കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

കൊല്ലം അഞ്ചലില്‍ കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. വാളകം തെക്കേ അമ്പലക്കര സ്വദേശികളായ ബിനോയ്സിമി ദമ്പതികളുടെ മകള്‍ 11 വയസ്സുള്ള അഹന്നയാണ് മരിച്ചത്. കരാട്ടെ പരിശീലന കേന്ദ്രത്തില്‍ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കരാട്ടെയില്‍ ബ്ലാക്ക് ബെല്‍റ്റ് ടെസ്റ്റിന് മുന്നോടിയായുള്ള പ്രത്യേക പരിശീലനത്തില്‍ പങ്കെടുക്കാനാണ് അഹന്ന അഞ്ചലിലെ സ്ഥാപനത്തില്‍ എത്തിയത്. സാധാരണയായി വീടിന് സമീപത്തുള്ള വാളകത്തെ കേന്ദ്രത്തിലാണ് കുട്ടി പരിശീലനം നടത്തുന്നത്. എന്നാല്‍ ബ്ലാക്ക് ബെല്‍റ്റ് പരീക്ഷയായതിനാല്‍ അഞ്ചലിലെ പ്രധാന കേന്ദ്രത്തില്‍ പരിശീലനത്തിനായി എത്തുകയായിരുന്നു.
ഉച്ചയ്ക്ക് രണ്ട് മണിയോടെ പരിശീലനത്തിനിടെ കുട്ടിക്ക് കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണകാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. സ്ഥാപനത്തിലെ അധികൃതരില്‍ നിന്നും പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം മാത്രമേ മരണകാരണത്തില്‍ വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























