ്ചു വർഷമാണ് ജീവിച്ചത്. യുവതിയ്ക്ക് 2017 നവംബര്‍ 30 ന് പ്രസവ ശസ്ത്രക്രിയ നടന്നതിന് ശേഷം ഹര്‍ഷിന വേദന മാറിയിട്ടില്ല.
ഈ അഞ്ചു വർഷത്തോളമായി 12 സെന്‍റിമീറ്റര്‍ നീളവും 6 സെന്‍റിമീറ്റര്‍ വീതിയുമുള്ള കത്രിക കുത്തി നിന്ന് മൂത്ര സഞ്ചിയില്‍ മുഴ ഉണ്ടായി. പിന്നാലെ വേദന മാറാന്‍ പല ആശുപത്രിയിലും ചികിത്സ ചെയ്തെങ്കിലും ഫലം കണ്ടില്ല. ഇതേതുടർന്ന് സ്വകാര്യ ആശുപത്രിയിലെ സി.ടി സ്കാനിംഗിലാണ് മൂത്രസഞ്ചിയിലെ ഉപകരണം കണ്ടെത്തുന്നത്. ഇതോടെ മെഡിക്കൽ കോളജിൽ വെച്ച് തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തി ഈ ഉപകരണം പുറത്തെടുക്കുകയായിരുന്നു. എന്നാൽ ഇത്രകാലം അനുഭവിച്ച വേദനയ്ക്ക് നഷ്ടപരിഹാരം വേണമെന്നാണ് യുവതിയുടെ ഇപ്പോഴത്തെ ആവശ്യം.
https://www.facebook.com/Malayalivartha






















