പ്രണയപ്പകയെന്ന് റിമാൻഡ് റിപ്പോർട്ട്; പൊന്നാനിയിലെ സുഹൃത്ത് സാക്ഷിയാകും; നാളെയോ മറ്റന്നാളോ മൊഴിയെടുക്കാൻ സാധ്യത

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയയുടെ കൊലയ്ക്ക് പിന്നിൽ പ്രണയപ്പകയെന്ന് റിമാൻഡ് റിപ്പോർട്ട്. വിഷ്ണുപ്രിയ അകന്നത് പുതിയ പ്രണയബന്ധം മൂലമെന്ന സംശയം കൊലയ്ക്ക് കാരണമായി. വിഷ്ണുപ്രിയയുടെ സുഹൃത്ത് പൊന്നാനി സ്വദേശി നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം പ്രതിയായ ശ്യാംജിത്തിലേക്ക് എത്തിയത്. അയൽവാസിയുടെ സാക്ഷിമൊഴിയും നിർണായകമായി. കൊലപാതകം ആസൂത്രിതമാണെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വിഷ്ണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ സാക്ഷിയാക്കുന്നതിനുള്ള നടപടി ക്രമങ്ങളാണ് ഇനി ബാക്കിയുള്ളത്. നാളെയോ മറ്റന്നാളോ ഇയാളുടെ മൊഴിയെടുക്കാനാണ് സാധ്യത. ദീപാവലി അവധിയായതിനാൽ ശ്യാംജിത്തിനെ കൂടുതൽ തെളിവെടുപ്പിനായി കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് നാളെയേ അപേക്ഷ നൽകൂ. ഇന്നലെ വൈകിട്ട് തളിപ്പറമ്പ് മുനിസിപ്പൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശ്യാംജിതിനെ 28 ദിവസത്തേക്കാണ് റിമാൻ്റ് ചെയ്തത്.
സീരിയൽ കില്ലറുടെ കഥ പറയുന്ന സിനിമ കൊലയ്ക്ക് പ്രചോദനമായെന്ന് പ്രതി പറഞ്ഞിരുന്നു. ഗൂഗിളിൽ സെർച്ച് ചെയ്ത് പ്രതി കൊലപാതകത്തിനായി ആസൂത്രണം ചെയ്തു. വിഷ്ണുപ്രിയയുടെ സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്യാംജിത്ത് പദ്ധതിയിട്ടിരുന്നതായും പൊലീസ് കണ്ടെത്തി. ഈ സുഹൃത്തുമായാണ് ശ്യാംജിത്ത് എത്തുന്ന സമയത്ത് വിഷ്ണുപ്രിയ വിഡിയോ കോളിൽ സംസാരിച്ചുകൊണ്ടിരുന്നത്. ഇവർ പ്രണയത്തിലാണെന്നായിരുന്നു ശ്യാംജിത്തിൻ്റെ സംശയം.
ശനിയാഴ്ചയാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) ആണ് പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha






















