മാണി കുറ്റക്കാരനെന്ന് വിശ്വസിക്കുന്നില്ല; രാജിക്കാര്യത്തില്‍ ആരും നിര്‍ബന്ധിച്ചുമില്ല

കെ.എം മാണിയുടെ രാജിക്കത്ത് കിട്ടിയതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാണി തെറ്റു ചെയ്‌തെന്ന് വിശ്വസിക്കുന്നില്ല. രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനപ്രകാരമാണെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
കോടതിയുടെ പരാമര്‍ശത്തെ തുടര്‍ന്നാണ് മാണിയുടെ രാജി. കേസ് വന്നപ്പോള്‍ മുതല്‍ യു.ഡി.എഫ് എടുത്തിട്ടുള്ള നിലപാടില്‍ മാണിസാര്‍ കുറ്റക്കാരനെന്ന് വിശ്വസിച്ചിരുന്നില്ല. ആ നിലപാടാണ് ഇപ്പോഴും യു.ഡി.എഫിന്. ഹൈക്കോടതിയുടെ വിധിയില്‍ ചില പരാമര്‍ശങ്ങള്‍ വന്നതല്ലാതെ മാണിയുടെ മേല്‍ കുറ്റങ്ങള്‍ ആരോപിച്ചിട്ടില്ല. മാണിയുടെ രാജി അദ്ദേഹം സ്വന്തമായി എടുത്ത തീരുമാനമാണ്. താനോ യു.ഡി.എഫ്ഓ രാജി ആവശ്യപ്പെട്ടിട്ടില്ല. രാജി ആവശ്യപ്പെടാന്‍ ഹൈക്കമാന്‍ഡ് കെ.പി.സി.സിയോട് ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടുവെന്ന വാര്‍ത്ത തെറ്റാണ്. കേരള കോണ്‍ഗ്രസിന്റെയും കെ.എം മാണിയുടെയും തീരുമാനമറിഞ്ഞ് നടപടി സ്വീകരിക്കാന്‍ സംസ്ഥാന നേതൃത്വത്തിന് പൂര്‍ണ അധികാരമുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
എല്ലാ ഘടകകക്ഷികളുമായി ഉഭയകക്ഷി ചര്‍ച്ച നടത്തുന്നതിന് ഇടയിലാണ് മാണിയും ഉണ്ണ്യാടനും നിലപാട് വ്യക്തമാക്കിയത്. കോടതി പരാമര്‍ശത്തിന്റെ സാഹചര്യത്തില്‍ രാജി കൊടുത്തുവിടുന്നു, സ്വീകരിക്കണമെന്നാണ് കെ.എം മാണി ആവശ്യപ്പെട്ടത്.
യു.ഡി.എഫിന് എന്നും ശക്തി സ്രോതസായിട്ടാണ് കെ.എം മാണി പ്രവര്‍ത്തിച്ചിട്ടുള്ളത്. അതേ രീതിയില്‍തന്നെ തുടര്‍ന്ന് യു.ഡി.എഫിന്റെ ശക്തി സ്രോതസായി പ്രവര്‍ത്തിക്കുമെന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ട്. അദ്ദേഹം പ്രസ്താവനയിലും ഇക്കാര്യം വ്യക്തമായിട്ടുണ്ട്. മാണി നല്‍കിയ സേവനം സംസ്ഥാന സര്‍ക്കാരിന് എന്നും വലിയ മുതല്‍ക്കൂട്ടാണ്. മാണിക്ക് നിരപരാധിത്വം തെളിയിച്ച് തിരിച്ചുവരാന്‍ സാധിക്കുമെന്ന് തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട്.
ഐക്യമുന്നണി രാഷ്ട്രീയത്തില്‍ മന്ത്രിമാരുടെ സ്ഥാനത്തിന്റെ കാര്യത്തില്‍ അതാത് പാര്‍ട്ടിയുടെ തീരുമാനത്തിനാണ് പരിഗണന. മാണിയുടെ രാജിയില്‍ ഒഴിവുവന്ന സ്ഥാനത്തേയ്ക്ക് അദ്ദേഹത്തിന്റെ തീരുമാനപ്രകാരം നടപടി സ്വീകരിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























