ക്രൊയേഷ്യ എതിരാളി... ബ്രസീലിനെ ക്രൊയേഷ്യ തകര്‍ത്തതിന്റെ സങ്കടത്തോടെ കളി കാണാനിരുന്നവരെ ടെന്‍ഷനിലാക്കി അര്‍ജന്റീനയും; അവസാനം ആവേശം പെനല്‍റ്റി ഷൂട്ടൗട്ടോളമെത്തിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി അര്‍ജന്റീന; സെമിയില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും

ഇന്നലത്തെ ലോകകപ്പ് ഒരേ സമയം സങ്കടവും സന്തോഷവും സമ്മാനിച്ചതാണ്. ബ്രസീല്‍ പോയതോടെ സങ്കടത്തോടെയാണ് ആരാധകര്‍ അടുത്ത കളി കാണാനിരുന്നത്. എന്നാല്‍ ആവേശം പെനല്‍റ്റി ഷൂട്ടൗട്ടോളമെത്തിയ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്ത്തി ലയണല്‍ മെസ്സിയും സംഘവും ലോകകപ്പ് സെമിയില്‍. ബ്രസീലും ഷൂട്ടൗട്ടില്‍ തോറ്റതിനാല്‍ വലിയ ടെന്‍ഷനായിരുന്നു.
ആവേശകരമായി മാറിയ ഷൂട്ടൗട്ടില്‍ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് അര്‍ജന്റീനയുടെ ജയം. അര്‍ജന്റീനയ്ക്കായി ക്യാപ്റ്റന്‍ ലയണല്‍ മെസ്സി, ലിയാന്‍ഡ്രോ പരേദസ്, ഗോണ്‍സാലോ മോണ്ടിയെല്‍, ലൗട്ടാരോ മാര്‍ട്ടിനസ് എന്നിവര്‍ ഷൂട്ടൗട്ടില്‍ ലക്ഷ്യം കണ്ടു. അര്‍ജന്റീന താരം എന്‍സോ ഫെര്‍ണാണ്ടസിന്റെ കിക്ക് പുറത്തുപോയി. നെതര്‍ലന്‍ഡ്‌സിനായി ക്യാപ്റ്റന്‍ വിര്‍ജിന്‍ വാന്‍ ദെയ്ക്, സ്റ്റീവന്‍ ബെര്‍ഗ്യൂസ് എന്നിവരെടുത്ത കിക്കുകള്‍ തടഞ്ഞിട്ട ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസാണ് അര്‍ജന്റീനയുടെ ഹീറോ.
നെതര്‍ലന്‍ഡ്‌സിനായി കൂപ്‌മെയ്‌നേഴ്‌സ്, വൗട്ട് വെഗ്‌ഹോസ്റ്റ്, ലൂക് ഡി ജോങ് എന്നിവര്‍ എടുത്ത കിക്ക് മാത്രമാണ് ലക്ഷ്യത്തിലെത്തിയത്. ഡിസംബര്‍ 13ന് ഇതേ വേദിയില്‍ നടക്കുന്ന സെമിഫൈനലില്‍ അര്‍ജന്റീന ക്രൊയേഷ്യയെ നേരിടും. ആദ്യ ക്വാര്‍ട്ടറില്‍ കരുത്തരായ ബ്രസീലിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ വീഴ്ത്തിയാണ് ക്രൊയേഷ്യ സെമിയിലെത്തിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും ഇരു ടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താന് പെനല്‍റ്റി ഷൂട്ടൗട്ട് അനിവാര്യമായത്.
ഇന്‍ജറി ടൈമിന്റെ അവസാന മിനിറ്റില്‍ അര്‍ജന്റീന ബോക്‌സില്‍ ലഭിച്ച ഫ്രീകിക്കില്‍ നിന്നാണ് നെതര്‍ലന്‍ഡ്‌സ് സമനില ഗോള്‍ നേടിയത്. ഈ ഗോളോടെ നിശ്ചിത സമയത്ത് ഇരു ടീമുകളും 22 എന്ന നിലയില്‍ സമനില പാലിച്ചു. നെതര്‍ലന്‍ഡ്‌സിനായി പകരക്കാരന്‍ താരം വൗട്ട് വെഗ്ഹോസ്റ്റ് ഇരട്ടഗോള്‍ നേടി. 83, 90+11 മിനിറ്റുകളിലായിരുന്നു വെഗ്‌ഹോസ്റ്റിന്റെ ഗോളുകള്‍. അര്‍ജന്റീനയ്ക്കായി നഹുവേല്‍ മൊളീന (35ാം മിനിറ്റ്), സൂപ്പര്‍താരം ലയണല്‍ മെസ്സി (73ാം മിനിറ്റ്, പെനല്‍റ്റി) എന്നിവരാണ് ലക്ഷ്യം കണ്ടത്.
