14 വർഷം ശിക്ഷയല്ലേ... 39 ആവുമ്പോഴേക്കും പുറത്തിറങ്ങും, ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിണ്ട്! പോലീസിനെ ഞെട്ടിച്ച് ശ്യാംജിത്തിന്റെ വാക്കുകൾ...

ചോദ്യം ചെയ്യലിനിടെ പോലീസിനെ ഞെട്ടിച്ച് ശ്യാംജിത്ത്. വിഷ്ണുപ്രിയയുടെ കൊലപാതകം ആസൂത്രണം ചെയ്തത് ഗൂഗിളിൽ സെർച്ച് ചെയ്‌തെന്ന് പോലീസിനോട് പ്രതി. കൊലപാതകത്തിന് ശേഷം അച്ഛന്റെ ഹോട്ടലിലെത്തി ഭക്ഷണം വിളമ്പിയെന്നും പ്രതി ശ്യാംജിത്ത് പറഞ്ഞു. ബാഗിൽ നിന്ന് കണ്ടെത്തിയ ബാറ്ററി, മിനി വുഡ് കട്ടറിന്റേതെന്നും ശരിയായി പ്രവർത്തിക്കാത്തതിനാൽ ഉപയോഗിക്കാനായില്ലെന്നും പ്രതി പറഞ്ഞു. അതേ സമയം “14 വർഷം ശിക്ഷയല്ലേ. 39 ആവുമ്പോഴേക്കും പുറത്തിറങ്ങും, ശിക്ഷയൊക്കെ ഞാൻ ഗൂഗിളിൽ നോക്കി മനസ്സിലാക്കിയിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിനിടെ ശ്യാംജിത്ത് പോലീസിനോട് പറഞ്ഞു.
വിഷ്‌ണുപ്രിയയെ കൊല്ലാനുള്ള കത്തി സ്വയം നിർമിച്ചതാണെന്നും പ്രതി പറഞ്ഞു. കൊലപ്പെടുത്താനായി ഇരുതല മൂർച്ചയുള്ള കത്തി സ്വന്തമായി നിർമ്മിച്ച പ്രതി, പാനൂരിലെ വീട്ടിൽ വെച്ച് ചുറ്റിക കൊണ്ട് വിഷ്ണുപ്രിയയെ തലക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ക്രൂരമായ കൊലപാതക കൃത്യം നടത്തിയ പ്രതി പിന്നീട് ഇതേ വീട്ടിൽ വെച്ച് തന്നെ വസ്ത്രം മാറി. കൈയ്യുറയും മാസ്കും സോക്സും ഷൂസും അടക്കമുള്ളവ തന്റെ കൈയ്യിലുണ്ടായിരുന്ന ബാഗിലാക്കി. കൊല്ലാൻ ഉപയോഗിച്ച കത്തിയും ചുറ്റികയും ഇരുമ്പ് കമ്പിയും അറ്റകൈ പ്രയോഗത്തിനായി കൈയ്യിൽ കരുതിയ മുളകുപൊടിയും അടക്കമുള്ളവ ബാഗിൽ തന്നെയാണ് വെച്ചത്. തുടർന്ന് വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് ബൈക്ക് ഓടിച്ച് പോയ പ്രതി ഇതേ ബാഗിൽ ഒരു ബാർബർ ഷോപ്പിൽ നിന്നെടുത്ത മുടിയും വെച്ചിരുന്നു.
ഇനി പിടിക്കപ്പെടുകയാണെങ്കിൽ മുടിയിലെ ഡിഎൻഎ വെച്ച് താനല്ല കുറ്റവാളിയെന്ന് സമർത്ഥിക്കാനും പൊലീസിനെ വഴിതിരിച്ചുവിടാനുമായിരുന്നു ഇത്. ബൈക്കുമായി നേരെ മാനന്തേരിയിലേക്കാണ് ശ്യാംജിത് പോയത്. വീടിനടുത്തുള്ള ഒരു കുഴിയിൽ ബാഗ് വെച്ച് അതിന് മീതെ ഒരു കല്ലും ശ്യാംജിത് എടുത്ത് വെച്ചു. തുടർന്ന് സ്വന്തം വീട്ടിൽ പോയി. ഇവിടെ നിന്ന് കുളിച്ച് വസ്ത്രം മാറിയ ശേഷം മാനന്തേരിയിൽ അച്ഛന്റെ ഹോട്ടലിലേക്കാണ് ഇയാൾ പോയത്. ഇവിടെ വെച്ച് ഭക്ഷണം വിളമ്പുകയായിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊലയ്ക്ക് ശേഷം വിഷ്ണുപ്രിയയുടെ ആൺ സുഹൃത്തിനെയും കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിട്ടിരുന്നു. ഇയാളുമായി വിഷ്ണുപ്രിയ പ്രണയത്തിലാണെന്ന് ശ്യാംജിത്ത് സംശയിച്ചിരുന്നു. ആയുധങ്ങള്‍ വൃത്തിയാക്കി സൂക്ഷിച്ചത് രണ്ടാമത്തെ കൊലപാതകത്തിനായിരുന്നു. അതിന് ശേഷം കീഴടങ്ങാനായിരുന്നു പദ്ധതിയെന്നും ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു. പൊന്നാനി സ്വദേശിയായ ഈ യുവാവുമായി വീഡിയോകോളിൽ സംസാരിക്കുന്നതിനിടെയാണ് പ്രതി വിഷ്ണുപ്രിയയെ ആക്രമിച്ചത്. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്ന് ശ്യാംജിത്തിന്റെ മൊഴിയിൽ പറയുന്നു.
മറ്റൊരാളുമായുള്ള അടുപ്പമാണ് വിഷ്ണുപ്രിയ അകലാൻ കാരണമെന്നായിരുന്നു ശ്യാംജിത്ത് വിശ്വസിച്ചിരുന്നത്. ഇതോടെ വിഷ്ണുപ്രിയയെും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു. സുഹൃത്തിനെ സാക്ഷിയാക്കാനാണ് പൊലീസിന്റെ നീക്കം. പ്രതി യുവതിയുടെ തലയ്ക്കടിക്കുന്നത് ഇയാൾ ഫോണിലൂടെ കണ്ടിരുന്നു. പാനൂരിലെ ന്യൂക്ലിയസ് ക്ലിനിക്കില്‍ ഫാര്‍മസിസ്റ്റായിരുന്ന വിഷ്ണുപ്രിയ സാമൂഹികമാധ്യമങ്ങളിലും സജീവമായിരുന്നു.
ശനിയാഴ്ച വിഷ്ണുപ്രിയ കൊല്ലപ്പെട്ടെന്ന വിവരമറിഞ്ഞതിന് പിന്നാലെ ഒട്ടേറെ സുഹൃത്തുക്കള്‍ വിഷ്ണുപ്രിയയുടെ ഇന്‍സ്റ്റഗ്രാം റീല്‍സ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വിഷ്ണുപ്രിയയുടെ അതിദാരുണ കൊലപാതകത്തിന്റെ ഞെട്ടലിലാണ് നാട്ടുകാരും സുഹൃത്തുക്കളും. കഴിഞ്ഞദിവസം കൊലപാതകവിവരം പുറത്തറിഞ്ഞത് മുതല്‍ നിരവധി പേരാണ് വള്ള്യായിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. സംഭവമറിഞ്ഞ ആര്‍ക്കും വിഷ്ണുപ്രിയ കൊല്ലപ്പെട്ടെന്ന വാര്‍ത്ത ഉള്‍ക്കൊള്ളാനായില്ല.
https://www.facebook.com/Malayalivartha






















