വാപൊത്തി നേതാക്കള്‍... ആര്‍എസ്എസിനെ വാഴ്ത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ തുടര്‍ച്ചയായ പ്രസംഗം തിരിച്ചടിയാകുന്നു; ഒന്നുകില്‍ സുധാകരനെ മാറ്റണം അല്ലെങ്കില്‍ മുസ്ലീംലീഗ് കമ്മ്യൂണിസ്റ്റ് കൂടാരത്തില്‍ ചേക്കേറും; വാക്കുപിഴയുണ്ടായതില്‍ ദുഖം, വിശദീകരണവുമായി സുധാകരന്‍

കോണ്‍ഗ്രസിനെ സംബന്ധിച്ച് തിരിച്ചടിയുടെ നാളുകളാണ്. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ നാക്കുപിഴ യുഡിഎഫിനെ മൊത്തം ബാധിക്കുന്നു. മുസ്ലീംലീഗ് സുധാകരനെ തള്ളിപ്പറഞ്ഞു കഴിഞ്ഞു. ന്നുകില്‍ സുധാകരനെ മാറ്റണം അല്ലെങ്കില്‍ മുസ്ലീംലീഗ് കമ്മ്യൂണിസ്റ്റ് കൂടാരത്തില്‍ ചേക്കേറും എന്ന അവസ്ഥയിലാണ്. സുധാകരനെ മാറ്റിയാല്‍ കോണ്‍ഗ്രസിനെ സുധാകരന്‍ കുളം തോണ്ടും.
അതേസമയം ജവഹര്‍ലാല്‍ നെഹ്റുവിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി സുധാകരന്‍ രംഗത്തെത്തി. കണ്ണൂര്‍ ഡിസിസി നടത്തിയ നവോത്ഥാന സദസില്‍ ആധുനിക ഇന്ത്യയുടെ ശില്‍പ്പിയും പ്രഥമ പ്രധാനമന്ത്രിയും ആയിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ മഹത്തായ ജനാധിപത്യബോധത്തെ ഉയര്‍ത്തിക്കാട്ടാനാണ് പ്രസംഗത്തിലൂടെ ശ്രമിച്ചതെന്നാണ് സുധാകരന്റെ വാദം.
പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന തിരിച്ചറിവില്‍ കേവലം 16 അംഗങ്ങള്‍ മാത്രമുള്ള, മതിയായ അംഗസംഖ്യ പോലുമില്ലാത്ത സിപിഐ നേതാവായ എ കെ ഗോപാലന് പ്രതിപക്ഷ നേതാവിന്റെ പദവി കൊടുത്തതും അതേ പ്രസംഗത്തില്‍ തന്നെ സൂചിപ്പിച്ചിരുന്നു.
നെഹ്റുവിന്റെ ഉയര്‍ന്ന ജനാധിപത്യബോധത്തിന്റെ ചരിത്രത്താളുകളില്‍ ശേഷിക്കുന്ന തെളിവുകളായിട്ടാണ് ഞാന്‍ അതിനെ വിശേഷിപ്പിച്ചത്. ഇപ്പോഴത്തെ ഇന്ത്യന്‍ ഭരണകൂടത്തിന്റെ ഫാസിസ്റ്റു മുഖത്തിന് നേരെ ജനാധിപത്യത്തിന്റെ കണ്ണാടി വെച്ചുകൊടുക്കാന്‍ വേണ്ടിയാണ് അത്രയും പറഞ്ഞു വെച്ചത്. എതിര്‍ ശബ്ദങ്ങളെപ്പോലും പരിഗണിക്കുകയെന്നത് ജനാധിപത്യത്തിന്റെ ഉയര്‍ന്ന മൂല്യമാണെന്ന് ഓര്‍മപ്പെടുത്തുകയാണ് നെഹ്റു അനുസ്മരണ പ്രഭാഷണത്തിലൂടെ ചെയ്തതെന്നും സുധാകരന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഉജ്വലലമായ പോരാട്ടത്തിലൂടെ രാജ്യത്തെ ബ്രിട്ടീഷ് അധിനിവേശത്തില്‍ നിന്നും സ്വതന്ത്രമാക്കിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ പ്രഥമ മന്ത്രിസഭയില്‍ എല്ലാ കക്ഷികള്‍ക്കും പങ്കാളിത്തമുണ്ടാകണമെന്ന രാഷ്ട്രീയ ബോധമാണ് ഉയര്‍ത്തിപ്പിടിച്ചത്. എന്നാല്‍ 1952ലെ പ്രഥമ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രധാന എതിരാളി ശ്യാമപ്രസാദ് മുഖര്‍ജിയുടെ ഭാരതീയ ജനസംഘം തന്നെയായിരുന്നു.
