'ഇപ്പൊഴാണ് മനസിലാവുന്നത്, അയാളോട് അത്രയ്ക്കിഷ്ടമായിരുന്നെന്ന്. അത്രമേൽ നിർണായകമായൊരു മൽസരത്തിൽ പാതിയും അതിലധികവും സമയം സൈഡ് ലൈനിന് പുറത്തിരുന്ന് കളികാണേണ്ടിവരിക. തൻ്റെ അവസാന ലോകകപ്പാവുമെന്ന് ഏതാണ്ടുറപ്പിച്ച സ്റ്റേജിൽ നിന്ന് കണ്ണീരോടെ വിടവാങ്ങേണ്ടിവരിക...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ നിരാശയിലാക്കി ലോകകപ്പ് കിരീടമെന്ന സ്വപ്നം ബാക്കിയാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഖത്തറിൽ നിന്ന് മടക്കം. പൊട്ടിക്കരഞ്ഞുകൊണ്ട് ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ തന്റെ കരിയറിലെ അവസാന ലോകകപ്പ് മത്സരമവസാനിപ്പിച്ച് പടിയിറങ്ങുകയാണ്.
പോർച്ചുഗലിന് വേണ്ടി യൂറോകപ്പും യുവേഫ നേഷൻസ് കിരീടവും സമ്മാനിച്ച നായകൻ ഇതാ സ്വന്തം ടീമിൽ പകരക്കാരനാക്കപ്പെട്ട്, ലോകകിരീടമെന്ന സ്വപ്നം ബാക്കിയാക്കി മടങ്ങുന്ന കാഴ്ച ഏറെ വേദനയോടെയാണ് കണ്ടത്. ഇപ്പൊഴാണ് മനസിലാവുന്നത്, അയാളോട് അത്രയ്ക്കിഷ്ടമായിരുന്നെന്ന് കുറിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
ഇപ്പൊഴാണ് മനസിലാവുന്നത്, അയാളോട് അത്രയ്ക്കിഷ്ടമായിരുന്നെന്ന്. അത്രമേൽ നിർണായകമായൊരു മൽസരത്തിൽ പാതിയും അതിലധികവും സമയം സൈഡ് ലൈനിന് പുറത്തിരുന്ന് കളികാണേണ്ടിവരിക. തൻ്റെ അവസാന ലോകകപ്പാവുമെന്ന് ഏതാണ്ടുറപ്പിച്ച സ്റ്റേജിൽ നിന്ന് കണ്ണീരോടെ വിടവാങ്ങേണ്ടിവരിക.. അത് കണ്ട് കണ്ണൊന്ന് നനഞ്ഞപ്പൊഴാണ് മനസിലായത്, ക്രിസ്റ്റ്യാനോ റൊണാൾഡോയെ അത്രയേറെ ഇഷ്ടപ്പെട്ടിരുന്നുവെന്ന്.
മെസ്സി മഹാനായ ഫുട്ബോളറാവാം, ഇതിഹാസമാവാം. പക്ഷേ എനിക്ക് ഹീറോ റൊണാൾഡോയാണ്. ജനനം തൊട്ട് ഓരോ നിമിഷവും അയാൾക്ക് പോരാട്ടമായിരുന്നു. ദാരിദ്ര്യവും സാഹചര്യങ്ങളും അയാളെ വേണ്ടെന്ന് വയ്ക്കാൻ അമ്മയെ നിർബന്ധിതയാക്കുന്നത് മുതൽക്ക് തന്നെ... അവിടെനിന്ന് ലോകത്തെ ഏറ്റവും അറിയപ്പെടുന്ന, ഏറ്റവും സമ്പന്നനായ ഫുട്ബോളർമാരിൽ ഒരാളിലേക്ക് അയാൾ കയറിയെത്തുന്നത് ഓരോ നിമിഷവും പോരാടിയാണ്. ആ പോരാളിയെയാണ് പോർച്ചുഗൽ ഇന്ന് പാതിയിലധികം സമയം കളത്തിന് പുറത്ത് നിർത്തിയത്. തിരുത്താനാവാത്ത പിഴവ്....
അയാളുടെ ഗോളുകളുടെ സൗന്ദര്യമില്ലായ്മ, അയാളുടെ പെരുമാറ്റത്തിലെ സ്വാർഥത, മെസിക്കൊപ്പം ഒരിക്കലും അയാളെത്തില്ലെന്ന വിധിയെഴുത്ത്... അയാളുടെ കരിയർ ഉടനീളവും പോരാട്ടങ്ങൾ നിറഞ്ഞതുതന്നെയായിരുന്നു. കരഞ്ഞുമടങ്ങിയിടത്ത് തന്നെ തിരിച്ചുവരവുകൾ നടത്തിയും സൗന്ദര്യമില്ലായ്മയെന്ന് പറഞ്ഞിടത്ത് വലയിലേക്ക് ഒഴുകിയെത്തിയ ബൈസിക്കിൾ കിക്കുമെല്ലാം ആ പോരാട്ടവഴികളിലെ ഓരോ അധ്യായങ്ങൾ മാത്രം... ഒന്നിനു പിറകെ ഒന്നായി അയാളുടെ കയ്യിലേക്കെത്തിയ ബാലൻ ദ്യോറുകളും അയാളിലൂടെ പോർച്ചുഗലിന് തന്നെ ഉണ്ടായിട്ടുള്ള നേട്ടങ്ങളുമൊക്കെ അത്രപെട്ടെന്ന് എഴുതിത്തള്ളാൻ കഴിയുന്നതല്ല. അയാൾക്ക് മുൻപ് പോർച്ചുഗൽ ഉണ്ടായിരുന്നിരിക്കാം..
എന്നാൽ അയാളുടെ സമയത്ത് പോർച്ചുഗലിന് കിട്ടിയ പിന്തുണപോലെ ഇനിയൊരിക്കൽ ഉണ്ടാവുമോയെന്നത് കണ്ടറിയേണ്ടിവരും.. ആ മനുഷ്യനാണ് ആരും ആശ്വസിപ്പിക്കാനില്ലെന്നപോലെ കണ്ണ് നിറച്ച് മടങ്ങുന്നത്.. അങ്ങനെയൊരു മടക്കം ക്രിസ്റ്റ്യാനോ അർഹിച്ചിരുന്നില്ലെന്നത് തള്ളിക്കളയാനാവാത്തവിധം വാസ്തവം.. ലോക ഫുട്ബോളിലെ ഏറ്റവും വലിയൊരു നേട്ടം എഴുതിച്ചേർക്കാനില്ലെന്നത് ആ പ്രതിഭയുടെ മാറ്റ് കുറയ്ക്കില്ല.. ക്രിസ്റ്റ്യാനോ ഒരു ഇതിഹാസം തന്നെയാണ്. പകരം വയ്ക്കാനില്ലാത്ത ഒരു പോരാളി.
We will miss you Legend
https://www.facebook.com/Malayalivartha



























