വയറു വേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി ശുചിമുറിയിൽ പ്രസവിച്ചു; അന്വേഷണത്തിന് നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്

ഇരിട്ടിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച സംഭവത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി. വനിത ശിശുവികസന വകുപ്പ് ഡയക്ടറോട് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. വയറുവേദനയുമായി ആശുപത്രിയിലെത്തിയ പ്ലസ്ടു വിദ്യാര്‍ത്ഥിനി ശുചിമുറിയിൽ പ്രസവിക്കുകയായിരുന്നു .
ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് പ്രസവിച്ചത്. ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോൾ ആണ്‍കുഞ്ഞിന് ജന്‍മം നല്‍കുകയായിരുന്നു.
ഇന്ന് രാവിലെയാണ് വയറുവേദനയുമായി പ്ലസ് ടു വിദ്യാർഥിനിയെ ഇരിട്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. പരിശോധനകൾക്കിടെ ശുചിമുറിയിലേക്ക് പോയ പെൺകുട്ടി ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ശുചിമുറിയിൽ പ്രസവിച്ചെന്ന് കണ്ടെത്തിയത്. ഉടൻ ഡോക്ടറും ആശുപത്രി ജീവനക്കാരും ചേർന്ന് പെൺകുട്ടിയെയും കുഞ്ഞിനെയും വാർഡിലേക്ക് മാറ്റി. ഇതിന് പിന്നാലെ പെൺകുട്ടിയുടെ ആരോഗ്യനില വഷളായി. പെട്ടെന്ന് തന്നെ അമ്മയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha























