മൂന്നാറിൽ വീട്ടിനുള്ളിൽ കയറിയ പുലി പൂച്ചയായി; വനപാലകർ എത്തി പിടികൂടി കാട്ടിൽ തുറന്ന് വിട്ടു

മൂന്നാറിൽ തെരുവുനായ ഓടിച്ച പൂച്ചപ്പുലി വീട്ടിനുള്ളിൽ കയറിയത് ഭീതി പരത്തി.വീട്ടിൽ കയറിയത് പുലിയാണെന്ന് കരുതി വീട്ടുകാരും നാട്ടുകാരും ഭയന്നു. ഇന്നലെ വൈകുന്നേരമാണ് വഴിതെറ്റിയെത്തിയ പൂച്ചപ്പുലി മൂന്നാർ എംജി കോളനിയിൽ എത്തിയത്.അപ്പോൾ അവിടെ കൂട്ടംകൂടി നിന്നിരുന്ന നായ്ക്കൾ ഒന്നടങ്കം പൂച്ചപ്പുലിയെ അക്രമിക്കാൻ ശ്രമിച്ചു. ഇതിൽ നിന്ന് രക്ഷപ്പെടുന്നതിനിടയിലാണ് പൂച്ചപ്പുലി ഓടി വീട്ടിൽ കയറിയത്.
നാട്ടുകാരറിയിച്ചതിനെ തുടർന്ന് വനപാലകർ എത്തി. ഇവരാണ് പുലിയല്ല പൂച്ചപ്പുലിയാണിതെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് ഇതിനെ പിടികൂടി കാട്ടിൽ തുറന്നുവിട്ടു. കഴിഞ്ഞ കുറച്ച് മാസങ്ങളായി മൂന്നാർ എസ്റ്റേറ്റ് മേഖലയിൽപുലിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. പുലിയുടെ ആക്രമണത്തിൽ നിരവധി പശുക്കൾ കൊല്ലപ്പെടുന്നതും പതിവായി. ഇതാണ് കോളനി നിവാസികൾ ഭയപ്പെടാൻ കാരണം.
ശനിയാഴ്ച രാവിലെ എസ്റ്റേറ്റിന് സമീപത്തെ കാട്ടിൽ മേയാൻ പോയ ആറുമുഖത്തിന്റ ഗർഭിണിയായ പശുവിനെ ഗൂഡാർവിള എസ്റ്റേറ്റിൽ വച്ച് പുലി കടിച്ചു കൊന്നിരുന്നു. രണ്ടു ദിവസമായി പശുവീട്ടിൽ എത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചലിലാണ് കാട്ടിനുള്ളിൽ പശുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് പള്ളിവാസലിന് സമീപത്ത് പുലിയെ കണ്ടതായി അഭ്യൂഹം പരന്നിരുന്നു.
പുലിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചെങ്കിലും വനപാലകർ സ്ഥിരീകരിച്ചിട്ടില്ല. മൂന്നാറിലെ തോട്ടം മേഖലയിൽ നിരന്തരമായി പുലിയുടെ ആക്രമണത്തിൽ പശുക്കൾ ചത്തൊടുങ്ങുന്നത് ക്ഷീര കർഷകരായ തൊഴിലാളികൾക്ക് തിരിച്ചടിയാവുകയാണ്. സംഭവത്തിൽ വനപാലകർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
https://www.facebook.com/Malayalivartha


