1994നുശേഷം ഇതാദ്യമായാണ് നെതര്‍ലന്‍ഡ്‌സ് ലോകകപ്പ് ക്വാര്‍ട്ടറില്‍ തോറ്റു പുറത്താകുന്നത്. 1998, 2010, 2014 ലോകകപ്പുകളില്‍ ക്വാര്‍ട്ടറില്‍ ജയിച്ച് നെതര്‍ലന്‍ഡ്‌സ് സെമിയിലെത്തിയിരുന്നു. ഇതില്‍ 2014 ലോകകപ്പ് സെമിയില്‍ അര്‍ജന്റീനയോടു തോറ്റാണ് നെതര്‍ലന്‍ഡ്‌സ് പുറത്തായത്. അതും പെനല്‍റ്റി ഷൂട്ടൗട്ടില്‍! അധികസമയവും കഴിഞ്ഞ് അര്‍ജന്റീന ജയിച്ച മത്സരത്തിനു മറ്റൊരു റെക്കാര്‍ഡ് കൂടിയുണ്ടായി.
ഏറ്റവുമധികം മഞ്ഞക്കാര്‍ഡ് പുറത്തെടുത്ത ലോകകപ്പ് മത്സരമെന്ന റെക്കോര്‍ഡാണ് പിറന്നത്. സ്‌പെയിന്‍കാരനായ മത്യോ ലഹോസാണ് മത്സരം നിയന്ത്രിച്ചത്. മെസ്സിയും അര്‍ജന്റീന കോച്ച് സ്‌കലണിയും അടക്കം 19 പേര്‍ക്കാണ് അദ്ദേഹം മഞ്ഞക്കാര്‍ഡ് കാണിച്ചത്. 2006 ജര്‍മന്‍ ലോകകപ്പില്‍ പോര്‍ച്ചുഗലും നെതര്‍ലന്‍ഡ്‌സും തമ്മില്‍ നടന്ന മത്സരത്തില്‍ പുറത്തെടുത്ത 16 മഞ്ഞക്കാര്‍ഡുകളായിരുന്നു ഇതുവരെയുള്ള റെക്കോര്‍ഡ്.
നെതര്‍ലന്‍ഡ്‌സ് പ്രതിരോധവുമായി പോരടിച്ച് പന്തുമായി സൂപ്പര്‍താരം ലയണല്‍ മെസ്സി നടത്തിയ മുന്നേറ്റമാണ് അര്‍ജന്റീനയുടെ ആദ്യ ഗോളിനു വഴിയൊരുക്കിയത്. ഒപ്പത്തിനൊപ്പം നിന്ന ഡച്ച് പ്രതിരോധ താരങ്ങളെ സമര്‍ഥമായി അകറ്റിനിര്‍ത്തി ഓടിക്കയറിയ മെസ്സിയുടെ ഉജ്വലമായ ത്രൂപാസ് ബോക്‌സിനുള്ളില്‍ മൊളീനയിലേക്ക്. ഡച്ച് പ്രതിരോധം പിളര്‍ന്നെത്തിയ മെസ്സിയുടെ പാസ് പിടിച്ചെടുത്ത് ഡാലി ബ്ലിന്‍ഡിനെ മറികടന്ന മൊളീന, ഗോള്‍കീപ്പര്‍ ആന്‍ഡ്രിസ് നോപ്പര്‍ട്ടിനെയും കാഴ്ചക്കാരനാക്കി പന്ത് വലയിലെത്തിച്ചു.
നെതര്‍ലന്‍ഡ്‌സ് ബോക്‌സിലേക്ക് അര്‍ജന്റീന നടത്തിയ മുന്നേറ്റം ഫൗളിലും പെനല്‍റ്റിയിലും കലാശിച്ചതോടെയാണ് അര്‍ജന്റീനയുടെ രണ്ടാം ഗോളിനു വഴിയൊരുങ്ങിയത്. ഇടതുവിങ്ങില്‍ പന്തുമായി മുന്നേറിയ മാര്‍ക്കോസ് അക്യൂന, നെതര്‍ലന്‍ഡ്‌സ് ബോക്‌സിനുള്ളിലേക്ക് കടക്കുമ്പോള്‍ തടയാനെത്തിയ ഡെന്‍സല്‍ ഡംഫ്രിസിന്റെ കാലില്‍ത്തട്ടി താഴെ വീണു. യാതൊരു സംശയവും കൂടാതെ റഫറി പെനല്‍റ്റി സ്‌പോട്ടിലേക്ക് വിരല്‍ചൂണ്ടി. അര്‍ജന്റീനയ്ക്കായി കിക്കെടുത്ത സൂപ്പര്‍താരം ലയണല്‍ മെസ്സി അനായാസം ലക്ഷ്യം കണ്ടു. സ്‌കോര്‍ 2-0.