തെരഞ്ഞെടുപ്പില്‍ വെറും മൂന്ന് സീറ്റില്‍ മാത്രം അതിനെ തളച്ചിടാനും നെഹ്റുവിനും കോണ്‍ഗ്രസിനും സാധിച്ചു. 1957ലും 1964ലും സംഘപരിവാറിനെ പരാജയപ്പെടുത്തി വിജയമാവര്‍ത്തിക്കാന്‍ നെഹ്റുവിനു സാധിച്ചു. ആ തെരെഞ്ഞെടുപ്പുകളിലൊന്നും അവര്‍ രണ്ടാം കക്ഷി പോലുമായിരുന്നില്ല. എന്നാല്‍ 1977ല്‍ സംഘപരിവാര്‍ പ്രതിനിധികളായ എ ബി വാജ്പേയിയെയും എല്‍ കെ അദ്വാനിയെയും മന്ത്രിമാരാക്കിയത് കമ്മ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ചേര്‍ന്നാണ് എന്ന വസ്തുത നാം മറക്കരുത്.
വര്‍ഗീയ ശക്തികളുമായി ചേര്‍ന്ന് ഒരിക്കലും തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കരുതെന്നും എത്ര തെരഞ്ഞെടുപ്പുകള്‍ പരാജയപ്പെട്ടാലും വര്‍ഗീയ ശക്തികളുമായി സന്ധി ചെയ്യരുതെന്നും ജവഹര്‍ലാല്‍ നെഹ്റു ആവര്‍ത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. അതു പൊതു നിലപാടായി സ്വീകരിച്ചു സംഘപരിവാര്‍ ശക്തികളുമായി തെരഞ്ഞെടുപ്പു സഖ്യത്തിലേര്‍പ്പെടാത്ത ഇന്ത്യയിലെ ഏക രാഷ്ട്രീയ പ്രസ്ഥാനവും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസാണ്. വലിയ ജനാധിപത്യം വിളമ്പുന്ന സിപിഎം പോലും ബിജെപിയുമായും സംഘപരിവാര്‍ ശക്തികളുമായും പലപ്പോഴായി തെരഞ്ഞെടുപ്പ് സഖ്യം ഉണ്ടാക്കിയെന്നത് പരസ്യമായ വസ്തുതയാണ്.
അതിന് ഒടുവിലത്തെ ഉദാഹരണമാണ് ബംഗാളില്‍ സഹകരണ സംഘം തെരഞ്ഞെടുപ്പിലെ ബിജെപി-സിപിഎം സഖ്യമെന്നും സുധാകരന്‍ പറഞ്ഞു. നെഹ്റുവിനെ തമസ്‌ക്കരിക്കാനും ഗാന്ധിയെ നിന്ദിക്കാനും കോണ്‍ഗ്രസ് മുക്ത ഭാരതം പ്രാവര്‍ത്തികമാക്കാനും ശ്രമിക്കുന്ന സംഘപരിവാറിനെ ജനാധിപത്യമൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്താനാണ് പ്രസംഗത്തില്‍ പഴയകാല ചരിത്രം പരാമര്‍ശിച്ചത്. എന്നാല്‍, അതിനിടയിലുണ്ടായ വാക്കുപിഴ ഞാന്‍ മനസില്‍പോലും ഉദ്ദേശിക്കാത്ത തലങ്ങളിലാണ് അതിനെ എത്തിച്ചത്. അത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും എന്നെയും സ്നേഹിക്കുന്നവര്‍ക്ക് ഇടയിലുണ്ടാക്കിയ വേദനയില്‍ എനിക്ക് അതിയായ ദുഃഖമുണ്ട്. സംഘപരിവാര്‍, ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം പ്രഖ്യാപിച്ച നെഹ്റുവിന്റെ പിന്മുറക്കാരനായ പൊതുപ്രവര്‍ത്തകനാണ് താന്‍. സംഘപരിവാര്‍, ഫാസിസ്റ്റ് ശക്തികളെ ഒന്നാമത്തെ ശത്രുവായി കണ്ടുകൊണ്ടുള്ള പൊതുപ്രവര്‍ത്തന ശൈലിയാണ് തനിക്കുള്ളത്. എല്ലാ വര്‍ഗീയതയെയും ഒരുപോലെ എതിര്‍ക്കുക എന്നതാണ് തന്റെയും പാര്‍ട്ടിയുടെയും നിലപാടെന്നും സുധാകരന്‍ വിശദീകരിച്ചു. അതേസമയം സുധാകരന്റെ വിശദീകരണം ഏറ്റില്ല.
"
https://www.facebook.com/Malayalivartha


