83ാം മിനിറ്റില്‍ പകരക്കാരന്‍ താരം വൗട്ട് വെര്‍ഗ്‌ഹോസ്റ്റാണ് ലക്ഷ്യം കണ്ടത്. ബോക്‌സിനു പുറത്തുനിന്ന് മറ്റൊരു പകരക്കാരന്‍ താരം സ്റ്റീവന്‍ ബെര്‍ഗ്യൂസ് ഉയര്‍ത്തിവിട്ട തകര്‍പ്പന്‍ ക്രോസിലേക്ക് ഉയര്‍ന്നുചാടി തലവച്ച വെര്‍ഗ്‌ഹോസ്റ്റ്, പന്തിന് ഗോളിലേക്കു വഴികാട്ടി. സ്‌കോര്‍ 1-2.
അര്‍ജന്റീന വിജയമുറപ്പിച്ചു നില്‍ക്കെയാണ് അപ്രതീക്ഷിതമായി നെതര്‍ലന്‍ഡ്‌സ് രണ്ടാം ഗോള്‍ നേടി മത്സരത്തിലേക്കു തിരിച്ചുവരുന്നത്. രണ്ടാം പകുതി പൂര്‍ത്തിയാകുമ്പോള്‍ 10 മിനിറ്റിന്റെ സാമാന്യം നീണ്ട ഇന്‍ജറി ടൈമാണ് റഫറി അനുവദിച്ചത്. ഇതോടെ സമനില ഗോള്‍ ലക്ഷ്യമിട്ട് നെതര്‍ലന്‍ഡ്‌സ് താരങ്ങള്‍ അര്‍ജന്റീന ബോക്‌സിലേക്ക് ഇരമ്പിക്കയറി. ഇതിനിടെയാണ് അവസാന നിമിഷം അര്‍ജന്റീന ബോക്‌സിനു തൊട്ടുമുന്നില്‍ നെതര്‍ലന്‍ഡ്‌സിന് ഫ്രീകിക്ക് ലഭിക്കുന്നത്. അര്‍ജന്റീന താരങ്ങളുടെ പ്രതിഷേധത്തിനിടെ കിക്കെടുത്ത പകരക്കാരന്‍ താരം കൂപ്‌മെയ്‌നേഴ്‌സ് പന്ത് പോസ്റ്റിലേക്ക് നീട്ടിയടിക്കുന്നതിനു പകരം അര്‍ജന്റീന താരങ്ങളുടെ പ്രതിരോധ മതിലിനിടയില്‍ നിന്ന വെഗ്‌ഹോസ്റ്റിനു മറിച്ചു. പന്തു സ്വീകരിച്ച് പിന്നിലേക്ക് തിരിഞ്ഞ വെഗ്‌ഹോസ്റ്റ്, ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി ലക്ഷ്യം കണ്ടു.
നെതര്‍ലന്‍ഡ്‌സ് സമനില ഗോളിനായി സമ്മര്‍ദ്ദം ചെലുത്തുന്നതിനിടെയാണ് മാര്‍ക്കോസ് അക്യൂനയെ വീഴ്ത്തിയതിന് അര്‍ജന്റിീനയ്ക്ക് അനുകൂലമായി പെനല്‍റ്റി ലഭിക്കുന്നത്. ലയണല്‍ മെസ്സി അനായാസം ലക്ഷ്യം കണ്ടതോടെ 2-0ന് മുന്നില്‍ക്കയറിയ അര്‍ജന്റീനയ്ക്കെതിരെ അവസാന നിമിഷങ്ങളിലാണ് നെതര്‍ലന്‍ഡ്‌സ് രണ്ടു ഗോള്‍ തിരിച്ചടിച്ചത്. അങ്ങനെയാണ് ഷൂട്ടൗട്ടിലേക്ക് പോയത്. അവസാനം അര്‍ജന്റീന ലക്ഷ്യം കണ്ടു.
"
https://www.facebook.com/Malayalivartha



























